കൗണ്ട്ഡൗൺ തടസപ്പെട്ടു; സ്‌പേസ് എക്‌സ് 'സ്റ്റാർഷിപ്പ് വി3' വിക്ഷേപണം മാറ്റിവെച്ചു; വെള്ളിയാഴ്ച വീണ്ടും ശ്രമിക്കും

കൗണ്ട്ഡൗൺ തടസപ്പെട്ടു; സ്‌പേസ് എക്‌സ് 'സ്റ്റാർഷിപ്പ് വി3' വിക്ഷേപണം മാറ്റിവെച്ചു; വെള്ളിയാഴ്ച വീണ്ടും ശ്രമിക്കും


ടെക്‌സസ്:  അമേരിക്കൻ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ അതിവിശാല റോക്കറ്റായ 'സ്റ്റാർഷിപ്പ് വി3'യുടെ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. ടെക്‌സസിലെ സ്റ്റാർബേസ് വിക്ഷേപണകേന്ദ്രത്തിൽ നിന്ന് വ്യാഴാഴ്ച വൈകിട്ടായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. റോക്കറ്റ് പൂർണമായി ഇന്ധനം നിറച്ച ശേഷവും കൗണ്ട്ഡൗൺ ഘട്ടത്തിൽ ഉണ്ടായ സാങ്കേതിക തടസങ്ങളെത്തുടർന്നാണ് വിക്ഷേപണം റദ്ദാക്കിയത്.

ഇന്ത്യൻ സമയം പ്രകാരം വെള്ളിയാഴ്ച വീണ്ടും വിക്ഷേപണശ്രമം ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ കൃത്യമായ സമയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

'സ്റ്റാർഷിപ്പ് വേർഷൻ 3' ആണ് സ്‌പേസ് എക്‌സിന്റെ ഏറ്റവും പുതിയതും ഏറ്റവും ശക്തിയേറിയതുമായ റോക്കറ്റ് സംവിധാനം. രണ്ട് ഘട്ടങ്ങളുള്ള ഈ റോക്കറ്റിന്റെ ഉയരം 408 അടി വരും. 18 ദശലക്ഷം പൗണ്ട് ത്രസ്റ്റ് ഉൽപാദിപ്പിക്കാൻ കഴിയുന്ന ഇതാണ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ്.

2025ൽ 'സ്റ്റാർഷിപ്പ് വേർഷൻ 2' ഉപയോഗിച്ച് അഞ്ച് വിജയകരമായ പരീക്ഷണപ്പറക്കലുകൾ നടത്തിയ ശേഷമാണ് വി3 പതിപ്പ് പരീക്ഷിക്കാൻ സ്‌പേസ് എക്‌സ് ഒരുങ്ങിയത്. എന്നാൽ പുതിയ മോഡലിന്റെ പരീക്ഷണഘട്ടത്തിൽ രണ്ട് വൻ സ്‌ഫോടനങ്ങൾ സംഭവിച്ചിരുന്നു. ഒരു സൂപ്പർ ഹെവി ബൂസ്റ്ററും സ്റ്റാർഷിപ്പ് അപ്പർ സ്റ്റേജും നിലത്തുണ്ടായ പരീക്ഷണത്തിനിടെ തകർന്നതും പദ്ധതിക്ക് തിരിച്ചടിയായി.

ഇത്തവണത്തെ പരീക്ഷണപ്പറക്കലിൽ യാത്രക്കാരെയോ ഔദ്യോഗിക ഉപഗ്രഹങ്ങളെയോ ഉൾപ്പെടുത്തിയിരുന്നില്ല. പകരം പരീക്ഷണാവശ്യങ്ങൾക്കായി സ്റ്റാർലിങ്ക് ഉപഗ്രഹ മാതൃകകളാണ് റോക്കറ്റിൽ ഘടിപ്പിച്ചിരുന്നത്.

പറക്കലിന്റെ ഭാഗമായി നിരവധി സാങ്കേതിക പരീക്ഷണങ്ങളാണ് നടത്താൻ പദ്ധതിയിട്ടിരുന്നത്. ഏകദേശം 17 മിനിറ്റിന് ശേഷം 20 സ്റ്റാർലിങ്ക് സിമുലേറ്റർ ഉപഗ്രഹങ്ങൾ വിന്യസിക്കാനായിരുന്നു തീരുമാനം. കൂടാതെ റോക്കറ്റിന്റെ ഹീറ്റ് ഷീൽഡ് പരിശോധിച്ച് ചിത്രങ്ങൾ ഭൂമിയിലേക്ക് അയയ്ക്കാൻ പ്രത്യേകമായി മാറ്റം വരുത്തിയ രണ്ട് ഉപഗ്രഹങ്ങളും ഉപയോഗിക്കാനായിരുന്നു പദ്ധതി.

ഭാവിയിലെ ഭ്രമണപഥ ദൗത്യങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി 'റാപ്റ്റർ' എൻജിൻ 'പറക്കുന്നതിനിടെ റോക്കറ്റ് എൻജിൻ വീണ്ടും കത്തിച്ച് പ്രവർത്തിപ്പിക്കുന്ന പരീക്ഷണവും ഉൾപ്പെടുത്തിയിരുന്നു. മുൻ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി 'സൂപ്പർ ഹെവി ബൂസ്റ്റർ 19'നെ ലോഞ്ച് ടവറിൽ തിരിച്ചുപിടിക്കാൻ ശ്രമിക്കാതെ മെക്‌സിക്കോ ഉൾക്കടലിൽ നിയന്ത്രിതമായി ഇറക്കാനായിരുന്നു പദ്ധതി. മുകളിലെ സ്റ്റാർഷിപ്പ് വാഹനത്തെ പിന്നീട് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറക്കാനുമായിരുന്നു തീരുമാനം.