യു എസ് സൈനിക വിവരങ്ങളുടെ ഉപഗ്രഹ വിവരങ്ങള്‍ നല്‍കി റഷ്യ ഇറാനെ സഹായിച്ചെന്ന് റിപ്പോര്‍ട്ട്

യു എസ് സൈനിക വിവരങ്ങളുടെ ഉപഗ്രഹ വിവരങ്ങള്‍ നല്‍കി റഷ്യ ഇറാനെ സഹായിച്ചെന്ന് റിപ്പോര്‍ട്ട്


വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്നതിനിടെ ഇറാനെ റഷ്യ സഹായിച്ച് അമേരിക്കന്‍ സൈനികരുടെ നിലപാടുകളെക്കുറിച്ചുള്ള ഉപഗ്രഹ വിവരങ്ങള്‍ പങ്കുവെച്ചുവെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദി വാഷിംഗ്ടണ്‍ പോസ്റ്റാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്. അമേരിക്കന്‍ ഇന്റലിജന്‍സ് ബ്രിഫിംഗുകളെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ഇറാന് റഷ്യ നല്‍കിയ വിവരങ്ങളില്‍ അമേരിക്കന്‍ സൈനികര്‍, കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുടെ സ്ഥാനവും നീക്കങ്ങളും കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പറയുന്നു.

ഈ വിവരങ്ങളുടെ ഭൂരിഭാഗവും റഷ്യയുടെ ഓവര്‍ഹെഡ് സാറ്റലൈറ്റ് നെറ്റ്വര്‍ക്കില്‍ നിന്നാണ് ലഭിച്ചതെന്നാണ് ഒരു സ്രോതസ് പറഞ്ഞത്. എന്നാല്‍ ഈ സഹായത്തിന് പ്രതിഫലമായി റഷ്യക്ക് ഇറാനില്‍ നിന്ന് എന്താണ് ലഭിക്കുന്നതെന്ന് വ്യക്തമല്ല.

റഷ്യ നല്‍കിയ ലക്ഷ്യ വിവരങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ നടത്തിയ ഏതെങ്കിലും പ്രത്യേക ആക്രമണം ഇതുവരെ വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കലും അടുത്തിടെ നടന്ന ചില ഇറാനിയന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ അമേരിക്കന്‍ സൈന്യം ഉണ്ടായിരുന്ന സ്ഥലങ്ങളെ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഞായറാഴ്ച കുവൈത്തിലെ ഒരു താത്ക്കാലിക സൈനിക കേന്ദ്രത്തില്‍ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം നടന്നതില്‍ ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ചൈന ഇറാനെ ചെറിയ രീതിയിലെങ്കിലും സഹായിക്കാന്‍ സാധ്യതയുണ്ടോ എന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക സഹായം, സ്‌പെയര്‍ പാര്‍ട്‌സ്, മിസൈല്‍ ഘടകങ്ങള്‍ എന്നിവ നല്‍കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.

എന്നാല്‍ ചൈന ഇതുവരെ യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടിട്ടില്ല. ഇറാനില്‍ നിന്നുള്ള എണ്ണയില്‍ ഏറെ ആശ്രയിക്കുന്നതിനാല്‍, ഹോര്‍മുസ് കടലിടുക്ക് വഴി കപ്പല്‍ ഗതാഗതം സുരക്ഷിതമായി തുടരണമെന്ന് ബീജിംഗ് തെഹ്‌റാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമേരിക്കന്‍ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്ത് റഷ്യയുടെയും ചൈനയുടെയും പങ്ക് ചെറുതാക്കിയാണ് കാണുന്നത്. ഇറാനുമായുള്ള യുദ്ധത്തില്‍ അവ വലിയ ഘടകമല്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

അടുത്ത വര്‍ഷങ്ങളിലായി റഷ്യയും ഇറാനും തമ്മിലുള്ള സൈനിക സഹകരണം ശക്തമായിട്ടുണ്ട്. ഇറാന്‍ റഷ്യക്ക് 'ഷഹീദ്' ഡ്രോണുകളും ചെറുദൂര ബാലിസ്റ്റിക് മിസൈലുകളും നല്‍കുകയും അവ യുക്രെയ്‌നെതിരായ ആക്രമണങ്ങളില്‍ ഉപയോഗിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഇറാനെതിരായ അമേരിക്കന്‍ സൈനിക പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ അരലക്ഷത്തിലധികം സൈനികരും ഇരുന്നൂറിലധികം യുദ്ധവിമാനങ്ങളും രണ്ട് വിമാനവാഹിനി കപ്പലുകളും പങ്കെടുത്തിട്ടുണ്ടെന്ന് യു എസ് സെന്‍ട്രല്‍ കമാന്റ് മേധാവി ബ്രാഡ് കൂപ്പര്‍ അറിയിച്ചു.

പെന്റഗണിന്റെ നിലവിലെ സൈനിക ലക്ഷ്യം ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഷി ഇല്ലാതാക്കുക എന്നതാണ്. ഇറാന്‍ തങ്ങളുടെ ആണവ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ ബാലിസ്റ്റിക് മിസൈലുകള്‍ 'കവചം' പോലെ ഉപയോഗിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ഹെഗ്സത്ത് പറഞ്ഞു.