പ്രതിഷേധക്കാരനെതിരെ ട്രംപിന്റെ രോഷപ്രകടനം; 'മിണ്ടാതിരിക്കൂ, തോല്‍വിക്കാരാ' എന്ന് ആക്രോശം

പ്രതിഷേധക്കാരനെതിരെ ട്രംപിന്റെ രോഷപ്രകടനം; 'മിണ്ടാതിരിക്കൂ, തോല്‍വിക്കാരാ' എന്ന് ആക്രോശം


ഡേട്ടോണ ബീച്ച്: ഫ്‌ലോറിഡയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രതിഷേധക്കാരനോട് രോഷാകുലനായി പ്രതികരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസംഗത്തിനിടെ തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരനോട് 'മിണ്ടാതിരിക്കാന്‍ ആജ്ഞാപിച്ചു. വിഡ്ഢിയെന്നും, തോല്‍വിക്കാരന്‍' എന്നും ആക്രോശിച്ച ട്രംപ് ഇയാളെ പുറത്താക്കാനും ആവശ്യപ്പെട്ടു. സംഭവത്തിനുപിന്നാലെ സദസ്സിലുള്ളവര്‍ 'ഞങ്ങള്‍ ട്രംപിനെ സ്‌നേഹിക്കുന്നു' എന്ന് മുദ്രാവാക്യം വിളിച്ചു.

ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്‌ലോറിഡയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ തേടിയായിരുന്നു ട്രംപിന്റെ റാലി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ മികച്ച നിലയിലാണെങ്കിലും അമിത ആത്മവിശ്വാസം വേണ്ടെന്നും പരാജയത്തിലാണെന്ന് കരുതി പ്രവര്‍ത്തകര്‍ വോട്ട് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സെനറ്റര്‍ ആഷ്‌ലി മൂഡിയെയും ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബൈറണ്‍ ഡൊണാള്‍ഡ്‌സിനെയും പിന്തുണയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഫ്‌ലോറിഡ സെനറ്റിലേക്ക് ഒരു കമ്മ്യൂണിസ്റ്റിനെ അയക്കില്ലെന്നും ആഷ്‌ലി മൂഡിയെ വിജയിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകള്‍ വീണ്ടും അധികാരത്തിലെത്തി അതിര്‍ത്തികള്‍ തുറക്കാന്‍ അവസരം ലഭിച്ചാല്‍ രാജ്യത്തിന് തിരിച്ചുവരാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

റാലിക്കിടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളുടെ വിവാദ പരാമര്‍ശങ്ങളും അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്താ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയ വീഡിയോകളും ട്രംപ് പ്രദര്‍ശിപ്പിച്ചു. പരിപാടിയുടെ ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ പലതവണ പ്രതിഷേധം ഉയര്‍ന്നിരുന്നു.