വാഷിങ്ടണ്‍: 2024-ല്‍ ഡൊണാള്‍ഡ് ട്രംപ് ഒരുക്കിയ റിപ്പബ്ലിക്കന്‍ കൂട്ടായ്മയെയും നിലവിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചിന്താഗതികളെയും കുറിച്ചുള്ള പുതിയൊരു ദേശീയ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നു. മന്‍ഹട്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ അമേരിക്കന്‍ വലതുപക്ഷം ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെ അമേരിക്കന്‍ സംസ്‌കാരവുമായി മികച്ച രീതിയില്‍ ഇണങ്ങിയതും രാജ്യത്തിന് ഗണ്യമായ സംഭാവന നല്‍കിയതുമായ വിഭാഗമായി കാണുന്നതായാണ് പറയുന്നത്.
കറുത്തവരും ഹിസ്പാനിക് റിപ്പബ്ലിക്കന്‍ പിന്തുണക്കാരും 2024-ല്‍ ട്രംപിന് വോട്ട് ചെയ്തവരുമായ മൂവായിരത്തോളം വോട്ടര്‍മാരോട് അസ്തിത്വ രാഷ്ട്രീയം, കുടിയേറ്റം, ഗൂഢാലോചന, ഉള്‍ക്കൊള്ളല്‍, വര്‍ഗീയത തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് ചോദിച്ചാണ് പഠനം നടത്തിയത്.
ഇന്ത്യന്‍ അമേരിക്കക്കാര്‍ അമേരിക്കന്‍ സംസ്‌കാരത്തെ സ്വീകരിച്ച് സമൂഹത്തിന് നല്ല സംഭാവന ചെയ്തവരാണെന്ന് 52 ശതമാനം റിപ്പബ്ലിക്കന്‍ പിന്തുണക്കാര്‍ വ്യക്തമാക്കി. എന്നാല്‍ 29 ശതമാനത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യക്കാര്‍ യു എസിലേക്ക് വന്നതില്‍ പ്രയോജനം ലഭിച്ചുവെങ്കിലും മതിയായ രീതിയില്‍ ഇണങ്ങിയിട്ടില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.
എന്നാല്‍ അറബ് വംശജരേയും മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരേയും സംബന്ധിച്ചുള്ള അവലോകനം വ്യത്യസ്തമാണ്. റിപ്പബ്ലിക്കന്‍ പിന്തുണക്കാരില്‍ 57 ശതമാനം പേര്‍ ഈ സമൂഹങ്ങള്‍ അമേരിക്കന്‍ സംസ്‌കാരവുമായി ഇണങ്ങുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കരുതുന്നത്.
ജനസംഖ്യാ വ്യത്യാസങ്ങള്‍ വലിയതല്ലെന്നും റിപ്പബ്ലിക്കന്‍ കൂട്ടായ്മയിലെ എല്ലാ വിഭാഗങ്ങളും ഇന്ത്യന്‍ അമേരിക്കക്കാരെ പൊതുവെ 'ഹിതകരമായ ശക്തി' എന്ന നിലയിലാണ് കാണുന്നത് എന്നും പഠനം പറയുന്നു.
പഠനത്തിലെ മറ്റൊരു ഭാഗം നിയമാനുസൃത കുടിയേറ്റത്തെയാണ് വിശകലനം ചെയ്തത്. ഗ്രേറ്റ് ഓള്‍ഡ് പാര്‍ട്ടിയിലെ പത്തില്‍ ഒരാള്‍ മാത്രമാണ് ഉയര്‍ന്ന കഴിവുള്ള നിയമാനുസൃത കുടിയേറ്റം കുറയ്ക്കണമെന്ന് കരുതുന്നത്. 47 ശതമാനം നിലവിലെ കുടിയേറ്റ തോത് നിലനിര്‍ത്തണം എന്ന് പറയുന്നു. 35 ശതമാനം ഇത് കൂടുതല്‍ വര്‍ധിക്കണം എന്നും കരുതുന്നു.
പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ഉയര്‍ന്ന കഴിവുള്ള കുടിയേറ്റത്തെ കൂടുതല്‍ പിന്തുണയ്ക്കുന്നു. കോളേജ് ബിരുദധാരികളുടെ 52 ശതമാനം പേര്‍ കുടിയേറ്റം വര്‍ധിക്കണം എന്ന് കരുതുമ്പോള്‍ ബിരുദമില്ലാത്തവരില്‍ 28 ശതമാനം പേര്‍ മാത്രമാണ് ഇത് പിന്തുണയ്ക്കുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പുതിയതായി ചേര്‍ന്നവരില്‍ 47 ശതമാനം പേര്‍ ഹൈസ്‌കില്‍ഡ് കുടിയേറ്റം വര്‍ധിക്കണമെന്ന് കരുതുമ്പോള്‍ പഴയ കോര്‍ റിപ്പബ്ലിക്കന്‍ വിഭാഗത്തില്‍ ഇത് ആഗ്രഹിക്കുന്നത് 31 ശതമാനം മാത്രമാണ്.
ഇതിലൂടെ, എച്ച് 1 ബി വിസയുടേയോ മറ്റ് ഹൈസ്‌കില്‍ഡ് കുടിയേറ്റക്കാരുടേയോ മത്സരഭീഷണി റിപ്പബ്ലിക്കന്‍മാരിലെ വിദ്യാഭ്യാസമുള്ള പുതിയ അംഗങ്ങളെ നിയന്ത്രണവാദത്തിലേക്ക് തള്ളുന്നില്ല എന്നാണ് പഠനം വ്യക്തമാക്കുന്നത്.
ബിരുദമില്ലാത്ത റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ തൊഴില്‍ വിപണി മത്സരവും വേതന സമ്മര്‍ദ്ദങ്ങളും സംബന്ധിച്ച സന്ദേശങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടാവാമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കന്‍മാര്‍ ഏകകണ്ഠമായി കടുത്ത നടപടിക്ക് പിന്തുണ നല്‍കുന്നുണ്ട്.
റിപ്പബ്ലിക്കന്‍ കൂട്ടായ്മയില്‍ മൂന്നു ശതമാനം പേര്‍ മാത്രമാണ് ഡിപോര്‍ട്ടേഷന്‍ പൂര്‍ണ്ണമായി എതിര്‍ക്കുന്നത്. റിപ്പബ്ലിക്കന്‍മാരിലെ ഭൂരിപക്ഷത്തിന്റേ.ും വിഷയം ഡിപോര്‍ട്ടേഷന്‍ വേണമോ എന്നല്ല എത്ര കടുത്ത രീതിയിലായിരിക്കണം എന്നതു മാത്രമാണ്.
37 ശതമാനം ഏതുവിധ രീതികളും ഉപയോഗിച്ച് പരമാവധി ഡിപോര്‍ട്ടേഷന്‍ വേണമെന്ന് പറയുമ്പോള്‍ 34 ശതമാനം പേര്‍ ഡിപോര്‍ട്ടേഷന്‍ ശക്തമായി പിന്തുണയ്ക്കുന്നുവെങ്കിലും പിഴവുകള്‍ ഒഴിവാക്കാന്‍ നിയമനടപടി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. 22 ശതമാനം ഗൗരവമായ കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും കുടുംബങ്ങളെക്കുറിച്ച് കര്‍ശന നിലപാട് വേണ്ടെന്നും പറയുന്നു.
