ന്യൂയോര്‍ക്ക്: ബ്രൂക്ലിനില്‍ നടന്ന വെടിവയ്പില്‍ നാല് കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 21-കാരിയായ ഒരു യുവതിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
രാത്രി 10.37ഓടെ ബ്രൂക്ലിനിലെ വെസ്റ്റ് 31-ാം സ്ട്രീറ്റിലെ 2929-ാം നമ്പര്‍ കെട്ടിടത്തില്‍ വെടിവയ്പ് നടന്നതായി ലഭിച്ച അടിയന്തര സന്ദേശത്തെ തുടര്‍ന്നാണ് ന്യൂയോര്‍ക്ക് പൊലീസ് സ്ഥലത്തെത്തിയത്.
പരിക്കേറ്റവരില്‍ രണ്ട് സ്ത്രീകളും നാല് കുട്ടികളുമുണ്ട്. കുട്ടികള്‍ക്ക് നാല്, ആറ്, ഏഴ്, 12, 14 വയസ്സാണ് പ്രായം. ആറ് വയസ്സുകാരന് വയറ്റിലും ഏഴ് വയസ്സുകാരന് ഇരുകാലുകളിലും 12 വയസ്സുകാരന് കാലിലും 14 വയസ്സുകാരന് തുടയിലുമാണ് വെടിയേറ്റത്.
സംഭവസ്ഥലത്ത് നിന്ന് ഒരു തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയതായി ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.
പരിക്കേറ്റ എട്ടില്‍ ഏഴുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും 21-കാരിയായ യുവതി മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
