തെഹ്‌റാന്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും അമേരിക്കയുടെ പ്രഥമ വനിതയുമായ മെലാനിയ ട്രംപിനെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി (ഐ ആര്‍ ജി സി) അടുത്ത ബന്ധമുള്ളതായി കരുതപ്പെടുന്ന തസ്‌നിം ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ചതായി റിപ്പോര്‍ട്ട്. ട്രംപിന്റെ മകന്‍ ബാരന്‍ ട്രംപിനെയും ഭീഷണിപ്പെടുത്തുന്ന പരാമര്‍ശങ്ങളും വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്വാതന്ത്ര്യ പോരാളികളും ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുന്നവരും മെലാനിയ ട്രംപിനെ ലക്ഷ്യമിടണമെന്ന് വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നു. മെലാനിയ പതിവായി സന്ദര്‍ശിക്കുന്നതായി പറയപ്പെടുന്ന സ്ഥലങ്ങള്‍, അവര്‍ ഇഷ്ടപ്പെടുന്ന ഇടങ്ങള്‍, സാധനങ്ങള്‍ വാങ്ങാറുണ്ടെന്ന് അവകാശപ്പെടുന്ന കടകള്‍ എന്നിവയും വീഡിയോയില്‍ കാണിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
'മെലാനിയയെ എവിടെ വധിക്കാം?' എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീഡിയോയുടെ അവസാനത്തില്‍ ട്രംപിന്റെ മകന്‍ ബാരന്‍ ട്രംപിനെ ലക്ഷ്യമിട്ടും ഭീഷണി ഉയര്‍ത്തുന്ന സന്ദേശമുണ്ട്. 'അവന്‍ ഞങ്ങളെ കാത്തിരിക്കട്ടെ' എന്ന വാചകമാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇറാനിലെ തസ്‌നിം ന്യൂസ് ഏജന്‍സി ഔദ്യോഗികമായി ഐ ആര്‍ ജി സിയുടെ മാധ്യമ സ്ഥാപനമല്ലെങ്കിലും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി അടുത്ത ബന്ധമുള്ള മാധ്യമമായി വ്യാപകമായി വിലയിരുത്തപ്പെടുന്ന സ്ഥാപനമാണ്.
അമേരിക്കയും ഇറാനും തമ്മില്‍ മാസങ്ങളായി തുടരുന്ന വാക്പോരും സൈനിക സംഘര്‍ഷങ്ങളും രൂക്ഷമായ പശ്ചാത്തലത്തിലാണ് ഈ വീഡിയോ പുറത്തുവന്നത്. അതേസമയം, വീഡിയോയെക്കുറിച്ചോ അതിലെ ഉള്ളടക്കം ഇറാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നതാണോയെന്ന കാര്യത്തിലോ ഇറാന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
