മോഷ്ടിക്കപ്പെട്ട നടരാജ വിഗ്രഹം ഉൾപ്പെടെ മൂന്ന് വെങ്കല വിഗ്രഹങ്ങൾ ഇന്ത്യക്ക് തിരികെ നൽകും

മോഷ്ടിക്കപ്പെട്ട നടരാജ വിഗ്രഹം ഉൾപ്പെടെ മൂന്ന് വെങ്കല വിഗ്രഹങ്ങൾ ഇന്ത്യക്ക് തിരികെ നൽകും


വാഷിംഗ്ടൺ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നു മോഷണം പോയ നടരാജ വിഗ്രഹം ഉൾപ്പെടെ മൂന്ന് അപൂർവ വെങ്കല ശില്പങ്ങൾ ഇന്ത്യക്ക് തിരികെ നൽകാൻ അമേരിക്കയിലെ സ്മിത്ത്‌സോണിയൻ നാഷനൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് തീരുമാനിച്ചു. ഇവ നിയമവിരുദ്ധമായി ഇന്ത്യയിൽ നിന്നു കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

ഏകദേശം എ.ഡി. 990 കാലഘട്ടത്തിൽ നിർമിച്ചതായി കരുതുന്ന ശിവനടരാജൻ ശില്പമാണ് പ്രധാനമായി തിരിച്ചുനൽകുന്നത്. കൂടാതെ ചോള കാലഘട്ടത്തിലെ (12ാം നൂറ്റാണ്ട്) സോമസ്‌കന്ദ വിഗ്രഹവും വിജയനഗർ കാലഘട്ടത്തിലെ (16ാം നൂറ്റാണ്ട്) സന്ത് സുന്ദരർ വിത്ത് പറവൈ ശില്പവും ഇന്ത്യയിലേക്ക് മടക്കിയയക്കും.

'നൈതിക മ്യൂസിയം പ്രവർത്തനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിൽ,' മ്യൂസിയം ഡയറക്ടർ ചേസ് എഫ്. റോബിൻസൺ പറഞ്ഞു.

അജ്ഞതയെ പ്രതിനിധീകരിക്കുന്ന അസുരന്റെമേൽ നൃത്തം ചെയ്യുന്ന ശിവനെയാണ് ശിവനടരാജ വിഗ്രഹം അവതരിപ്പിക്കുന്നത്. അഗ്‌നിവലയവും താമരപ്പീഠവും ഉൾക്കൊള്ളുന്ന ഈ രൂപം ലോകമെമ്പാടുമുള്ള ഇന്ത്യൻ കലാസ്‌നേഹികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. എന്നാൽ ഈ പ്രശസ്തി തന്നെയാണ് വിഗ്രഹം മോഷണത്തിനും അനധികൃത വ്യാപാരത്തിനും ഇരയാകാൻ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

2002ൽ ന്യൂയോർക്കിലെ ഡോറിസ് വീനർ ഗാലറിയിലൂടെ ശിവനടരാജൻ സ്മിത്ത്‌സോണിയൻ ശേഖരത്തിലേക്ക് എത്തിയിരുന്നു. എന്നാൽ 1950കളിലെ ക്ഷേത്ര ഫോട്ടോകളിൽ ഇതേ വിഗ്രഹം കണ്ടെത്തിയതോടെ അന്വേഷണം ശക്തമാക്കി. ഗാലറിയുടെ രേഖകളിലെ വിലാസം പോലും സ്ഥിരീകരിക്കാനാകാതിരുന്ന മ്യൂസിയം ഗവേഷകർ പിന്നീട് ഡോറിസ് വീനർ ദക്ഷിണേഷ്യയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ അമേരിക്കയിലേക്ക് കടത്തിയിരുന്നുവെന്ന് കണ്ടെത്തി. 2021ൽ അവരുടെ മകൾ നാൻസി വീനർ അനധികൃത കലാവ്യാപാര കുറ്റം സമ്മതിക്കുകയും ചെയ്തു.

1987ൽ ആർതർ എം. സാക്ക്‌ലർ സംഭാവന ചെയ്ത ശേഖരത്തിലൂടെയാണ് സോമസ്‌കന്ദയും സന്ത് സുന്ദരർ വിഗ്രഹവും മ്യൂസിയത്തിലെത്തിയത്. ഫ്രഞ്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പോണ്ടിച്ചേരിയുടെ ഫോട്ടോ ആർകൈവിൽ നിന്നു ലഭിച്ച 1950കളിലെ ചിത്രങ്ങൾ ഇവ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു.

ദക്ഷിണേഷ്യൻ ശേഖരത്തെക്കുറിച്ച് സ്മിത്ത്‌സോണിയൻ നടത്തിയ സമഗ്ര പരിശോധനയിലാണ് ഈ ശില്പങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തതാണെന്ന് തെളിഞ്ഞത്. തുടർന്നാണ് ഇന്ത്യയ്ക്ക് തിരികെ നൽകാനുള്ള തീരുമാനം.