വാഷിംഗ്ടണ്‍: എന്‍വിഡിയ സി ഇ ഒ ജെന്‍സന്‍ ഹുവാങ്ങുമായി പ്രണയബന്ധത്തിലായിരുന്ന ചൈനീസ് സാങ്കേതികവിദ്യാ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥയായ ആലീസ് ഹുവാങ്ങിനെ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സി ചാരപ്രവര്‍ത്തനത്തിന് നിയോഗിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ അധികൃതര്‍. കോണ്‍ഗ്രസ് ജീവനക്കാര്‍ക്ക് നല്‍കിയ അതീവ രഹസ്യസ്വഭാവമുള്ള വിശദീകരണത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ആലീസ് ഹുവാങ്ങും ജെന്‍സന്‍ ഹുവാങ്ങും തമ്മിലുള്ള ബന്ധം വ്യക്തിപരമായ പ്രണയബന്ധമായിരിക്കാനാണ് സാധ്യതയെന്നും നൂതന സെമികണ്ടക്ടര്‍ ചിപ്പ് സാങ്കേതികവിദ്യയിലെ ആധിപത്യത്തിനായി അമേരിക്കയുമായി മത്സരിക്കുന്ന ചൈനയുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത വിവരങ്ങള്‍ അറിയാവുന്നവര്‍ പറഞ്ഞു. എന്നാല്‍ പുതിയ വിവരങ്ങള്‍ ലഭിക്കുന്നതോടെ നിലവിലെ വിലയിരുത്തലുകളില്‍ മാറ്റമുണ്ടാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിശദമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനു പകരം വിഷയത്തിന്റെ പൊതുവായ അവലോകനമായിരുന്നു കോണ്‍ഗ്രസ് ജീവനക്കാര്‍ക്ക് നല്‍കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ജെന്‍സന്‍ ഹുവാങ് വീണ്ടും എന്‍വിഡിയ സി ഇ ഒ സ്ഥാനത്തേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ഈ വിശദീകരണം.
ഹുവാങ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് പ്രസിഡന്റ് ട്രംപ് എന്‍വിഡിയയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അദ്ദേഹത്തെ പുറത്താക്കാന്‍ ഒരുങ്ങുന്നതായും മറ്റ് ചില സ്ത്രീകളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു. എന്‍വിഡിയയിലെ ഒരു വനിതാ എക്‌സിക്യൂട്ടീവുമായുള്ള ബന്ധവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
ആലീസ് ഹുവാങ് ചാരപ്രവര്‍ത്തകയാണെന്നോ ചൈനയിലേക്ക് ചിപ്പുകള്‍ അനധികൃതമായി കടത്താനുള്ള നീക്കങ്ങളെക്കുറിച്ച് എന്‍വിഡിയയ്ക്ക് അറിവുണ്ടായിരുന്നെന്നോ തെളിയിക്കാന്‍ മതിയായ വിവരങ്ങളില്ലെന്നാണ് ജെന്‍സന്‍ ഹുവാങ്ങിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ, അമേരിക്കയിലെ പ്രമുഖ വ്യവസായികളിലൊരാള്‍ ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ദേശീയ സുരക്ഷാ ആശങ്കകള്‍ക്ക് ഇടയാക്കുന്നതാണെന്ന് നിലവിലെയും മുന്‍കാലത്തെയും ചില അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ചൈനയുടെ പ്രധാന ചാരസംഘടനയായ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം (എം എസ് എസ്) ആലീസ് ഹുവാങ്ങിനെ വിവരങ്ങള്‍ നല്‍കുന്നതിനായി സമീപിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. ചൈനീസ് നിയമപ്രകാരം ഇത്തരം സഹകരണം നിര്‍ബന്ധിതമാക്കാന്‍ വ്യവസ്ഥകളുണ്ടെന്നും വിശദീകരണത്തില്‍ പറഞ്ഞു. ജെന്‍സന്‍ ഹുവാങ്ങുമായുള്ള ബന്ധം നിലനിന്നിരുന്ന കാലത്തും ആലീസ് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. എന്നാല്‍ പ്രാധാന്യമുള്ള രഹസ്യവിവരങ്ങളൊന്നും അവര്‍ എം എസ് എസിന് കൈമാറിയതായി സൂചനയില്ലെന്നാണ് ചര്‍ച്ചയെക്കുറിച്ച് അറിവുള്ളവര്‍ വ്യക്തമാക്കിയത്.
ആലീസ് ഹുവാങ്ങിന്റെ ഭര്‍ത്താവെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാങ് വെയെക്കുറിച്ചും യോഗത്തില്‍ പരാമര്‍ശമുണ്ടായി. ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന കാങ് വെയ് ആ വിഭാഗവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കാങ് വെയും ആലീസ് ഹുവാങ്ങും ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് ഇരുവരെയും അടുത്തറിയുന്നവര്‍ വാള്‍ സ്ട്രീറ്റ് ജേണലിനോട് വ്യക്തമാക്കിയിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയുമായ മാര്‍ക്കോ റൂബിയോ ഈ വര്‍ഷം വസന്തകാലത്ത് ആലീസ് ഹുവാങ്ങും ജെന്‍സന്‍ ഹുവാങ്ങും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള രഹസ്യ മെമ്മോ തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിച്ചിരുന്നു. എന്‍വിഡിയ സി ഇ ഒയുമായുള്ള അടുത്ത ഔദ്യോഗിക ബന്ധം തുടരുന്നതിനിടയിലും ട്രംപിന് ഈ വിഷയത്തിലെ ആശങ്കകളെക്കുറിച്ച് കുറഞ്ഞത് രണ്ടുതവണയെങ്കിലും വിശദീകരണം നല്‍കിയിരുന്നു. അമേരിക്കന്‍ ഭരണകൂടത്തിന്റെ നിര്‍മിതബുദ്ധി (എഐ) നയരൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് ജെന്‍സന്‍ ഹുവാങ്.
സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി ഐ എ), ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ), ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ്, നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) എന്നിവയിലെ ഉദ്യോഗസ്ഥരാണ് കോണ്‍ഗ്രസിലെ ഹൗസ്, സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റികളിലെയും സഭാ നേതൃത്വത്തിലെയും ജീവനക്കാര്‍ക്കായി നടത്തിയ യോഗത്തില്‍ പങ്കെടുത്തത്.
ജെന്‍സന്‍ ഹുവാങ്ങും ആലീസ് ഹുവാങ്ങും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആഴ്ചകളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ നിര്‍ണായക വിശദീകരണം പുറത്തുവന്നത്.
ചൈനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കില്‍, അതിന്റെ സാഹചര്യം എന്തുതന്നെയായാലും ആലീസ് ഹുവാങിനെ ചാരപ്രവര്‍ത്തകയായി കണക്കാക്കണമെന്നാണ് ചില അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ ചൈനീസ് വ്യവസായ പ്രമുഖര്‍ക്ക് രാജ്യത്തിന്റെ ദേശീയ സുരക്ഷാ സംവിധാനവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരുന്ന സാഹചര്യം പരിഗണിക്കുമ്പോള്‍, ആലീസിന് ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായുള്ള ബന്ധം പരോക്ഷമായ സ്വഭാവത്തിലുള്ളതായിരിക്കാമെന്നാണ് മറ്റുചിലരുടെ വിലയിരുത്തല്‍.
അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ലംഘിച്ച് എന്‍വിഡിയ ചിപ്പുകള്‍ ചൈനയിലേക്ക് അനധികൃതമായി കടത്തിയെന്ന ആരോപണത്തില്‍ ജെന്‍സന്‍ ഹുവാങ്ങുമായുള്ള ബന്ധത്തിന് എന്തെങ്കിലും സ്വാധീനമുണ്ടായിരുന്നോ എന്നതിനെക്കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടരുകയാണ്. എന്‍വിഡിയയുടെ ഡയറക്ടര്‍ ബോര്‍ഡും സ്വന്തം നിലയില്‍ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം തുടരണമെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയ് ക്ലെയ്റ്റണ്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍വിഡിയയുടെ പങ്കാളി സ്ഥാപനമായ മെഗാസ്പീഡ് ഇന്റര്‍നാഷണലിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്നു ആലീസ് ഹുവാങ്. അമേരിക്കന്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ മറികടന്ന് എന്‍വിഡിയ ചിപ്പുകള്‍ ചൈനയിലേക്ക് കടത്തിയെന്ന ആരോപണമാണ് ഈ സ്ഥാപനത്തിനെതിരെയുള്ളത്. ജെന്‍സന്‍ ഹുവാങ്ങുമായുള്ള ആലീസിന്റെ ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
മെഗാസ്പീഡും സൂപ്പര്‍ മൈക്രോ എന്ന മറ്റൊരു കമ്പനിയും ഉള്‍പ്പെട്ട ചിപ്പ് വഴിതിരിച്ചുവിടല്‍ കേസുകളില്‍ അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ട് അന്വേഷണങ്ങളിലും ആലീസ് ഹുവാങ് ഉള്‍പ്പെട്ടിട്ടുണ്ട്.
അടുത്തയാഴ്ച ജെന്‍സന്‍ ഹുവാങ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഹാജരാകാനിരിക്കെയാണ് ഈ രഹസ്യയോഗം നടന്നത്. ചൊവ്വാഴ്ച ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ഉള്‍പ്പെടെ മൂന്ന് ഹൗസ് കമ്മിറ്റികള്‍ക്ക് മുന്നില്‍ അദ്ദേഹം സ്വകാര്യമായി മൊഴി നല്‍കും. തുടര്‍ന്ന് ഡിസംബര്‍ മൂന്നിന് സെനറ്റ് ബാങ്കിങ് കമ്മിറ്റിയുടെ പരസ്യ വിചാരണയിലും പങ്കെടുക്കും. എന്‍വിഡിയയുടെ ജനറല്‍ കൗണ്‍സലും ഹൗസ് അംഗങ്ങള്‍ക്ക് വിഷയത്തില്‍ വിശദീകരണം നല്‍കും.
