ഇറാന്‍ യുദ്ധം നീളുമെന്ന് 80 ശതമാനം അമേരിക്കക്കാര്‍; പെട്രോള്‍ വില വര്‍ധനയും സാമ്പത്തിക ആശങ്കയും തിരിച്ചടി
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭരണത്തോടും നീക്കങ്ങളോടും അമേരിക്കക്കാര്‍ക്ക് താത്പര്യം കുറയുന്നു. പ്രസിഡന്റിന്റെ അംഗീകാര നിരക്ക് 33 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്. നിലവിലെ പ്രസിഡന്‍ഷ്യല്‍ കാലയളവിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധം ദീര്‍ഘകാലം തുടരുമെന്ന ആശങ്ക യു എസില്‍ ശക്തമാകുന്നതായി റോയിട്ടേഴ്‌സ്/ ഇപ്‌സോസ് സര്‍വേയില്‍ വ്യക്തമായി.
തിങ്കളാഴ്ച പൂര്‍ത്തിയാക്കിയ സര്‍വേയില്‍ ട്രംപിന്റെ ഭരണപ്രകടനത്തെ 33 ശതമാനം പേര്‍ മാത്രമാണ് അംഗീകരിച്ചത്. 64 ശതമാനം പേര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഈ മാസം ആദ്യം നടത്തിയ സര്‍വേയില്‍ അംഗീകാര നിരക്ക് 35 ശതമാനമായിരുന്നു. ട്രംപിന്റെ ആദ്യ പ്രസിഡന്‍ഷ്യല്‍ കാലയളവില്‍ 2017 ഡിസംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കായ 33 ശതമാനത്തിനൊപ്പമാണ് ഇപ്പോഴത്തെ നില.
2025ല്‍ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുമ്പോള്‍ പകുതിയോളം അമേരിക്കക്കാരുടെ പിന്തുണയാണ് ട്രംപിനുണ്ടായിരുന്നത്. എന്നാല്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതോടെ ഈ വര്‍ഷം അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടായി. ആഗോള എണ്ണവ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് തടസ്സപ്പെട്ടതോടെ പെട്രോള്‍ വില ഉയരുകയും അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സമ്മര്‍ദം വര്‍ധിക്കുകയും ചെയ്തു. നവംബര്‍ 3ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ രാഷ്ട്രീയ തിരിച്ചടിയായേക്കാമെന്ന വിലയിരുത്തലാണ് ഇതോടെ ശക്തമാകുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കുമെന്നും ദീര്‍ഘകാല സൈനിക സംഘര്‍ഷങ്ങളില്‍ നിന്ന് അമേരിക്കയെ ഒഴിവാക്കുമെന്നും പ്രചാരണകാലത്ത് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഇറാനുമായുള്ള സംഘര്‍ഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പരിഹരിക്കാനാകുമെന്നായിരുന്നു അദ്ദേഹം ആദ്യം നല്‍കിയ സൂചന. എന്നാല്‍ നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയും ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള ഗതാഗത തടസ്സങ്ങള്‍ തുടരുകയും ചെയ്തതോടെ ആഗോള എണ്ണവ്യാപാരത്തില്‍ സമ്മര്‍ദം കടുത്തു.
ഇറാനിലെ അമേരിക്കന്‍ ഇടപെടല്‍ ദീര്‍ഘകാലം തുടരുമെന്നാണ് 80 ശതമാനം അമേരിക്കക്കാരും കരുതുന്നതെന്ന് പുതിയ സര്‍വേ പറയുന്നു. ഡെമോക്രാറ്റുകളില്‍ 87 ശതമാനവും റിപ്പബ്ലിക്കന്‍മാരില്‍ 71 ശതമാനവും ഇതേ അഭിപ്രായക്കാരാണ്. സംഘര്‍ഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നത് കേവലം 16 ശതമാനം പേര്‍ മാത്രമാണ്.
ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയില്‍ നടന്ന രാഷ്ട്രീയ റാലിയില്‍ സംസാരിച്ച ട്രംപ് യുദ്ധവുമായി ബന്ധപ്പെട്ട ചെലവുകളെ ന്യായീകരിച്ചു. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുന്നതിന് പെട്രോളിന് അല്‍പം കൂടുതല്‍ വില നല്‍കേണ്ടിവന്നാലും അത് അംഗീകരിക്കാവുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയുക എന്നത് സൈനിക നടപടിക്ക് ട്രംപ് മുന്നോട്ടുവച്ച പ്രധാന കാരണങ്ങളിലൊന്നാണ്.
സംഘര്‍ഷത്തിനിടെ കൂടുതല്‍ സൈനിക നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പുകളും സമാധാന കരാര്‍ ഉടന്‍ സാധ്യമാകുമെന്ന സൂചനകളും ട്രംപ് മാറിമാറി നല്‍കിയിരുന്നു. എന്നാല്‍ യുദ്ധത്തിനുള്ള പൊതുജന പിന്തുണ പരിമിതമാണെന്നാണ് ഏറ്റവും പുതിയ സര്‍വേ വ്യക്തമാക്കുന്നത്.
യുദ്ധത്തിന് നല്‍കേണ്ടിവരുന്ന വില അതിന്റെ നേട്ടത്തിന് അനുയോജ്യമാണെന്ന് വിശ്വസിക്കുന്ന അമേരിക്കക്കാര്‍ വെറും അഞ്ചിലൊന്ന് പേര്‍ മാത്രമാണ്. റിപ്പബ്ലിക്കന്‍ അനുഭാവികളില്‍ പകുതിയോളം പേര്‍ മാത്രമാണ് യുദ്ധച്ചെലവിനെ ന്യായീകരിക്കുന്നത്. സംഘര്‍ഷവും പെട്രോള്‍ വില വര്‍ധനയും നവംബര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധിസഭയിലെ നേരിയ ഭൂരിപക്ഷം നിലനിര്‍ത്തുക റിപ്പബ്ലിക്കന്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാകുമ്പോള്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലും നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷ ഡെമോക്രാറ്റുകള്‍ക്കിടയില്‍ ശക്തമാകുകയാണ്.
സാമ്പത്തിക വിഷയങ്ങളിലെ ആശങ്കയും ട്രംപിന് തിരിച്ചടിയാകുന്നുണ്ട്. ഏകദേശം ഒരു ദശകത്തിനിടെ ആദ്യമായി സാമ്പത്തിക മാനേജ്‌മെന്റില്‍ റിപ്പബ്ലിക്കന്‍മാരേക്കാള്‍ ഡെമോക്രാറ്റുകള്‍ക്കാണ് വോട്ടര്‍മാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ഈ മാസത്തെ റോയിട്ടേഴ്‌സ്/ ഇപ്‌സോസ് സര്‍വേ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ സര്‍വേയില്‍ 38 ശതമാനം പേര്‍ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ ഡെമോക്രാറ്റുകള്‍ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 35 ശതമാനം പേര്‍ റിപ്പബ്ലിക്കന്‍മാരെ പിന്തുണച്ചു. ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യം കൈകാര്യം ചെയ്യുന്നതിലും ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചത്.
കുടിയേറ്റ നയത്തില്‍ ഇപ്പോഴും റിപ്പബ്ലിക്കന്‍മാര്‍ക്ക് മുന്‍തൂക്കമുണ്ടെങ്കിലും ട്രംപിന്റെ നിലവിലെ ഭരണകാലത്ത് അതില്‍ ഗണ്യമായി കുറവാണുണ്ടായത്. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 40 ശതമാനം പേര്‍ കുടിയേറ്റ നയത്തില്‍ റിപ്പബ്ലിക്കന്‍മാരാണ് മികച്ചതെന്ന് പറഞ്ഞപ്പോള്‍ 38 ശതമാനം പേര്‍ ഡെമോക്രാറ്റുകളെ പിന്തുണച്ചു. വെറും രണ്ട് ശതമാനം പോയിന്റിന്റെ ഈ വ്യത്യാസം ട്രംപിന്റെ നിലവിലെ പ്രസിഡന്‍ഷ്യല്‍ കാലയളവിലെ ഏറ്റവും കുറഞ്ഞ റിപ്പബ്ലിക്കന്‍ മുന്‍തൂക്കമാണ്. 2025 ജനുവരിയില്‍ ഈ വിഷയത്തില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് 26 ശതമാനം പോയിന്റിന്റെ മുന്‍തൂക്കമുണ്ടായിരുന്നു.
രാജ്യമെമ്പാടുമുള്ള 1,166 മുതിര്‍ന്ന അമേരിക്കക്കാരെ ഓണ്‍ലൈനായി പങ്കെടുപ്പിച്ചാണ് റോയിട്ടേഴ്‌സ്/ ഇപ്‌സോസ് സര്‍വേ നടത്തിയത്. സര്‍വേയുടെ പിഴവിന്റെ സാധ്യത ഏകദേശം മൂന്ന് ശതമാനം പോയിന്റാണ്.
