ന്യൂയോർക്ക്: വടക്കുകിഴക്കൻ അമേരിക്കൻ തീരപ്രദേശങ്ങളെ ഞായറാഴ്ച മുതൽ ശക്തമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഭീമൻ മഞ്ഞുവീഴ്ചയും ശീതക്കാറ്റും പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. നിരവധി ഇടങ്ങളിൽ ഒരു അടി കവിയുന്ന മഞ്ഞുവീഴ്ച പ്രതീക്ഷിക്കപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിൽ ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്തരമൊരു മഞ്ഞുവീഴ്ചാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഹിമപാതത്തിന്റെ ശക്തി കണക്കിലെടുത്ത് ഏകദേശം നാല് കോടി പേരെ മഞ്ഞുവീഴ്ചാ മുന്നറിയിപ്പിന് കീഴിലും, ഒന്നര കോടിയോളം പേരെ കടുത്ത ശീതകാല മുന്നറിയിപ്പിന് കീഴിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കി. ആയിരക്കണക്കിന് സർവീസുകളാണ് നിലച്ചത്.
ന്യൂയോർക്ക്, ന്യൂജേഴ്‌സി എന്നിവ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കണക്ടിക്കട്ട്, ഡെലവെയർ, മസാച്ചുസെറ്റ്‌സ്, പെൻസിൽവേനിയ, റോഡ് ഐലൻഡ് എന്നിവയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ പെടും. ഹിമപാതത്തെ നേരിടാൻസജ്ജമാണെന്ന് മേരിലാൻഡ് സംസ്ഥാനം പ്രഖ്യാപിച്ചു.
ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഗവർണർമാർ നിർദ്ദേശിച്ചു. ന്യൂയോർക്ക്, കണെക്റ്റിക്കട്ട്, റോഡ് ഐലൻഡ് സംസ്ഥാനങ്ങളിൽ യാത്രാനിരോധനവും നടപ്പാക്കി. ന്യൂയോർക്ക് നഗരത്തിൽ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക് രാത്രി ഒമ്പത് മണിമുതൽ നഗരമൊട്ടാകെ നിരോധനം പ്രഖ്യാപിച്ചു.
മഞ്ഞുവീഴ്ച രൂക്ഷമാകുന്നതോടെ ഭക്ഷണവിതരണ സ്ഥാപനമായ ഡോർ ഡാഷ് ന്യൂയോർക്ക് നഗരത്തിലെ സേവനം താൽക്കാലികമായി നിർത്തിവെക്കുമെന്ന് അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം സേവനം പുനരാരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഇതിനിടെ ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കുൽ സംസ്ഥാനവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. 'ഇപ്പോൾ അനുഭവിക്കുന്നത് ഹിമപാതത്തിനു മുമ്പുള്ള നിശ്ശബ്ദത മാത്രമാണ്. ഇനിയും ഏറ്റവും കഠിന ഘട്ടം മുന്നിലാണ്. ജീവൻപോലും അപകടത്തിലാണ്,' എന്നു അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 150 വർഷത്തിനിടെ ഉണ്ടായ ഏറ്റവും കഠിനമായ പത്ത് ശീതകാല മഞ്ഞുവീഴ്ചയിൽ ഒന്നാകാൻ ഇതിന് സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഹഡ്‌സൺ താഴ് വര, ന്യൂയോർക്ക് നഗരം, ലോംഗ് ഐലൻഡ് മേഖലകളിൽ ഈർപ്പമുള്ള കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് പ്രവചനമുണ്ട്. വൈദ്യുതി ലൈനുകൾ തകർന്നുവീഴാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകി. നഗരത്തിലെ ഭൂപാതാള റെയിൽ സർവീസുകൾ തുടരുമെങ്കിലും ചില തടസ്സങ്ങൾ ഉണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. ലോംഗ് ഐലൻഡ് റെയിൽ സർവീസ് തിങ്കളാഴ്ച പുലർച്ചെ മുതൽ നിർത്തിവെക്കാനാണ് സാധ്യത.
'ഈ പ്രവചനങ്ങൾ തെറ്റാൻ സാധ്യതയില്ല. ഹിമപാതം വരികയാണ്; അതിന്റെ ആഘാതം കടുത്തതായിരിക്കും,' എന്നായിരുന്നു ഗവർണറുടെ മുന്നറിയിപ്പ്.
വടക്കുകിഴക്കൻ അമേരിക്കയെ ആശങ്കയിലാക്കി ഹിമപാതവും ശീതക്കാറ്റും; സ്ഥിതി ഇനിയും കടുക്കുമെന്ന് ന്യൂയോർക്ക് ഗവർണർ
