വാഷിംഗ്ടണ്‍ : തമിഴ്‌നാട്ടിലെ തേനി സ്വദേശിനിയായ റിനി സമ്പത്ത് വാഷിംഗ്ടണ്‍ ഡി.സി മേയര്‍ തെരഞ്ഞെടുപ്പിന്റെ പ്രൈമറിയില്‍ മത്സരിക്കാനൊരുങ്ങുന്നു. ദക്ഷിണേഷ്യന്‍ വംശജനായ ഒരാള്‍ ആദ്യമായി ഈ പദവിക്കായുള്ള ബാലറ്റില്‍ ഇടം നേടുന്നുവെന്ന പ്രത്യേകതയും റിനിക്ക് സ്വന്തമാണ്.
31കാരിയായ റിനി സമ്പത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് രംഗത്ത്. 'Fix the Basics', 'A New DC' എന്നതാണ് മുദ്രാവാക്യം. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ചെലവ് കുറയ്ക്കുക, അടിയന്തര സേവനങ്ങളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുക എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
'ഞാന്‍ ഒരു പരമ്പരാഗത രാഷ്ട്രീയക്കാരിയല്ല. പ്രത്യേക താല്‍പ്പര്യ ഗ്രൂപ്പുകള്‍ക്ക് ബാധ്യതകളില്ലാത്ത ഒരാളായി, നഗരത്തിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഴുവന്‍ ശ്രദ്ധയും ചെലുത്തും,' എന്നാണ് റിനി സമ്പത്ത് വ്യക്തമാക്കുന്നത്.
ഏഴാം വയസില്‍ അമേരിക്കയിലേക്ക് കുടിയേറിയ റിനി കഴിഞ്ഞ ഒരു ദശകത്തിലേറെയായി വാഷിംഗ്ടണ്‍ ഡി.സിയില്‍ താമസിക്കുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ തന്നെ ജനപിന്തുണയോടെ ബാലറ്റില്‍ ഇടം നേടിയതിനെ അവര്‍ 'ജനശക്തിയുടെ വിജയം' എന്നാണ് വിശേഷിപ്പിച്ചത്.
ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ശക്തമായ ആധിപത്യമുള്ള വാഷിംഗ്ടണ്‍ ഡി.സിയില്‍ 1975 മുതല്‍ റിപ്പബ്ലിക്കന്‍ മേയര്‍ ഉണ്ടായിട്ടില്ല. 13 അംഗ കൗണ്‍സിലിനൊപ്പം ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന മേയറാണ് നഗരഭരണം നയിക്കുന്നത്.
ജൂണ്‍ 16നാണ് പ്രൈമറി തെരഞ്ഞെടുപ്പ്. നവംബര്‍ 3ന് പൊതുതെരഞ്ഞെടുപ്പ് നടക്കും. ജാനീസ് ലൂയിസ് ജോര്‍ജ്, കെനിയന്‍ മക്ഡഫി, ഗാരി ഗുഡ്‌വെതര്‍, റോബര്‍ട്ട് എല്‍ ഗ്രോസ്, റൊണ്ട ഹാമില്‍ട്ടണ്‍ എന്നിവരും മത്സരരംഗത്തുണ്ട്.
വാഷിംഗ്ടണ്‍ ഡി.സി മേയര്‍ പദവിയിലേക്കുള്ള പ്രൈമറി മത്സരത്തില്‍ തമിഴ്‌നാട്ടുകാരി റിനി സമ്പത്ത്
