വാഷിംഗ്ർൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് രാഷ്ട്രീയ തിരിച്ചടിയായി വൈറ്റ് ഹൗസ് ബോൾറൂം പദ്ധതിയുമായി ബന്ധപ്പെട്ട 100 കോടി ഡോളറിന്റെ ഫണ്ടിംഗ് നിർദേശം സെനറ്റ് റിപ്പബ്ലിക്കൻമാർ പിൻവലിച്ചു. കുടിയേറ്റ നിയന്ത്രണ ബില്ലിനോടൊപ്പം ഉൾപ്പെടുത്തിയിരുന്ന സീക്രട്ട് സർവീസ് ഫണ്ടാണ് ഒഴിവാക്കിയത്.
'ബോൾറൂം പദ്ധതിക്കുള്ള പണം ഒഴിവാക്കിയെന്നാണ് ഞങ്ങളോട് പറഞ്ഞത്,' റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെന്നഡി പ്രതികരിച്ചു. അന്തിമ ബിൽ പൂർണമായി വായിച്ചശേഷം മാത്രമേ കൂടുതൽ പ്രതികരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
സെനറ്റ് പാർലമെന്റേറിയയായ എലിസബത്ത് മക് ഡൊണഫ് നൽകിയ നിർണായക തീരുമാനമാണ് ഫണ്ട് പിൻവലിക്കാനുള്ള പ്രധാന കാരണം. ബജറ്റ് പുനഃസംഘടനാ ചട്ടങ്ങൾ ലംഘിക്കുന്ന രീതിയിലാണ് ഈ വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയതെന്നാണ് അവരുടെ കണ്ടെത്തൽ.
കുടിയേറ്റ നിയമവുമായി ബന്ധപ്പെട്ട ബില്ലിൽ വൈറ്റ് ഹൗസ് ബോൾറൂം പദ്ധതിക്കായി പണം ഉൾപ്പെടുത്തുന്നതിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും എതിർപ്പ് ശക്തമായിരുന്നു. സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ തൂൺ പാർട്ടി അംഗങ്ങളുമായി നടത്തിയ രഹസ്യ യോഗത്തിൽ ആവശ്യമായ പിന്തുണ ലഭിക്കാത്തതും നടപടിക്രമപരമായ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ടുകൾ.
ആകെ 100 കോടി ഡോളറിന്റെ ഫണ്ടിൽ ഏകദേശം 220 മില്യൺ ഡോളർ മാത്രമാണ് ബോൾറൂമുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങൾക്കും വൈറ്റ് ഹൗസ് സുരക്ഷ ശക്തിപ്പെടുത്തലിനുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ഇതിനെക്കുറിച്ചുള്ള സംശയങ്ങൾ പല സെനറ്റർമാരും ഉയർത്തി.
വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിങ് നവീകരണ പദ്ധതിയുടെ ഭാഗമായാണ് ബോൾറൂം നിർമാണം മുന്നോട്ടുവെച്ചത്. എന്നാൽ പദ്ധതിക്ക് നിയമപരമായ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ഫെഡറൽ കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. എന്നിട്ടും കോൺഗ്രസ് പിന്തുണ ലഭിച്ചതായി കാണിക്കാനായിരുന്നു വൈറ്റ് ഹൗസിന്റെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ ട്രംപ് ശക്തമായി പ്രതികരിക്കുമെന്ന ആശങ്ക റിപ്പബ്ലിക്കൻ നേതാക്കൾക്കിടയിൽ ഉയരുന്നുണ്ട്. നേരത്തെ എലിസബത്ത് മക്‌ഡൊണഫിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, ബില്ലിനെ കൂടുതൽ സങ്കീർണമാക്കുന്ന രീതിയിൽ ഡെമോക്രാറ്റുകൾ പുതിയ ഭേദഗതികൾ കൊണ്ടുവരാനും ഒരുങ്ങുകയാണ്. ട്രംപുമായി ബന്ധപ്പെട്ട കേസുകളിൽ രൂപീകരിച്ച നീതിന്യായ വകുപ്പിന്റെ 'ആന്റിവെപ്പണൈസേഷൻ' ഫണ്ടിനെതിരെയാണ് ഭേദഗതികൾ. ഇത് ട്രംപിന്റെ രാഷ്ട്രീയ അനുയായികൾക്ക് പ്രയോജനപ്പെടാമെന്ന വിമർശനവും ഉയരുന്നുണ്ട്.
ട്രംപിന്റെ അംഗീകാരത്തിനായി ഈ ആഴ്ച തന്നെ കുടിയേറ്റ ബിൽ അന്തിമമാക്കാനുള്ള തിരക്കിലാണ് റിപ്പബ്ലിക്കൻ നേതൃത്വം.
ട്രംപിന് തിരിച്ചടി; വൈറ്റ് ഹൗസ് ബോൾറൂം പദ്ധതിക്കുള്ള 100 കോടി ഡോളർ ഫണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ പിൻവലിച്ചു
