അമേരിക്കയിൽ സിഖ് ട്രക്ക് ഡ്രൈവർക്കു നേരെ കത്തിയാക്രമണം; 17 തവണ കുത്തേറ്റു

അമേരിക്കയിൽ സിഖ് ട്രക്ക് ഡ്രൈവർക്കു നേരെ കത്തിയാക്രമണം; 17 തവണ കുത്തേറ്റു


വ്‌യോമിങ്: അമേരിക്കയിലെ വ്‌യോമിങ് സംസ്ഥാനത്ത് സിഖ് ട്രക്ക് ഡ്രൈവർക്കു നേരെ കത്തിയാക്രമണം. സാക്രമെന്റോ സ്വദേശിയായ 28കാരനായ ഡ്രൈവർക്ക് 17 തവണ കുത്തേറ്റു. കഴുത്ത്, നെഞ്ച്, കൈകൾ, വാരിയെല്ലുകൾ എന്നിവിടങ്ങളിൽ പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ ഇന്റര്‍‌സ്റ്റേറ്റ് 80ലെ ബിറ്റർ ക്രീക്ക് വിശ്രമകേന്ദ്രത്തിലെ ശുചിമുറിയിൽ വച്ചാണ് ആക്രമണമുണ്ടായതെന്ന് സിങ് എന്ന പേരിൽ മാത്രം തിരിച്ചറിഞ്ഞ ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാഭീഷണി ഭയന്നാണ് പൂർണവിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ശുചിമുറിയിലേക്ക് പിന്തുടർന്നെത്തിയ അക്രമി ആദ്യം മർദിക്കുകയും പിന്നീട് കത്തിയെടുത്ത് പലതവണ കുത്തുകയുമായിരുന്നെന്ന് സിങ് എൻപിആറിനോട് പറഞ്ഞു. ആക്രമണത്തിനുശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പുറത്തേക്ക് ഇറങ്ങിയ സിങ് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഹിസ്പാനിക് കുടുംബം സഹായത്തിനെത്തുകയും മുറിവുകളിൽ പരിചരണം നൽകുന്നതിനൊപ്പം വൈദ്യസഹായം തേടുകയും ചെയ്തു.

ഇതേ വിശ്രമകേന്ദ്രത്തിൽ മുൻപ് പലതവണ എത്തിയിട്ടുണ്ടെങ്കിലും യാതൊരു പ്രശ്‌നവും നേരിട്ടിട്ടില്ലെന്ന് സിങ് പറഞ്ഞു. 'എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്തിനാണ് എന്നെ ആക്രമിച്ചതെന്നും അറിയില്ല,' ആശുപത്രിയിൽനിന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ബുധനാഴ്ച രാത്രിയിലും നെഞ്ചിലും വാരിയെല്ലുകളിലും കുത്തേറ്റ പരുക്കുകളിൽനിന്ന് സുഖം പ്രാപിക്കുന്നതിനായി സിങ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് അമേരിക്കൻ സിഖ് കൗൺസിൽ (ASC) ആവശ്യപ്പെട്ടു.

സംഭവത്തിൽ ആൻഡ്രൂ ക്രിസ് ബ്‌സ്ഡാക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം ഡിഗ്രി കൊലപാതകശ്രമം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.