സാൻ ഡിയാഗോ മസ്ജിദ് വെടിവെപ്പ്: അക്രമികളടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു; ആക്രമണം വിദ്വേഷക്കുറ്റമെന്ന സംശയത്തിൽ അന്വേഷണം

സാൻ ഡിയാഗോ മസ്ജിദ് വെടിവെപ്പ്: അക്രമികളടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു; ആക്രമണം വിദ്വേഷക്കുറ്റമെന്ന സംശയത്തിൽ അന്വേഷണം


സാൻ ഡിയാഗോ : അമേരിക്കയിലെ സാൻഡിയാഗോ ഇസ്ലാമിക് സെന്റർ മസ്ജിദിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ സമീപത്തെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മസ്ജിദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നതിനാൽ ഇത് വിദ്വേഷക്കുറ്റമാകാമെന്ന നിലയിലാണ് അന്വേഷണം പരോഗമിക്കുന്നത്.

ആക്രമണവുമായി ബന്ധപ്പെട്ട് മരിച്ചവരായ പ്രതികൾക്ക് 17, 19 വയസുകളാണെന്ന് സാൻ ഡിയാഗോ പൊലീസ് മേധാവി സ്‌കോട്ട് വാൽ അറിയിച്ചു. ഇവർ സ്വയം വെടിവെച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസുകാർ വെടിയുതിർത്തെന്ന തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസിന്റെ അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

മസ്ജിദ് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നതിനാൽ ഇതിനെ വിദ്വേഷക്കുറ്റമായി പരിഗണിക്കുന്നതായി സ്‌കോട്ട് വാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ പ്രാദേശിക പൊലീസും എഫ്ബിഐയും ചേർന്നാണ് അന്വേഷണം നടത്തുന്നത്. ആവശ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് അന്വേഷണം ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ മസ്ജിദിലെ സുരക്ഷാ ജീവനക്കാരനാണ്. ആക്രമണം കൂടുതൽ രൂക്ഷമാകാതിരിക്കാൻ അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നുവെന്ന് പൊലീസ് വിലയിരുത്തുന്നു. മസ്ജിദ് സമുച്ചയത്തിന് പുറത്തുവച്ചാണ് മൂന്ന് പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നീട് സമീപത്തെ വാഹനത്തിനുള്ളിൽ പ്രതികളെന്ന് കരുതുന്ന രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മസ്ജിദിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വലിയ തോതിലുള്ള തെളിവുകൾ പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ആക്രമണത്തിന് മുൻപും ശേഷവും നടന്ന സംഭവങ്ങൾ വിശദമായി പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

അമേരിക്കയിൽ മുസ്ലിം സമൂഹത്തിനെതിരായ വിദ്വേഷവും വിവേചനവും വർധിക്കുന്ന സാഹചര്യത്തിലാണ് സാൻ ഡിയാഗോയിലെ ഏറ്റവും വലിയ മസ്ജിദിലുണ്ടായ ഈ ആക്രമണം.  കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ്  നൽകിയ കണക്കുകൾ പ്രകാരം, 2025ൽ രാജ്യത്താകെ 8,683 മുസ്ലിം വിരുദ്ധ പരാതികളാണ് ലഭിച്ചത്. 1996ൽ സംഘടന ഇത്തരം പരാതികൾ രേഖപ്പെടുത്തിത്തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിതെന്ന് സംഘടന അറിയിച്ചു.