തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മണ്ഡല പുനർനിർണയത്തിന് തിരിച്ചടി; റിപ്പബ്ലിക്കൻ നീക്കം തള്ളി സൗത്ത് കരോലിന സെനറ്റ്

തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മണ്ഡല പുനർനിർണയത്തിന് തിരിച്ചടി; റിപ്പബ്ലിക്കൻ നീക്കം തള്ളി സൗത്ത് കരോലിന സെനറ്റ്


സൗത്ത് കരോലിനയിൽ പ്രൈമറി തെരഞ്ഞെടുപ്പിനായുള്ള നേരിട്ടുള്ള വോട്ടെടുപ്പ് ആരംഭിച്ച സാഹചര്യത്തിൽ മണ്ഡല അതിർത്തികൾ പുനർനിർണയിക്കാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ വിവാദ നീക്കം സെനറ്റ് തള്ളി. ഡെമോക്രാറ്റിക് നേതാവും ദീർഘകാല കോൺഗ്രസ് അംഗവുമായ ജിം ക്ലൈബണിനെ ലക്ഷ്യമിട്ടായിരുന്നു പുതിയ മണ്ഡല പുനർവിഭജന ശ്രമമെന്ന് വിലയിരുത്തപ്പെടുന്നു.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പ് റദ്ദാക്കി, പുതുക്കിയ മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു റിപ്പബ്ലിക്കൻ നിർദേശം. എന്നാൽ വോട്ടെടുപ്പ് തുടങ്ങിയശേഷം നിയമം മാറ്റുന്നത് ജനവിശ്വാസത്തെ ബാധിക്കുമെന്നും വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ചില റിപ്പബ്ലിക്കൻ അംഗങ്ങൾ തന്നെ ചൂണ്ടിക്കാട്ടി.

'ഇന്ന് ജനങ്ങൾ വോട്ട് ചെയ്യാൻ എത്തുകയാണ്. ഇതിനകം ആരംഭിച്ച തെരഞ്ഞെടുപ്പ് നിർത്താൻ മനസാക്ഷിയും സാമാന്യബുദ്ധിയും അനുവദിക്കില്ല,' എന്ന് റിപ്പബ്ലിക്കൻ സെനറ്റർ റിച്ചാർഡ് ക്യാഷ് പറഞ്ഞു.

ഡോണൾഡ് ട്രംപിന്റെ ശക്തമായ പിന്തുണയോടെയാണ് റിപ്പബ്ലിക്കൻ പാർട്ടി മണ്ഡല പുനർനിർണയ ശ്രമങ്ങൾ വേഗത്തിലാക്കിയത്. ഇടക്കാല തെരഞ്ഞെടുപ്പിന് മന്നോടിയായി യു.എസ്. പ്രതിനിധി സഭയിലെ ഭൂരിപക്ഷം നിലനിർത്തുകയാണ് ലക്ഷ്യം. ന്യൂനപക്ഷ വോട്ടവകാശ സംരക്ഷണം ദുർബലപ്പെടുത്തിയ സുപ്രീം കോടതി വിധിക്കശേഷമാണ് ഇത്തരം നീക്കങ്ങൾ ശക്തമായത്.

ചൊവ്വാഴ്ച ആരംഭിച്ച നേരത്തെയുള്ള വോട്ടെടുപ്പിൽ ഉച്ചയോടെ തന്നെ 26,000ത്തിലേറെ പേർ വോട്ട് ചെയ്തു. നിർദേശിച്ച മണ്ഡലമാറ്റത്തിനെതിരെ വോട്ട് ചെയ്യണമെന്ന് ഡെമോക്രാറ്റുകൾ പിന്തുണക്കാരോട് ആഹ്വാനം ചെയ്തിരുന്നു.

ജിം ക്ലൈബേൺ ഓറഞ്ച്ബർഗിൽ വോട്ട് രേഖപ്പെടുത്തി. പുതിയ മണ്ഡല പുനർവിഭജനത്തിലൂടെ സൗത്ത് കരോലിനയിലെ ഏഴ് കോൺഗ്രസ് സീറ്റുകളും സ്വന്തമാക്കാനായിരുന്നു റിപ്പബ്ലിക്കൻ ലക്ഷ്യം. എന്നിരുന്നാലും വീണ്ടും മത്സരിക്കുമെന്ന് ക്ലൈബേൺ വ്യക്തമാക്കി.

റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള ഹൗസ് ഇതിനകം മണ്ഡലമാറ്റ നിർദേശം പാസാക്കിയിരുന്നു. എന്നാൽ സെനറ്റിൽ ഡെമോക്രാറ്റുകൾ ശക്തമായി എതിർത്തതോടെയും ചില റിപ്പബ്ലിക്കൻ അംഗങ്ങൾക്കും ആശങ്ക ഉയർന്നതോടെയും പദ്ധതി തടസപ്പെട്ടു.