വൈറ്റ് ഹൗസ് വിരുന്നിന് പുറത്ത് വെടിവെപ്പ്: ലക്ഷ്യമിട്ടത് ട്രംപിനെ ; പ്രതിയുടെ ആക്രമണ പദ്ധതി രേഖ പിടിച്ചെടുത്തു

വൈറ്റ് ഹൗസ് വിരുന്നിന് പുറത്ത് വെടിവെപ്പ്: ലക്ഷ്യമിട്ടത് ട്രംപിനെ ; പ്രതിയുടെ ആക്രമണ പദ്ധതി രേഖ പിടിച്ചെടുത്തു


വാഷിംഗ്ടണിൽ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അത്താഴവിരുന്ന് നടക്കുന്നതിനിടെ വേദിക്ക് പുറത്ത് വെടിവെപ്പ് നടത്തിയ സംഭവം ഗൗരവതരമായി തുടരുന്നു. പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും ഭരണകൂടത്തിലെ പ്രധാന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

കാലിഫോർണിയയിലെ ടോറൻസിൽ നിന്നുള്ള 31കാരനായ കോൾ അലൻ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ഇയാളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ഏകദേശം 1000 വാക്കുകളുടെ രേഖയിൽ ആക്രമണത്തിന്റെ ലക്ഷ്യങ്ങളും പദ്ധതികളും വ്യക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സംഭവസമയത്ത് ഇയാൾ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നും ഷോട്ട്ഗൺ, ഹാൻഡ്ഗൺ, കത്തികൾ തുടങ്ങിയ ആയുധങ്ങൾ കൈവശം ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. വിരുന്ന് നടന്ന ഹോട്ടലിലെ അതിഥിയായിരുന്ന ഇയാൾ അവിടുത്തെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി, ആയുധങ്ങൾ അകത്ത് കൊണ്ടുപോകുന്നത് പ്രതീക്ഷിച്ചതിലും എളുപ്പമായിരുന്നുവെന്ന് രേഖയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കോൾ അലനെതിരെ ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതും വെടിയുതിർന്നതുമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയതായി ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് അറിയിച്ചു.
വെടിവെപ്പ് സംഭവം കൂടുതൽ ഗൗരവതരമായ വിവരങ്ങളിലേക്കും വഴിമാറുകയാണ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിനൊപ്പം പ്രസിഡന്റിന്റെ അധികാര പാരമ്പര്യ നിരയിലെ മുൻനിരയിലെ ആറുപേരിൽ അഞ്ചുപേരും സംഭവം നടക്കുമ്പോൾ ചടങ്ങിൽ പങ്കെടുത്തിരുന്നതായി അധികൃതർ വ്യക്തമാക്കി.
ഇത്തരം സാഹചര്യങ്ങളിൽ സാധാരണയായി 'ഡിസിഗ്‌നേറ്റഡ് സർവൈവർ' സംവിധാനം നടപ്പിലാക്കാറുണ്ടെങ്കിലും, അതുണ്ടായിരുന്നോയെന്ന് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വ്യക്തമാക്കിയില്ല. എന്നാൽ, പ്രതിക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ അടുത്തേക്ക്  വരാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ വെടിയേറ്റ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഗുരുതര അപകടം ഒഴിവായി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, വെടിവെപ്പ് സംഭവം വൈറ്റ് ഹൗസിൽ പുതിയ ബാൾറൂം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ചൂണ്ടിക്കാണിക്കുന്നതാണെന്ന് പ്രസിഡന്റ് ട്രംപ് ഞായറാഴ്ച പ്രതികരിച്ചു.
സംഭവത്തെ തുടർന്ന് ദേശീയ തലത്തിൽ സുരക്ഷാ ചർച്ചകൾ ശക്തമാകുകയാണ്.
ഇതിനിടെ, ബ്രിട്ടന്റെ രാജാവ് ചാൾസ് മൂന്നാമന്റെ അമേരിക്കൻ സന്ദർശനം നിശ്ചയിച്ചതുപോലെ തന്നെ തിങ്കളാഴ്ച നടക്കുമെന്ന് യു.എസ്.ലെ ബ്രിട്ടീഷ് അംബാസഡർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നു.