ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് ഉള്‍പ്പെടെ വാഹന സുരക്ഷാ നിര്‍ബന്ധങ്ങള്‍ ഫലപ്രദമല്ലെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് ഉള്‍പ്പെടെ വാഹന സുരക്ഷാ നിര്‍ബന്ധങ്ങള്‍ ഫലപ്രദമല്ലെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍


വാഷിംഗ്ടണ്‍: സുരക്ഷാ ഉപകരണങ്ങളായ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് (എഇബി) ഉള്‍പ്പെടെയുള്ള വാഹനസുരക്ഷാ നിര്‍ബന്ധങ്ങള്‍ ഫലപ്രദമല്ലെന്നും വാഹനങ്ങളുടെ വില അനാവശ്യമായി ഉയര്‍ത്തുകയാണെന്നും ചൂണ്ടിക്കാട്ടി അമേരിക്കന്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ജനുവരിയില്‍ നടക്കുന്ന കമ്മിറ്റി യോഗത്തില്‍ ഈ നിയമങ്ങളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു.

സെനറ്റ് കൊമേഴ്സ്, സയന്‍സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റിയുടെ ജനുവരി 14നുള്ള യോഗത്തില്‍ ഡിട്രോയിറ്റിലെ മൂന്ന് പ്രധാന ഓട്ടോമൊബൈല്‍ കമ്പനികളുടെ സിഇഒമാരും ടെസ്ലയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പുതിയ കാറുകളുടെ വില എന്തുകൊണ്ട് ഇത്തരത്തില്‍ ഉയര്‍ന്നുവെന്നതിനാണ് അവര്‍ മറുപടി പറയേണ്ടത്.

കോവിഡിന് മുന്‍പ് ഏകദേശം 38,000 ഡോളറായിരുന്ന പുതിയ കാറുകളുടെ ശരാശരി വില ഈ ശരത്കാലത്തില്‍ 50,000 ഡോളറായി ഉയര്‍ന്നു. കാറിന്റെ അറ്റകുറ്റപ്പണി മുതല്‍ ലോണ്‍, ഇന്‍ഷുറന്‍സ് എന്നിവയടക്കം ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഉയര്‍ന്നിട്ടുണ്ട്.

അമേരിക്കക്കാരുടെ പ്രധാന ആശങ്കകളിലൊന്ന് കാറുകള്‍ വാങ്ങാന്‍ കഴിയുന്ന രീതിയില്‍ ഉണ്ടായിരിക്കണമെന്നതാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞു. 

ഓരോ വര്‍ഷവും അമേരിക്കയില്‍ 40,000-ത്തിലധികം പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ട തിരക്കിലാണ് സുരക്ഷാ സംഘടനകള്‍.

ഫലപ്രദമായ സാങ്കേതികവിദ്യ എല്ലാവരും ഉപയോഗിക്കുന്നത് ഉറപ്പാക്കാനുള്ള മികച്ച മാര്‍ഗം കര്‍ശനമായ നിയമനിര്‍മാണമാണെന്ന് ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റിയുടെ വക്താവ് പറഞ്ഞു.

പ്രതിരോധക്ഷമതയും സീറ്റ് ബെല്‍റ്റ് ഉപയോഗവും പോലെയുള്ള പ്രധാന സുരക്ഷാ പുരോഗതികള്‍ 1960-കളില്‍ നിന്ന് 1980-കളിലേക്കുള്ള കാലഘട്ടത്തിലാണ് ഉണ്ടായതെന്നും ഇപ്പോഴത്തെ സെന്‍സര്‍ പോലുള്ള 'ഹൈടെക്' സുരക്ഷാ ഉപകരണങ്ങള്‍ ചെലവേറിയതും പലപ്പോഴും ഫലപ്രദമല്ലാത്തതുമാണെന്നുമാണെന്ന് കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വാദിക്കുന്നു. 

ഈ വര്‍ഷം റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കളും ട്രംപ് ഭരണകൂടവും ചേര്‍ന്ന് ഇലക്ട്രിക് വാഹന നിര്‍ബന്ധങ്ങള്‍ ഉള്‍പ്പെടെ നിരവധി പരിസ്ഥിതി നിയമങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇത്തരം നിര്‍ബന്ധങ്ങള്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുന്നതിന് കാരണമാകുന്നുവെന്ന് അവര്‍ വാദിക്കുന്നു.

ഇന്ധന കാര്യക്ഷമതാ നിയമങ്ങള്‍ നിര്‍ബന്ധിതമായതോടെ കാറുകള്‍ ചെലവേറിയ ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറാന്‍ കമ്പനികളെ നിര്‍ബന്ധിക്കുന്നു.

എഇബി എന്ന ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം 2029 മുതല്‍ നിര്‍ബന്ധമാക്കുമെന്ന് എന്‍ എച്ച് ടി എസ് എ കഴിവര്‍ഷം പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ ഈ സാങ്കേതികവിദ്യ പ്രായോഗികമല്ലെന്നും ഡ്രൈവര്‍ പ്രതീക്ഷിക്കാത്തപ്പോള്‍ ബ്രേക്ക് പെട്ടെന്ന് പ്രയോഗിച്ച് അപകടസാധ്യത ഉണ്ടാക്കാമെന്നുമാണ് ഓട്ടോ കമ്പനികള്‍ വാദിക്കുന്നത്.

എന്നാല്‍ ഇത്തരം സാങ്കേതികവിദ്യ വര്‍ഷത്തില്‍ നൂറുകണക്കിന് മരണങ്ങള്‍ തടയാന്‍ സഹായിക്കുമെന്നാണ് പിന്തുണക്കുന്നവര്‍ പറയുന്നത്.

അടുത്ത വര്‍ഷം പുതുക്കുന്ന 300 ബില്യന്‍ ഡോളറിന്റെ വന്‍ ബജറ്റ് ഹൈവേ ബില്ലില്‍ റോഡും റെയിലും വികസിപ്പിക്കുന്നതിനുള്ള ഫണ്ടുകളും എന്‍ എച്ച് ടി എസ് എയ്ക്കുള്ള ധനസഹായവും ഉള്‍പ്പെടുന്ന പശ്ചാത്തലത്തിലാണ് ഹിയറിംഗ് നടക്കുന്നത്.