ഫോസ്റ്റര്‍സിറ്റിയെ കുഴക്കി വാത്തകളുടെ വിസര്‍ജ്ജനം: പരിഹാര നടപടിക്കായി നികുതി ദായകര്‍ നല്‍കേണ്ടത് 4 ലക്ഷം ഡോളര്‍

ഫോസ്റ്റര്‍സിറ്റിയെ കുഴക്കി വാത്തകളുടെ വിസര്‍ജ്ജനം: പരിഹാര നടപടിക്കായി നികുതി ദായകര്‍ നല്‍കേണ്ടത് 4 ലക്ഷം ഡോളര്‍


സാന്‍ ഫ്രാന്‍സിസ്‌കോ: സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ഫോസ്റ്റര്‍ സിറ്റിയിലെ ജനങ്ങളും അധികൃതരും വളരെ വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്.  മറ്റു നഗരങ്ഹളിലേതുപോലെ ഗതാഗതക്കുരുക്കോ ഭവന വിലയോ അല്ല അത്;  നഗരമെങ്ങും ചിതറിക്കിടക്കുന്ന വാത്തകളുടെ (ഒരിനം താറാവ്) വിസര്‍ജ്യമാണ് ജനങ്ങളുടെ സ്വസ്ഥത കെടുത്തുന്നത്. ഈ പ്രശ്‌നത്തില്‍ നിന്ന് മുക്തി നേടാന്‍ നികുതിദായകര്‍ ഏകദേശം 400,000 ഡോളര്‍ ചെലവഴിക്കേണ്ട സാഹചര്യമാണ്.

കാലിഫോര്‍ണിയയിലെ ഫോസ്റ്റര്‍ സിറ്റിയില്‍ നൂറുകണക്കിന് കനേഡിയന്‍ വാത്തകള്‍ കൂടുകള്‍ കൂട്ടുകയും, അവയുടെ ദുര്‍ഗന്ധം വമിപ്പിക്കുന്ന വിസര്‍ജ്ജ്യങ്ങള്‍ കൊണ്ട് തടാകങ്ങളില്‍ ബാക്ടീരിയയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതും ചിലപ്പോള്‍ പ്രാദേശിക പാര്‍ക്കുകളില്‍ കാഷ്ഠിച്ച് കുട്ടികള്‍ക്ക് പ്രവേശിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാക്കുകയും ചെയ്തുവെന്നാണ് നഗരാധികൃതര്‍ പറയുന്നത്.

പക്ഷികളെ നഗരത്തില്‍ നിന്ന് തുരത്താനുള്ള പദ്ധതിക്കായി ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് നഗര നേതാക്കള്‍ പറയുന്നു.

'വാത്തകള്‍ക്കും മനുഷ്യര്‍ക്കും സംഘര്‍ഷമില്ലാതെ ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ഇത് കൈകാര്യം ചെയ്യാന്‍ ഒരു മാര്‍ഗം കണ്ടെത്താന്‍ കഴിയുമെങ്കില്‍, അത് വലിയ വിജയമായിരിക്കുമെന്ന് പാര്‍ക്ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ ഡയറക്ടര്‍ ഡെറക് ഷ്വീഗാര്‍ട്ട് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

'നഗരത്തിലെ ജനസംഖ്യ വളരെ വലുതായതിനാല്‍ വാത്തകളുണ്ടാക്കുന്ന മാലിന്യപ്രശ്‌നം മൂലമുള്ള പ്രതിസന്ധി അതിരുകടന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. സെപ്റ്റംബറില്‍ പദ്ധതി ആരംഭിക്കുമെന്ന് ഷ്വീഗാര്‍ട്ട് പറഞ്ഞു. ഫാല്‍ക്കണുകളുടെ രൂപത്തില്‍ തയ്യാറാക്കിയ ഡ്രോണുകള്‍, ബോര്‍ഡര്‍ കോളികള്‍ വാത്തകള്‍ക്ക് ഭയമുണ്ടാക്കുന്ന തരത്തിലുള്ള റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ജല ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് അവയെ തുരത്താനാണ് നീക്കം. 

ഏകദേശം 33,000 ജനസംഖ്യയുള്ള ഫോസ്റ്റര്‍ സിറ്റി വര്‍ഷങ്ങളായി വാത്തകളുണ്ടാക്കുന്ന പ്രശ്‌നങ്ങളുമായി പൊരുതുന്നു. ചില സമയങ്ങളില്‍, 400 ഓളം പക്ഷികള്‍ നഗരത്തിലെ ഏഴ് പ്രധാന പാര്‍ക്കുകളില്‍ ഒത്തുകൂടുന്നതിനാല്‍ നഗര ജീവനക്കാര്‍ക്ക് വൃത്തിയാക്കലിനും പവര്‍ വാഷിംഗിനുമായി പ്രതിവര്‍ഷം പതിനായിരക്കണക്കിന് ഡോളറുകള്‍ ചെലവഴിക്കേണ്ടിവരികയാണെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

മുട്ടകള്‍ വിരിയാതിരിക്കാന്‍ എണ്ണ പൂശുക, പ്രദേശങ്ങള്‍ വേലി കെട്ടി തിരിക്കുക, 100ലധികം വാത്തകളെ കൊല്ലാനുള്ള 2021 ലെ വിവാദ പദ്ധതി എന്നിവ ഉള്‍പ്പെടെ പ്രശ്‌നം പരിഹരിക്കാന്‍ മുമ്പ് നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്, പക്ഷേ പൊതുജനങ്ങളുടെ എതിര്‍പ്പുകള്‍ എല്ലാ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ നഗരാധികൃതരെ നിര്‍ബന്ധിതരാക്കി.

വാത്തകളെ ഒറ്റയടിക്ക് ഉന്മൂലനം ചെയ്യുക എന്നതല്ല അവയുടെ എണ്ണം സാവധാനം കുറച്ചുകൊണ്ടുവരിക എന്നതാണ് ലക്ഷ്യം. 
വാത്തകള്‍ക്ക് പരിസ്ഥിതിയുമായി ചേര്‍ന്ന് ജീവിക്കാന്‍ പ്രത്യേക സങ്കേതങ്ങള്‍ ഒരുക്കുക എന്നത് പദ്ധതിയിലെ പ്രധാന ഇനമാണ്.