വാഷിംഗടണ്‍: അമേരിക്കയുടെ മധ്യ- കിഴക്കന്‍ മേഖലകളില്‍ ഈ ആഴ്ച അതിശക്തമായ ഉഷ്ണതരംഗവും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ സര്‍വീസ് മുന്നറിയിപ്പ് നല്‍കി. ജൂലൈ നാലിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ചൂട് കനക്കും. ഉയര്‍ന്ന ഈര്‍പ്പം കാരണം അനുഭവപ്പെടുന്ന ചൂട് യഥാര്‍ഥ താപനിലയേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഫീനിക്‌സ്, മധ്യ ടെക്‌സസ്, തെക്കുപടിഞ്ഞാറന്‍ അമേരിക്കയിലെ പല പ്രദേശങ്ങളിലും ഉള്‍പ്പെടെ ഞായറാഴ്ച തന്നെ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് സമീപമായിരുന്നു. അതേസമയം, പടിഞ്ഞാറന്‍ അമേരിക്കയില്‍ അതിവരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും മൂലം കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയും വര്‍ധിച്ചതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കാലാവസ്ഥാ ഭൂപടങ്ങള്‍ പ്രകാരം, ഞായറാഴ്ച മാത്രം തെക്കന്‍ സംസ്ഥാനങ്ങളിലെയും ഗ്രേറ്റ് പ്ലെയിന്‍സ് മേഖലയിലെയും 13 കോടിയിലധികം ആളുകള്‍ മിതമായതോ അതിശക്തമായതോ ആയ ചൂടിന്റെ ഭീഷണിയിലായിരുന്നു. ആഴ്ച പുരോഗമിക്കുന്നതോടെ ഈ മേഖല കൂടുതല്‍ വ്യാപിക്കുകയും ചൂട് രൂക്ഷമാകുകയും ചെയ്യുമെന്നാണ് പ്രവചനം.
ലോവര്‍ ഗ്രേറ്റ് ലേക്‌സ്, മിഡ്-അറ്റ്‌ലാന്റിക്, മിസിസിപ്പി, ഒഹായോ നദീതടങ്ങള്‍ എന്നിവിടങ്ങളില്‍ നിരവധി ദിവസങ്ങള്‍ തുടര്‍ച്ചയായി 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. ആഴ്ചയുടെ അവസാനത്തോടെ ഗ്രേറ്റ് ലേക്‌സ് മുതല്‍ ന്യൂ ഇംഗ്ലണ്ട് വരെയുള്ള ചില പ്രദേശങ്ങളില്‍ പുതിയ റെക്കോര്‍ഡ് താപനില രേഖപ്പെടുത്താനും സാധ്യതയുണ്ട്.
ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ, വാഷിംഗ്ടണ്‍, ബാള്‍ട്ടിമോര്‍, ഷിക്കാഗോ, ഇന്‍ഡ്യാനാപൊളിസ്, സെന്റ് ലൂയിസ്, ഡെട്രോയിറ്റ്, ഡാലസ്, ലിറ്റില്‍ റോക്ക്, മെംഫിസ് തുടങ്ങിയ പ്രധാന നഗരങ്ങളെയാണ് ഉഷ്ണതരംഗം കൂടുതല്‍ ബാധിക്കുക. ലോകകപ്പ് മത്സരങ്ങള്‍ക്കും അമേരിക്കയുടെ 250-ാം വാര്‍ഷികാഘോഷങ്ങള്‍ക്കുമായി വന്‍ ജനക്കൂട്ടം എത്തുന്ന സാഹചര്യത്തില്‍ ചൂട് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
അടുത്ത വാരാന്ത്യം വരെയും ഗ്രേറ്റ് പ്ലെയിന്‍സ്, തെക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മിഡ്-അറ്റ്‌ലാന്റിക് മേഖല എന്നിവിടങ്ങളില്‍ ശക്തമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ സേവനം അറിയിച്ചത്.
പല പ്രദേശങ്ങളിലും താപനില 35 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെങ്കിലും ഉയര്‍ന്ന ഈര്‍പ്പം കാരണം അനുഭവപ്പെടുന്ന ചൂട് 40 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചൂട് പ്രായമായവരെയോ കുട്ടികളെയോ മാത്രമല്ല എല്ലാവരേയും ബാധിക്കുമെന്നും സാധാരണ ആരോഗ്യമുള്ളവര്‍ക്കും ഇത് അപകടകരമാകുമെന്നും ദേശീയ കാലാവസ്ഥാ സേവനത്തിലെ കാലാവസ്ഥാ വിദഗ്ധന്‍ ബ്രയാന്‍ പുട്ട്‌നം പറഞ്ഞു.
അവധി ദിവസങ്ങളില്‍ കൂടുതല്‍ സമയം പുറത്തുകഴിയുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
രാത്രിയിലും താപനില കാര്യമായി കുറയില്ല. പല നഗരങ്ങളിലും രാത്രി താപനില 27 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകില്ലെന്ന് പ്രവചിക്കുന്നു. എയര്‍ കണ്ടീഷനര്‍ ഇല്ലാത്ത വീടുകളിലെ താമസക്കാര്‍ക്ക് ഇത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു.
ശരീരത്തിന് രാത്രിയില്‍ ആവശ്യമായ തണുപ്പ് ലഭിക്കാത്തതിനാല്‍ ഹീറ്റ് സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള ചൂട് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അമിതമായ ചൂടുള്ള സമയങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, തണുപ്പുള്ള ഇടങ്ങളില്‍ കഴിയുക എന്നിവയാണ് ദേശീയ കാലാവസ്ഥാ സേവനം നിര്‍ദേശിക്കുന്നത്.
അതേസമയം, അതിവരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാരണം ഗ്രേറ്റ് ബേസിന്‍, തെക്കുപടിഞ്ഞാറന്‍ അമേരിക്ക എന്നിവിടങ്ങളില്‍ കാട്ടുതീ വേഗത്തില്‍ വ്യാപിക്കാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്.
കൊളറാഡോ- യൂട്ടാ അതിര്‍ത്തിക്ക് സമീപം കാട്ടുതീ നിയന്ത്രണത്തിനിടെ മൂന്ന് അഗ്നിശമന സേനാംഗങ്ങള്‍ തീയില്‍പ്പെട്ട് മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.
യൂട്ടാ, കൊളറാഡോ, അരിസോണ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ചൂടും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാരണം കാട്ടുതീ വ്യാപനം ശക്തമായിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
