യു എസില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ കുത്തനെ ഇടിവ്

യു എസില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ കുത്തനെ ഇടിവ്


വാഷിംഗ്ടണ്‍: യു എസ് സര്‍വകലാശാലകളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുത്തനെ ഇടിവ്. വിദേശ വിദ്യാര്‍ഥത്ഥികളുടെ എണ്ണം 70 ശതമാനം കുറഞ്ഞതായി വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുകള്‍ അഭിപ്രായപ്പെടുന്നു. വിസ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ മരവിപ്പിച്ചതും വിസ നിരസിക്കല്‍ നിരക്കുകളിലെ പെട്ടെന്നുള്ള വര്‍ധനവുമാണ് ഈ കുറവിന് കാരണം.

സാധാരണയായി ഈ സമയമാകുമ്പോള്‍ മിക്ക വിദ്യാര്‍ഥികളും വിസ അഭിമുഖങ്ങള്‍ പൂര്‍ത്തിയാക്കി പറക്കാന്‍ തയ്യാറെടുക്കും. ഈ വര്‍ഷം ഒരു സ്ലോട്ട് തുറക്കുമെന്ന് പ്രതീക്ഷിച്ച് എല്ലാ ദിവസവും പോര്‍ട്ടല്‍ പുതുക്കുന്നുണ്ടെന്നും അടുത്ത കാലത്തെ ഏറ്റവും മോശമായ അവസ്ഥയാണെന്നും ഹൈദരാബാദ് ഓവര്‍സീസ് കണ്‍സള്‍ട്ടന്റില്‍ നിന്നുള്ള സഞ്ജീവ് റായ് പറയുന്നു.

വിസ സ്ലോട്ടുകള്‍ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്ന് യു എസ് അധികൃതര്‍ പറഞ്ഞിരുന്നു. എങ്കിലും ധാരാളം അവ്യക്തതകളുണ്ട്. ഇത് വിദ്യാര്‍ഥികളെ ആശങ്കാകുലരാക്കുന്നു. മാത്രമല്ല, സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിന്‍ഡോ ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നുള്ള അങ്കിത് ജെയിന്‍ പറഞ്ഞു. 

വിദ്യാഭ്യാസത്തിനായി മറ്റ് രാജ്യങ്ങളിലേക്കാണ് വിദ്യാര്‍ഥികള്‍ പോകുന്നത്. ഒരു വര്‍ഷം നഷ്ടപ്പെട്ടേക്കാമെന്ന ഘട്ടത്തിലാണ് താന്‍ അപേക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദത്തിനായി ജര്‍മ്മനിയിലേക്ക് പോകുന്ന 23കാരന്‍ പറഞ്ഞു.

അടുത്ത കുറച്ച് ദിവസങ്ങളില്‍ സ്ലോട്ടുകള്‍ പുറത്തിറക്കിയില്ലെങ്കില്‍ ആയിരക്കണക്കിന് സ്വപ്‌നങ്ങള്‍ തകരുമെന്ന് ഐ20 ഫീവര്‍ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നുള്ള അരവിന്ദ് മണ്ടുവ പറഞ്ഞു. ഏകദേശം 80 ശതമാനം കുറവാണ് തങ്ങള്‍ കാണുന്നതെന്നും വിദ്യാര്‍ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും എല്ലാ ദിവസവും ഞങ്ങള്‍ക്ക് ആശങ്കയോടെയുള്ള വിളികളാണ് ലഭിക്കുന്നതെന്നും പറഞ്ഞു. 

മാര്‍ച്ചില്‍ നേരത്തെ അപേക്ഷിച്ചതും അഭിമുഖ അപ്പോയിന്റ്‌മെന്റ് നേടിയതുമായ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ അസാധാരണമാംവിധം ഉയര്‍ന്ന നിരസിക്കല്‍ നിരക്ക് നേരിടുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. സാധാരണയായി സുഗമമായ അംഗീകാരങ്ങള്‍ ലഭിക്കുമായിരുന്ന നിരവധി വിദ്യാര്‍ഥികളെ ഇക്കാര്യം പിന്തിരിപ്പിക്കുന്നുണ്ട്. 

യു എസ് ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 214(ബി)യാണ് വിസ നിഷേധിക്കുന്നതിനുള്ള സാധാരണ കാരണം.

സന്ദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് തെളിയിക്കാനുള്ളതാണ് ഇത്. 

ഇത് ഒരു പുതിയ പ്രക്രിയയല്ലെന്നും നിയമങ്ങള്‍, പരിശോധന, സൂക്ഷ്മപരിശോധന എന്നിവ വര്‍ഷങ്ങളായി നിലവിലുണ്ടെന്നും ഇപ്പോള്‍ നടപ്പിലാക്കിയതാണെന്നും ടെക്‌സസിലെ ഡാളസിലുള്ള ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ യു എസ് അഡ്മിഷനില്‍ നിന്നുള്ള രവി ലോത്തുമല്ല പറഞ്ഞു.

സ്ലോട്ടുകള്‍ പുനരാരംഭിച്ചതായും അപ്പോയിന്റ്‌മെന്റ് ലഭ്യതയ്ക്കായി എംബസി അല്ലെങ്കില്‍ വെബ്‌സൈറ്റ് പരിശോധിക്കാന്‍ വിദ്യാര്‍ഥികളെ ഉപദേശിച്ചതായും ഹൈദരാബാദിലെ യു എസ് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. അമേരിക്കയെയോ അവരുടെ താത്പര്യങ്ങളെയോ ദോഷകരമായി ബാധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആഗ്രഹിക്കുന്ന വിസയ്ക്കുള്ള യോഗ്യത വിശ്വസനീയമായി സ്ഥാപിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ വിസ അപേക്ഷകരെ പൂര്‍ണ്ണമായും പരിശോധിക്കാന്‍ പ്രവര്‍ത്തിക്കുന്നതായും കഴിയുന്നത്ര നേരത്തെ അപേക്ഷിക്കാനും വിസ വിഭാഗങ്ങള്‍ക്ക് അധിക പ്രോസസ്സിംഗ് സമയം പ്രതീക്ഷിക്കാനും അപേക്ഷകരോട് പറയുന്നതായി ഹൈദരാബാദിലെ യു എസ് കോണ്‍സുലേറ്റ് ജനറല്‍ വക്താവ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യ ചൈനയെ മറികടന്ന് 3.3 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്ക് അയച്ചിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2024 ജനുവരി 1ലെ കണക്കനുസരിച്ച് 11.6 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്.  യൂറോപ്പിനെ ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

യു എസില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ കുത്തനെ ഇടിവ്