വാഷിംഗ്ടണ്‍: ഷിക്കാഗോ മേഖലയില്‍ നാഷണല്‍ ഗാര്‍ഡ് സേനയെ വിന്യസിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് അമേരിക്കന്‍ സുപ്രീം കോടതി ശക്തമായ തിരിച്ചടി നല്‍കി. കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സൈനിക ശക്തി ആഭ്യന്തരമായി ഉപയോഗിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ നിയന്ത്രിക്കുന്ന സുപ്രധാന തീരുമാനമാണിത്. ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഇലിനോയ് സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും നല്‍കിയ നിയമഹര്‍ജിയിലാണ് സുപ്രീം കോടതി, കീഴ് കോടതിയുടെ ഉത്തരവ് ശരിവെച്ച്, സേനാവിന്യാസം തടഞ്ഞത്.
ഒക്ടോബറില്‍ യുഎസ് ജില്ലാ ജഡ്ജി ഏപ്രില്‍ പെറി പുറപ്പെടുവിച്ച വിലക്ക് നീക്കണമെന്ന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അടിയന്തര ആവശ്യം ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിയില്‍, കോടതി തള്ളി. കേസ് പരിഗണനയില്‍ തുടരുന്നതിനിടെ സേനയെ വിന്യസിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. എന്നാല്‍, ഇലിനോയിയില്‍ നിയമവ്യവസ്ഥ നടപ്പാക്കാന്‍ ഫെഡറല്‍ സൈനിക ഇടപെടല്‍ അനിവാര്യമാണെന്ന് തെളിയിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
6-3 എന്ന ഭൂരിപക്ഷ വിധിയിലാണ് സുപ്രീം കോടതി, കീഴ് കോടതിയുടെ നിലപാട് ശരിവെച്ചത്. കണ്‍സര്‍വേറ്റീവ് നിലപാടുകള്‍ക്ക് പേരുകേട്ട ജസ്റ്റിസുമാരായ സാമുവല്‍ അലിറ്റോ, ക്ലാരന്‍സ് തോമസ്, നീല്‍ ഗോര്‍സച്ച് എന്നിവര്‍ വിധിക്കെതിരെ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ജസ്റ്റിസ് ബ്രെറ്റ് കവനോ വിധിയെ പിന്തുണച്ചെങ്കിലും, ഭാവിയില്‍ പ്രത്യേക സാഹചര്യങ്ങളില്‍ സൈന്യം വിന്യസിക്കാന്‍ പ്രസിഡന്റിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാമായിരുന്നുവെന്ന അഭിപ്രായവും പ്രകടിപ്പിച്ചു.
ഷിക്കാഗോയ്ക്ക് സമീപമുള്ള ബ്രോഡ്‌വ്യൂവിലെ ഐസ് (ICE) കേന്ദ്രത്തിന് പുറത്ത് നടന്ന പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് സേനാവിന്യാസം ആവശ്യമായതെന്ന വാദം ട്രംപ് ഭരണകൂടം ഉന്നയിച്ചത്. കഴിഞ്ഞ ആഴ്ച 21 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും നാല് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇലിനോയിയില്‍ കലാപസാധ്യതയുണ്ടെന്നോ പ്രതിഷേധങ്ങള്‍ കുടിയേറ്റ നടപടികളെ തടസ്സപ്പെടുത്തിയെന്നോ തെളിവില്ലെന്ന് ജഡ്ജി ഏപ്രില്‍ പെറി നിരീക്ഷിച്ചു.
ഇലിനോയ് കേസിലെ വിധി, ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന മറ്റ് നഗരങ്ങളിലെയും സംസ്ഥാനങ്ങളിലെയും സൈനിക വിന്യാസത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ക്ക് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. വാഷിംഗ്ടണ്‍ ഡിസിയില്‍ 2,000ത്തിലധികം നാഷണല്‍ ഗാര്‍ഡ് സേനയെ വിന്യസിച്ചതിനെതിരെ ഡി.സി. അറ്റോര്‍ണി ജനറല്‍ നല്‍കിയ ഹര്‍ജിയില്‍ 45 സംസ്ഥാനങ്ങള്‍ ഇടപെട്ടിട്ടുണ്ട്. ഒറിഗണിലും കാലിഫോര്‍ണിയയിലും സേനാവിന്യാസം നിയമവിരുദ്ധമാണെന്ന കോടതി വിധികള്‍ നേരത്തെ വന്നിരുന്നു; അവയ്‌ക്കെതിരെ ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച ട്രംപ്, കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ചില സംസ്ഥാനങ്ങളും നഗരങ്ങളും പരാജയപ്പെട്ടുവെന്നാരോപിച്ചാണ് സൈനിക ഇടപെടലിനെ ന്യായീകരിക്കുന്നത്. എന്നാല്‍, ആഭ്യന്തര കാര്യങ്ങളില്‍ സൈനിക ശക്തി ഉപയോഗിക്കുന്നതിന്റെ പരിധികളെക്കുറിച്ചുള്ള നിയമ-ഭരണഘടനാ ചര്‍ച്ചകള്‍ക്ക് സുപ്രീം കോടതി വിധി പുതിയ ദിശ നല്‍കിയിരിക്കുകയാണ്.
ഷിക്കാഗോയില്‍ സൈന്യം വേണ്ട: ട്രംപിന്റെ നീക്കത്തിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി
