മിനിയാപൊളിസില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, പ്രതിയും മരിച്ചു

മിനിയാപൊളിസില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, പ്രതിയും മരിച്ചു


മിനിയാപൊളിസ്: മിനിയാപൊളിസിലെ ഡൗണ്‍ടൗണ്‍ മേഖലയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വെടിവെച്ചതായി സംശയിക്കുന്നയാളെയും മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്ന് മിനിയാപൊളിസ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്.

പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരുടെയും നില തൃപ്തികരമാണെന്ന് ഹെനിപിന്‍ കൗണ്ടി മെഡിക്കല്‍ സെന്റര്‍ അറിയിച്ചു. 

911 അടിയന്തര സേവനത്തിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ച് ഏകദേശം മൂന്ന് മിനിറ്റിനകം പൊലീസ് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചു. ഇതിനിടെ കൂടുതല്‍ വെടിയൊച്ചകള്‍ കേട്ടതായി പൊലീസ് അറിയിച്ചു.

ഒരു ഇര സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പൊലീസ് സാര്‍ജന്റ് ഗാരറ്റ് പാര്‍ട്ടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റൊരാള്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്. വെടിവെച്ചയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വെടിവെപ്പില്‍ പരിക്കേറ്റവരടക്കം ഏഴ് പേരെ ഹെനിപിന്‍ കൗണ്ടി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വെടിവെപ്പിനെ തുടര്‍ന്ന് പ്രാദേശിക നിയമപാലകരെ സഹായിക്കാന്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഡൗണ്‍ടൗണ്‍ മിനിയാപൊളിസിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നിയമപാലകരോട് നന്ദിയുണ്ടെന്നും അടിയന്തര സേവനപ്രവര്‍ത്തകര്‍ക്കായി മിനസോട്ട പ്രാര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേലും സംഭവത്തില്‍ ഏജന്‍സി ഇടപെട്ടതായി അറിയിച്ചു. പ്രാദേശിക അധികൃതരെ സഹായിക്കാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളും ലഭ്യമാക്കുമെന്ന് അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി.