ഹൂസ്റ്റൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ, ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ 3 മലയാളികൾക്ക് തകർപ്പൻ വിജയം. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായി മത്സരിച്ച സുരേന്ദ്രൻ കെ പട്ടേൽ, ജൂലി എ മാത്യു, കക്ഷിരഹിത സ്ഥാനത്തേക്ക് മത്സരിച്ച മാർട്ടിൻ ജോൺ എന്നിവരാണ് ശ്രദ്ധേയമായ വിജയം കൈവരിച്ചത്.
ടെക്സസിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേന്ദ്രൻ കെ. പട്ടേൽ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആശാ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് ജഡ്ജി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 60.23% (1,10,078 വോട്ടുകൾ) സ്വന്തമാക്കിയ അദ്ദേഹം 37,396 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്
ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3 ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി ജൂലി എ മാത്യു മിന്നുന്ന വിജയം കൈവരിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെസ്സിക്ക ജാരാമില്ലോയെയാണ് അവർ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 60.66 ശതമാനം (1,10,891 വോട്ടുകൾ) നേടിയാണ് ജൂലി തന്റെ പദവി നിലനിർത്തിയത്. 71,925 വോട്ടുകൾക്കാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെസ്സിക്ക ജാരാമില്ലോയെ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 1,82,816 വോട്ടുകളിൽ 1,10,891 വോട്ടുകൽ ജൂലിക്ക് ലഭിച്ചു.
ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് കക്ഷിരഹിത സ്ഥാനാർഥിയായി മത്സരിച്ച മാർട്ടിൻ ജോൺ 19,845 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എതിരാളിയായ ഷൈസാദ് 'സാം' ചത്രിവാലയെക്കാൾ 57.14% വോട്ട് നേടിയാണ് വിജയിച്ചത്. പാലാ സെന്റ് തോമസ് കോളേജ് മുൻ യൂണിയൻ ചെയർമാനാണ് മാർട്ടിൻ ജോൺ. അമേരിക്കൻ നീതിന്യായ രംഗത്തും പ്രാദേശിക ഭരണരംഗത്തും മലയാളി സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുന്ന വലിയ നേട്ടമായാണ് ഈ വിജയങ്ങൾ വിലയിരുത്തപ്പെടുന്നത്.
