എപ്സ്റ്റീന്റെ വമ്പൻ രഹസ്യങ്ങൾ ഇപ്പോളും സ്റ്റോറേജ് ലോക്കറുകളിൽ: എഫ്ബിഐ പരിശോധിക്കാതിരുന്ന ആറ് യൂണിറ്റുകൾ എന്താണ് മറച്ചുപിടിക്കുന്നത്?

എപ്സ്റ്റീന്റെ വമ്പൻ രഹസ്യങ്ങൾ ഇപ്പോളും സ്റ്റോറേജ് ലോക്കറുകളിൽ: എഫ്ബിഐ പരിശോധിക്കാതിരുന്ന ആറ് യൂണിറ്റുകൾ എന്താണ് മറച്ചുപിടിക്കുന്നത്?


ന്യൂയോർക്ക്:  ലൈംഗിക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീൻ അമേരിക്കയിലുടനീളം രഹസ്യ സ്റ്റോറേജ് യൂണിറ്റുകളിൽ കമ്പ്യൂട്ടറുകളും ഫോട്ടോകളും സൂക്ഷിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 2019ൽ കസ്റ്റഡിയിൽ മരിക്കുന്നതുവരെ കുറഞ്ഞത് ആറു ലോക്കറുകൾ വാടകയ്ക്ക് എടുത്തിരുന്നുവെന്നാണ് നീതിന്യായ വകുപ്പിന്റെ വെളിപ്പെടുത്തലുകളുടെ ഭാഗമായി പുറത്തുവന്ന സാമ്പത്തിക രേഖകൾ സൂചിപ്പിക്കുന്നത്.

എപ്സ്റ്റീൻ വാടകയ്ക്ക് എടുത്തിരുന്ന ഈ ലോക്കറുകൾ ഫെഡറൽ അധികാരികൾ തിരച്ചിൽ നടത്തിയിട്ടില്ലെന്ന് സേർച്ച് വാറണ്ടുകൾ വ്യക്തമാക്കുന്നതായി രേഖകൾ ഉദ്ധരിച്ച് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. അങ്ങനെ ആണെങ്കിൽ, എപ്സ്റ്റീനെയും അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്വാധീനമുള്ള വ്യക്തികളെയും സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും ആ രഹസ്യലോക്കറുകളിൽ ഒളിഞ്ഞുകിടക്കാമെന്നാണ് സംശയം.

എപ്സ്റ്റീന്റെ സൗഹൃദവലയത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ മൗണ്ട്ബാറ്റൻവിൻഡ്‌സർ (മുൻപ് പ്രിൻസ് ആൻഡ്രൂ എന്നറിയപ്പെട്ടിരുന്നു), ലോർഡ് മാൻഡൽസൺ എന്നിവരുടെ പേരുകൾ ഉൾപ്പെടുന്നു. ലോക്കറുകളിൽ എന്താണ് ശേഷിക്കുന്നതെന്നത് ഇപ്പോഴും വ്യക്തമല്ല.

2000കളുടെ മധ്യത്തിൽ ഫ്‌ളോറിഡയിലെ പാം ബീച്ചിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്താൻ തയ്യാറെടുക്കുമ്പോൾ എപ്സ്റ്റീൻ സ്വകാര്യ ഡിറ്റക്ടീവുകളെ നിയോഗിച്ച് കമ്പ്യൂട്ടറുകൾ നീക്കം ചെയ്തതായി ഇമെയിലുകളും ബില്ലുകളും സൂചിപ്പിക്കുന്നു. 2009 ഓഗസ്റ്റിലെ ഒരു സന്ദേശത്തിൽ, വാറണ്ട് ലഭിക്കുന്നതിന് മുമ്പ് എടുത്ത കമ്പ്യൂട്ടറുകളും രേഖകളും 'സ്റ്റോറേജിൽ ലോക്ക് ചെയ്തിരിക്കുന്നു' എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എപ്സ്റ്റീനെയും അദ്ദേഹത്തിന്റെ അഭിഭാഷകരെയും അറിയിച്ചതായി റിപ്പോർട്ട് പറയുന്നു. ഹാർഡ് ഡ്രൈവുകളുടെ പകർപ്പുകൾ എടുത്തതായും ഇമെയിലിൽ പരാമർശമുണ്ട്. ആ പകർപ്പുകൾക്ക് പിന്നാലെ എന്ത് സംഭവിച്ചുവെന്നത് വ്യക്തമല്ല.

2005ലെ റെയ്ഡിനുശേഷം പാം ബീച്ച് പോലീസ് മേധാവിയായിരുന്ന മൈക്കൽ റൈറ്റർ, വീട് 'വൃത്തിയാക്കിയ നിലയിലായിരുന്നു' എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ പുറത്തുവന്ന കത്തുകൾ ആ വൃത്തിയാക്കൽ യാദൃച്ഛികമല്ലായിരുന്നേക്കാമെന്നാണ് സൂചിപ്പിക്കുന്നത്.

2003 മുതൽ ഫ്‌ളോറിഡയിലെ 'അങ്കിൾ ബോബ്‌സ്' എന്ന സ്റ്റോറേജ് കേന്ദ്രത്തിലേക്ക് സ്ഥിരമായി പണമടച്ചിരുന്നു എന്നാണ് ക്രെഡിറ്റ് കാർഡ് രേഖകൾ വ്യക്തമാക്കുന്നത്. റോയൽ പാം ബീച്ചിലും മാൻഹട്ടനിലും മറ്റ് യൂണിറ്റുകളും വാടകയ്ക്ക് എടുത്തിരുന്നു. ന്യൂയോർക്കിലെ ഒരു യൂണിറ്റിന് മാസത്തിൽ ഏകദേശം 500 ഡോളർ വീതം വാടക നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്.

ഫ്‌ളോറിഡയിൽ എൽ ബ്രില്ലോ വേയിലെ 14,000 ചതുരശ്ര അടി വിസ്തീർണമുള്ള അദ്ദേഹത്തിന്റെ ആഡംബര ഭവനത്തിന് സമീപത്തായിരുന്നു ചില ലോക്കറുകൾ. ലൈംഗിക കടത്തൽ അന്വേഷണത്തിൽ പ്രധാനപ്പെട്ട സ്ഥലമായിരുന്നു ആ വീട്.

ഒരു യൂണിറ്റിൽ നിന്നുള്ളതെന്ന് കരുതുന്ന ചിത്രങ്ങളിൽ പെട്ടികളും പ്രൊജക്ടറുകളും കമ്പ്യൂട്ടർ ഉപകരണങ്ങളും കെട്ടിക്കിടക്കുന്ന ദൃശ്യങ്ങളുണ്ട്. എന്നാൽ ഈ സ്റ്റോറേജ് കേന്ദ്രങ്ങൾ എഫ്ബിഐ പരിശോധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ ഏജൻസി തയ്യാറായിട്ടില്ല. സ്റ്റോറേജ് കമ്പനികളും സ്വകാര്യതാ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രതികരണം ഒഴിവാക്കി.

എപ്സ്റ്റീന്റെ മരണത്തിന് വർഷങ്ങൾ കഴിഞ്ഞിട്ടും, ഈ രഹസ്യ ലോക്കറുകൾ ഇപ്പോഴും അനവധി ചോദ്യങ്ങൾ ഉയർത്തുകയാണ്.