ഫ്‌ളോറിഡ ( യുഎസ്എ): പ്ലാന്റേഷനിലെ പ്രീ സ്‌കൂളിൽ ഇറക്കാൻ മറന്നതിനെ തുടർന്ന് എസ്‌യുവിക്കുള്ളിൽ കുടുങ്ങിയ 23 മാസം പ്രായമുള്ള കുട്ടി മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകിട്ട് 5.39ഓടെ എ വേൾഡ് ഡിസ്‌കവറി അക്കാദമിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ കുട്ടി മരിച്ചുകിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പരിശോധനയിൽ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു.
കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ പിതാവ് സ്‌കൂളിലെത്തിയപ്പോഴാണ് കുട്ടിയെ രാവിലെ സ്‌കൂളിൽ ഇറക്കിയിരുന്നില്ലെന്നും എസ്‌യുവിയുടെ പിൻസീറ്റിൽ തന്നെ കിടക്കുകയാണെന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും സ്‌കൂളുടമ ലെസ്ലി നോവോവ പറഞ്ഞു . തുടർന്ന് സ്‌കൂൾ അധികൃതരും കുട്ടിയുടെ പിതാവും ചേർന്ന് 911ൽ വിവരം അറിയിക്കുകയായിരുന്നു.
കുടുംബം വർഷങ്ങളായി ഈ പ്രീ സ്‌കൂളുമായി ബന്ധപ്പെട്ടിരുന്നവരാണെന്നും മരിച്ച കുട്ടി ഈ കുടുംബത്തിലെ മൂന്നാമത്തെ വിദ്യാർഥിയാണെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. കുടുംബം ഏറെ സ്‌നേഹപൂർവമുള്ളവരാണെന്നും അത്യന്തം ദുഃഖകരമായ സംഭവമാണിതെന്നും അവർ പറഞ്ഞു.
സംഭവസ്ഥലത്ത് മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയ പൊലീസ് വാഹനത്തിന് ചുറ്റും പ്രത്യേക ടെന്റും സ്ഥാപിച്ചു. മരണത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പിൻസീറ്റ് നിർബന്ധമായും പരിശോധിക്കണമെന്ന് മാതാപിതാക്കളോട് സ്‌കൂൾ അധികൃതർ അഭ്യർഥിച്ചു. അതേസമയം, സംഭവത്തിൽ ആരുടെയെങ്കിലും പേരിൽ കേസെടുക്കുമോയെന്ന കാര്യത്തിൽ പൊലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
സ്‌കൂളിൽ ഇറക്കാൻ മറന്നു; എസ്‌യുവിയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരൻ മരിച്ചു
