കാലിഫോര്‍ണിയ: അമേരിക്കയിലെ വിദ്യാഭ്യമേഖലയെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മികവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ആറാം സ്ഥാനത്തുള്ള സര്‍വകലാശാലയെന്ന് അവകാശപ്പെടുന്ന യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഉന്നത കോഴ്‌സുകകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ഗണിതം പോലും അറിയില്ലെന്നാണ് ഏറ്റവും പുതിയ വിശകലനം വെളിപ്പെടുത്തുന്നത്.
യുണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, സാന്‍ഡിയേഗോയില്‍ (UCSD) പുറത്തുവിട്ട ഏറ്റവും പുതിയ വിശകലനം, അമേരിക്കന്‍ വിദ്യാഭ്യാസരംഗത്തെ അടിമുടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മുന്നോട്ടുവെക്കുന്നത്.
പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികളില്‍ പത്തിലൊരാള്‍ക്ക് പോലും അടിസ്ഥാന ഹൈസ്‌കൂള്‍ ഗണിതശേഷികളില്ലെന്നതാണ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍. അതിലും ദാരുണമായി, 2023ല്‍ റെമെഡിയല്‍ ക്ലാസുകളിലേക്ക് അയക്കപ്പെട്ട ചില വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചാം ക്ലാസ് നിലവാരമേയുള്ളുവെന്നാണ് കണ്ടെത്തല്‍. 374,518 എന്ന സംഖ്യയെ അടുത്ത നൂറിലേക്ക് റൗണ്ട് ചെയ്യാന്‍ 39 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കേ കഴിഞ്ഞുള്ളൂ-മൂന്നാം ക്ലാസ് തലത്തിലുള്ള പഠനവിഷയമായിട്ടുംപോലും ഇതാണ് അവസ്ഥ.
ഈ ഗുരുതരാവസ്ഥ നേരിടാന്‍ UCSD പ്രാഥമിക-ഉയര്‍ന്നതരം സ്‌കൂള്‍ ഗണിതം ഉള്‍ക്കൊള്ളുന്ന പരിഹാര( remedial ) കോഴ്‌സ് ആരംഭിച്ചതാണ്. അത്ഭുതപ്പെടുത്തുന്നതാണെങ്കിലും, ഈ പരിഹാര കോഴ്‌സില്‍ എത്തിയവരില്‍ 94 ശതമാനവും ഹൈസ്‌കൂളില്‍ കാല്‍ക്കുലസ്, പ്രി-കാല്‍ക്കുലസ് മുതലായ അഡ്വാന്‍സ്ഡ് ഗണിതപഠനങ്ങള്‍ A- ഗ്രേഡുമായി പൂര്‍ത്തിയാക്കിയവരാണ് എന്നതാണ് ഏറെ കൗതുകകരം. വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ കഴിവുകളെയും സ്‌കൂളുകളില്‍ നടക്കുന്ന പെരുപ്പിച്ചുകാണിക്കുന്ന ഗ്രേഡിംഗ് രീതികളെയും റിപ്പോര്‍ട്ട് ശക്തമായി ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ത്ഥികളുടെ നിലവാരം താഴ്ന്നതിന്റെ ഉത്തരവാദിത്വം ആരുടേതാണെന്ന ചോദ്യത്തിന് UCSD റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്, സര്‍വകലാശാലയുടെ പ്രവേശനരീതി, അമേരിക്കന്‍ പൊതു സ്‌കൂള്‍രംഗം, US News & World Report റാങ്കിംഗ് സംവിധാനം എന്നിങ്ങനെ മൂന്നു മേഖലകളെയാണ്. ഇതില്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി പ്രവേശനത്തിന്റെ നിലവാര പരീക്ഷകള്‍ (standardized tesst ) ഒഴിവാക്കിയ 2020ലെ തീരുമാനം പ്രധാന വിവാദമായി റിപ്പോര്‍ട്ട് അടയാളപ്പെടുത്തുന്നു. വരുന്ന വിദ്യാര്‍ത്ഥികളുടെ GPA–കള്‍ ഊതിവീര്‍പ്പിച്ചതാണെന്നും, തട്ടിപ്പുകള്‍ കൂടുതല്‍ സുഗമമായതുമാണ് യഥാര്‍ത്ഥ കഴിവുകള്‍ വിലയിരുത്താന്‍ സാധിക്കാത്തതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രവേശന പരീക്ഷകള്‍ വരെ എളുപ്പമാക്കിയതോടെ സ്‌കൂളുകളുടെ 'കൃത്രിമ നേട്ടങ്ങള്‍' വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
പൊതു സ്‌കൂള്‍രംഗത്തും സമാനമായ തകര്‍ച്ചയാണ് -NAEP national assessment പ്രകാരം കഴിഞ്ഞ വര്‍ഷം 12ാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 22 ശതമാനം പേര്‍ മാത്രമാണ് ഗണിതത്തില്‍ വൈദഗദ്ധ്യം പ്രകടിപ്പിച്ചത്. യോഗ്യത കുറഞ്ഞ അധ്യാപകരുടെ നിയമനം, യൂണിയന്‍ കരാറുകള്‍, ഗ്രേഡ് തട്ടിപ്പ്, ചിലപ്പോള്‍ അധ്യാപകരുടെ ഗണിതപരിചയം തന്നെയുളള കുറവ് , ഇങ്ങനെ പലതും ഇതിന് കാരണമെന്നും വിശകലനം നിരീക്ഷിക്കുന്നു.
യുഎസ് ന്യൂസ് റാങ്കിംഗുകള്‍ക്കുനേരെയും റിപ്പോര്‍ട്ട് കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്; വിദ്യാര്‍ത്ഥികളുടെ നിലവാരമോ തൊഴില്‍ഫലമോ നോക്കാതെ graduation rates മുതലായ മാനദണ്ഡങ്ങള്‍ ആശ്രയിക്കുന്നതിലൂടെ സ്ഥാപനങ്ങള്‍ക്കുള്ള തട്ടിപ്പു പ്രേരണകള്‍' മാത്രമേ ഈ റാങ്കിങുകള്‍ സൃഷ്ടിക്കുന്നുള്ളൂ എന്നതാണ് വിലയിരുത്തല്‍.
സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റുകള്‍ വീണ്ടും പ്രവേശന മാനദണ്ഡമാക്കണമെന്ന ശുപാര്‍ശ UCSD മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും SAT പരീക്ഷ തന്നെ ലളിതമാക്കപ്പെട്ടതോടെ യഥാര്‍ത്ഥ നിലവാരമാറ്റം സാധ്യമാവില്ലെന്നതിലാണ് വിദഗ്ധരുടെ ആശങ്ക.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിലൂടെ രാജ്യത്തിന്റെ യുവജന മൂലധനം തന്നെ തകര്‍ന്നു വീഴുകയാണെന്നും, ഇത് 'വിദ്യാഭ്യാസരംഗത്തെ ഒരു പൊതുതകര്‍ച്ച' ആണെന്നും കടുത്ത മുന്നറിയിപ്പോടെയാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക ഗണിതം പോലും അറിയില്ല; യുഎസ് വിദ്യാഭ്യാസ മേഖലയെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
