സ്‌നോ ബോൾ വിവാദം: മേയർ സോഹ്രാൻ മംദാനിയും ന്യൂയോർക്ക് പോലീസ് വിഭാഗവും തമ്മിൽ ഭിന്നത

സ്‌നോ ബോൾ വിവാദം: മേയർ സോഹ്രാൻ മംദാനിയും ന്യൂയോർക്ക് പോലീസ് വിഭാഗവും തമ്മിൽ ഭിന്നത


ന്യൂയോർക്ക് : ന്യൂയോർക്കിലെ മഞ്ഞുവീഴ്ചയ്ക്കിടെ പാർക്കിൽ നടന്ന മഞ്ഞുപന്ത് (Snow ball) ഏറ് സംഭവം നഗര രാഷ്ട്രീയത്തിൽ വിവാദമായി മാറി. മേയർ സോഹ്രാൻ മംദാനിയും ന്യൂയോർക്ക് പോലീസ് വകുപ്പും തമ്മിലുള്ള ആദ്യ വലിയ ഭിന്നതയായി ഇത് മാറിയിരിക്കുകയാണ്.

തിങ്കളാഴ്ച നടന്ന ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ മാൻഹട്ടനിലെ വാഷിങ്ടൺ സ്‌ക്വയർ പാർക്കിൽ യുവാക്കൾ മഞ്ഞുപന്ത് എറിഞ്ഞ് കളിച്ചുകൊണ്ടിരിക്കെ പോലീസ് എത്തിയതോടെയാണ് സംഭവം വിവാദമായത്. പാർക്കിൽ ആക്രമണപരമായ രീതിയിൽ മഞ്ഞ് എറിഞ്ഞതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ മഞ്ഞുപന്ത് എറിഞ്ഞുവെന്നാരോപിച്ച് ന്യൂയോർക്ക് പോലീസ് വകുപ്പ് സംഭവത്തെ 'ആക്രമണം' എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ മേയർ സോഹ്രാൻ മംദാനി മാധ്യമങ്ങളോട് പ്രതികരിച്ച്, 'ഞാൻ കണ്ടത് ഒരു മഞ്ഞുപന്ത് കളിയാണ്. അത് നിയന്ത്രണം വിട്ടുപോയി, അതനുസരിച്ച് തന്നെ പരിഗണിക്കണം,' എന്ന് പറഞ്ഞു. തുടർച്ചയായി ചോദ്യംചെയ്തപ്പോഴും ആരെയെങ്കിലും കുറ്റക്കാരാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ അദ്ദേഹം അതേ നിലപാടിൽ ഉറച്ചു.

എന്നാൽ മേയർ സംഭവത്തിന്റെ ഗൗരവം ചെറുതാക്കി കാണിക്കുകയാണെന്ന്  ന്യൂയോർക്ക് പോലീസ് അസോസിയേഷൻ എന്ന പോലീസ് യൂണിയന്റെ പ്രസിഡന്റ് ആരോപിച്ചു. ഇതോടെ വിഷയം കൂടുതൽ രാഷ്ട്രീയരൂപം കൈക്കൊണ്ടു.

ആദ്യം ഇത് സാധാരണ വിനോദമായിരുന്നുവെന്നും, പിന്നീട് പാർക്കിലെ ശുചിമുറികളുടെ മേൽക്കൂരയിൽനിന്ന് ചിലർ മഞ്ഞ് എറിയാൻ തുടങ്ങിയതോടെ കാര്യങ്ങൾ നിയന്ത്രണം വിട്ടുവെന്നും സംഭവത്തെ കുറിച്ച് പ്രതികരിച്ച പാർക്കിൽ ഉണ്ടായിരുന്ന രാഹുൽ നാഗ് എന്ന യുവാവ് പറഞ്ഞു. 'ഇത് അക്രമമാകാൻ ഉദ്ദേശിച്ചിരുന്നില്ല. യുവാക്കൾ തമ്മിലുള്ള കളി മാത്രമായിരുന്നു. പിന്നീട് അത് പോലീസുമായുള്ള വാക് പോരും മഞ്ഞേറുമായി മാറി,' എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ഉദ്യോഗസ്ഥർക്കും അവരുടെ വാഹനങ്ങൾക്കുമെതിരെ യുവാക്കളുടെ മഞ്ഞുപന്ത് എറിയൽ തുടർന്നുവെന്നാണ് പോലീസിന്റെ ആരോപണം. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ചെറുപരിക്കേറ്റതായും, മുറിവുകൾക്ക് ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു.

'പോലീസിനെതിരായ ഇത്തരം പെരുമാറ്റം അപമാനകരവും കുറ്റകരവുമാണ്' എന്ന് പോലീസ് കമ്മീഷണർ ജെസിക്ക ടിഷ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിൽ, വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും, മഞ്ഞുപന്ത് എറിഞ്ഞതായി സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ടതായും അറിയിച്ചു. ബുധനാഴ്ച വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം, മേയർ സോഹ്രാൻ മംദാനി പോലീസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തെ മഞ്ഞുവീഴ്ചയ്ക്കിടെ നഗരത്തെ സുരക്ഷിതമായി നിലനിർത്താൻ പോലീസ് മുന്നിൽ തന്നെനിലകൊണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. 'നഗരത്തിലെ ജീവനക്കാർ ആദരവിന് അർഹരാണ്. നമ്മുടെ നഗര ജീവനക്കാരിൽ മഞ്ഞുപന്ത് എറിയേണ്ട ഒരേയൊരു വ്യക്തി ഞാനാണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസപരമായ പരാമർശം.

സംഭവം മേയർക്കും പോലീസ് നേതൃത്യത്തിനുമിടയിലെ ബന്ധത്തിൽ പുതിയ പരീക്ഷണമായി മാറിയിരിക്കുകയാണ്. ദേശീയ തലത്തിൽ ശ്രദ്ധ നേടുന്ന സോഹ്രാൻ മംദാനി, പോലീസിന്റെ പിന്തുണ നഷ്ടപ്പെടാതെ മുന്നോട്ടുപോകാൻ സൂക്ഷ്മമായ നീക്കങ്ങളാണ് നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.