അമേരിക്കയില്‍ 'ബെര്‍ത്ത് ടൂറിസ'ത്തിന് നിയന്ത്രണം; പുതിയ വിസ നയം പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം

അമേരിക്കയില്‍ 'ബെര്‍ത്ത് ടൂറിസ'ത്തിന് നിയന്ത്രണം; പുതിയ വിസ നയം പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം


വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസവിച്ച് കുഞ്ഞിന് പൗരത്വം നേടുന്നതിന് വിദേശികള്‍ നടത്തുന്ന 'ബെര്‍ത്ത് ടൂറിസം' നിയന്ത്രിക്കാന്‍ പുതിയ വിസ നിയന്ത്രണ നയം പ്രഖ്യാപിച്ച് അമേരിക്ക. പൗരത്വം നേടുകയെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം അമേരിക്കയിലെത്തുന്നവര്‍ക്കും ഇത്തരം യാത്രകള്‍ക്ക് സഹായം നല്‍കുന്നവര്‍ക്കുമെതിരെയാണ് നടപടി.

അമേരിക്കന്‍ കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്ത് ലാഭത്തിനായി യു എസ് പൗരത്വം വില്‍ക്കുന്ന രീതിയിലുള്ള വിദേശ വാണിജ്യ 'ബെര്‍ത്ത് ടൂറിസം' ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സെപ്റ്റംബര്‍ 23ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ വിസ അപേക്ഷകളില്‍ കള്ളം പറയാന്‍ വിദേശ പൗരന്മാര്‍ക്ക് പരിശീലനം നല്‍കുകയും അമേരിക്കയില്‍ പ്രസവം നടത്തുന്നതിനായി പതിനായിരക്കണക്കിന് ഡോളര്‍ ഈടാക്കുകയും ചെയ്യുന്ന ശൃംഖലകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് റൂബിയോ ആരോപിച്ചു. കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കുക എന്നതാണ് ഇത്തരം യാത്രകളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ 212(എ)(3)(സി) വകുപ്പ് പ്രകാരമാണ് പുതിയ വിസ നിയന്ത്രണ നയം നടപ്പാക്കുന്നതെന്ന് റൂബിയോ അറിയിച്ചു.

അമേരിക്കയിലേക്ക് 'ബെര്‍ത്ത് ടൂറിസം' നടത്തുന്നതില്‍ ബോധപൂര്‍വം ഏര്‍പ്പെടുന്നവരും നേരത്തെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും അതിന് സഹായം നല്‍കുന്നവരും പുതിയ നയത്തിന്റെ പരിധിയില്‍ വരും. വാണിജ്യാടിസ്ഥാനത്തിലുള്ള ബെര്‍ത്ത് ടൂറിസം ശൃംഖലകളുടെ ഉടമകള്‍, നടത്തിപ്പുകാര്‍, മാനേജര്‍മാര്‍, വിസ അപേക്ഷകരെ തട്ടിപ്പ് നടത്താന്‍ പരിശീലിപ്പിക്കുന്ന 'വിസ ഫിക്‌സര്‍മാര്‍', ഇത്തരം യാത്രകള്‍ക്കും മെഡികെയ്ഡ് സംവിധാനത്തിന്റെ വഞ്ചനാപരമായ ഉപയോഗത്തിനും അറിഞ്ഞുകൊണ്ട് സഹായിക്കുന്ന വിദേശ മെഡിക്കല്‍ സേവനദാതാക്കള്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് റൂബിയോ വ്യക്തമാക്കി.

അമേരിക്കന്‍ പൗരത്വത്തിന്റെ വിശ്വാസ്യത സംരക്ഷിക്കുക, അമേരിക്കന്‍ പൊതുജന ക്ഷേമ പദ്ധതികളും നികുതിദായകരെയും ചൂഷണത്തില്‍നിന്ന് സംരക്ഷിക്കുക, ദേശീയ സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി സ്വീകരിക്കുന്നതെന്ന് റൂബിയോ പറഞ്ഞു.

കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്ത് സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നവര്‍ക്കെതിരെ വിസ അനുവദിക്കുന്നത് നിയന്ത്രിക്കുന്നതിലൂടെ ഇത്തരം തട്ടിപ്പുകള്‍ക്ക് അമേരിക്ക അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസവത്തിലൂടെ അമേരിക്കന്‍ പൗരത്വം നേടുന്ന 'ബെര്‍ത്ത് ടൂറിസ'ത്തിനെതിരെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭരണകൂടം നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള ട്രംപിന്റെ നീക്കം ജൂണ്‍ 30ന് യു എസ് സുപ്രിം കോടതി തടഞ്ഞിരുന്നു.

തുടര്‍ന്ന് 2026 ഓഗസ്റ്റ് ആറിന് ജന്മാവകാശ പൗരത്വത്തിന്റെ ലഭ്യത പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള രണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരുന്നു.