വാഷിംഗ്ടണ്‍: ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇറാനെ വീണ്ടും ചര്‍ച്ചാ മേശയിലേക്ക് കൊണ്ടുവരാനുള്ള സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് ഈ നീക്കം.
ദി വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പറയുന്നതനുസരിച്ച്, ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ട്രംപ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ വാരാന്ത്യത്തില്‍ തന്നെ ആക്രമണം ആരംഭിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്യാമ്പ് ഡേവിഡില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍, ഇറാന്‍ നിലപാട് മാറ്റിയില്ലെങ്കില്‍ അമേരിക്ക 'വളരെ ശക്തമായി ആക്രമിക്കുമെന്ന്' ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാന് സഹിക്കാനാകാത്ത അവസ്ഥയിലേക്ക് എത്തുമെന്നും ചര്‍ച്ചകളില്‍ അവര്‍ പലതവണ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഏകോപിത സൈനിക നടപടി ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇറാന്റെ വൈദ്യുതി നിലയങ്ങളും എണ്ണ ശുദ്ധീകരണശാലകളും ഉള്‍പ്പെടെയുള്ള ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും സംയുക്ത ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. വാരാന്ത്യത്തില്‍ തന്നെ ആക്രമണം നടന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ നിര്‍ദിഷ്ട ആക്രമണത്തിന് ട്രംപ് ഇതുവരെ അന്തിമ അനുമതി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച പെന്റഗണ്‍ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍, പ്രസിഡന്റിന്റെ അന്തിമ തീരുമാനത്തിന് മുമ്പ് ആക്രമണലക്ഷ്യങ്ങളെയോ സൈനിക പദ്ധതികളെയോ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ ഏത് നിമിഷവും നടപ്പാക്കാന്‍ പ്രതിരോധ വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് പാര്‍നെല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണത്തിന് ട്രംപ് അനുമതി നല്‍കിയാല്‍, തിങ്കളാഴ്ച ആഗോള ധനവിപണികള്‍ വീണ്ടും തുറക്കുന്നതിന് മുമ്പ് സൈനിക നടപടി പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്ന് തയ്യാറെടുപ്പുകളെക്കുറിച്ച് അറിവുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
