ട്രംപിനെ ഇറാൻ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത് നെതന്യാഹു : 'എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമം' - കമല ഹാരിസ്

ട്രംപിനെ ഇറാൻ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത് നെതന്യാഹു : 'എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമം' - കമല ഹാരിസ്


മിഷിഗൺ:  പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്ത്. ഇറാനുമായുള്ള സംഘർഷത്തിലേക്ക് ട്രംപ് കടന്നത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മർദം മൂലമാണെന്ന് ഹാരിസ് ആരോപിച്ചു. അമേരിക്കൻ ജനത ആഗ്രഹിക്കാത്ത യുദ്ധത്തിലേക്കാണ് രാജ്യത്തെ ട്രംപ് നയിച്ചതെന്നും അവർ പറഞ്ഞു.

മിഷിഗൺ ഡെമോക്രാറ്റിക് പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് ഡെട്രോയിറ്റിലെ ഹണ്ടിംഗ്ടൺ പ്ലേസിൽ നടന്ന വനിതാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഹാരിസ്. ഈ യുദ്ധത്തിന്റെ ഫലമായി ഇന്ധനവില ഉയർന്നതും സാധാരണക്കാരെ ബാധിച്ചതുമാണ് പ്രധാന പ്രത്യാഘാതങ്ങളെന്ന് അവർ ചൂണ്ടിക്കാട്ടി.

ട്രംപ് ഭരണകൂടത്തെ 'അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതിയുള്ളതും അയോഗ്യവുമായ ഭരണകൂടം' എന്നും 'അവിശ്വാസ്യനും അസുരക്ഷിതനുമായ വ്യക്തി' എന്നും ഹാരിസ് വിശേഷിപ്പിച്ചു. ഇറാൻ യുദ്ധം 'ജെഫ്രി എപ്‌സ്റ്റൈൻ ഫയലുകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഉള്ള ദുർബലമായ ശ്രമം' ആണെന്നും അവർ ആരോപിച്ചു.

അമേരിക്കയുടെ സഖ്യരാജ്യങ്ങളുമായുള്ള ബന്ധം ട്രംപ് തകർത്തുവെന്നും, അതിന്റെ ഫലമായി ചൈന പോലുള്ള രാജ്യങ്ങൾ ആ ഒഴിവ് നിറയ്ക്കാൻ ശ്രമിക്കുമെന്നും ഹാരിസ് മുന്നറിയിപ്പ് നൽകി. രാജ്യത്തെ ആഭ്യന്തര സംഘർഷങ്ങൾ വർധിപ്പിക്കുന്ന രീതിയിലാണ് ട്രംപ് പ്രവർത്തിക്കുന്നതെന്നും അവർ വിമർശിച്ചു.

ഇതിനിടെ, 2028ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാമെന്ന സൂചനയും ഹാരിസ് നൽകി. ന്യൂയോർക്കിൽ നടന്ന മറ്റൊരു പരിപാടിയിൽ പങ്കെടുക്കവെ പ്രസിഡന്റ് മത്സരത്തിനായി 'ആലോചിച്ചുകൊണ്ടിരിക്കുകയാണ്' എന്നായിരുന്നു അവരുടെ പ്രതികരണം.