വാഷിങ്ടണ്‍: ഖത്തര്‍ അമേരിക്കയ്ക്ക് സമ്മാനമായി നല്‍കിയ അത്യാഡംബര വിമാനം പ്രസിഡന്റുമാരുടെ യാത്രയ്ക്കുള്ള പുതിയ വിമാനമായി യു എസ് വ്യോമസേന ഔദ്യോഗികമായി അവതരിപ്പിച്ചു. നൂറുകണക്കിന് ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ഈ വിമാനം പ്രസിഡന്റിന്റെ പ്രത്യേക വിമാനങ്ങളുടെ വിഭാഗമായ പ്രസിഡന്‍ഷ്യല്‍ എയര്‍ലിഫ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് യു എസ് വ്യോമസേന അറിയിച്ചു.
'വിസി-25ബി ബ്രിഡ്ജ്' എന്ന പേരിലുള്ള വിമാനം സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പ്രത്യേക എക്‌സിക്യൂട്ടീവ് പ്ലാറ്റ്‌ഫോമായി രൂപകല്‍പ്പന ചെയ്തതാണെന്നും പ്രാരംഭ കമ്മിഷനിംഗ് വിമാനയാത്രകള്‍ ഉടന്‍ ആരംഭിക്കുമെന്നും വ്യോമസേന വ്യക്തമാക്കി.
ഖത്തര്‍ സമ്മാനമായി നല്‍കിയ വിമാനം സ്വീകരിച്ചതിനെച്ചൊല്ലി അമേരിക്കയില്‍ നേരത്തേ തന്നെ നൈതിക, ഭരണഘടനാപര, സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ രാഷ്ട്രീയ ചര്‍ച്ചകളും നടന്നിരുന്നു.
വാഷിങ്ടണിന് സമീപമുള്ള ജോയിന്റ് ബേസ് ആന്‍ഡ്രൂസിലെ ഹാംഗറിനുള്ളില്‍ നിന്ന് വിമാനത്തില്‍ നിന്നിറങ്ങിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യോമസേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് സൈനികരെ അഭിസംബോധന ചെയ്ത അദ്ദേഹം വിമാനത്തെ പ്രശംസിച്ചു. ഇതുപോലൊരു വിമാനം ഇനി ഉണ്ടാകില്ലെന്നും ഇത് തികച്ചും വ്യത്യസ്തമാണെന്നും ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ വിമാനമാണിതെന്നും ട്രംപ് പറഞ്ഞു.
വിമാനം സമ്മാനമായി സ്വീകരിക്കാതിരിക്കുന്നത് 'മണ്ടത്തരമായിരിക്കും' എന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. കാലാവധി കഴിഞ്ഞ ശേഷം ഈ ജെറ്റ് തന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിക്ക് സംഭാവന ചെയ്യാമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശവും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
1990-കളില്‍ മുതല്‍ സേവനത്തിലുള്ള നിലവിലെ രണ്ട് പരിഷ്‌കരിച്ച ബോയിങ് 747 വിമാനങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രാവിമാനങ്ങളായി ഉപയോഗിച്ചുവരുന്നത്. ലോകത്തിലെ ഏറ്റവും തിരിച്ചറിയപ്പെടുന്ന വിമാനങ്ങളില്‍ ഒന്നായ ഇവയ്ക്ക് പകരം പുതിയ വിമാനങ്ങള്‍ എത്തിക്കുകയെന്നത് ട്രംപിന്റെ ആദ്യ പ്രസിഡന്‍ഷ്യല്‍ കാലാവധി മുതല്‍ തന്നെ പ്രധാന പദ്ധതികളിലൊന്നായിരുന്നു.
പുതിയ വിമാനത്തിന്റെ താഴ്ഭാഗം നേവി ബ്ലൂ നിറത്തിലും മുകള്‍ഭാഗം നീല നിറത്തിലും ഇടയില്‍ നേര്‍ത്ത ചുവപ്പ് വരയോടുകൂടിയുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവിലെ നീല- വെളുപ്പ് നിറത്തിലുള്ള വിമാനങ്ങളില്‍നിന്ന് ഇത് വ്യത്യസ്തമാണ്.
അമേരിക്കന്‍ പ്രസിഡന്റ് സഞ്ചരിക്കുന്ന ഏത് വിമാനവും യാത്രയ്ക്കിടെ ഔദ്യോഗികമായി 'എയര്‍ ഫോഴ്‌സ് വണ്‍' എന്ന കോള്‍ സൈന്‍ ഉപയോഗിക്കും.
അതേസമയം പ്രസിഡന്റിന്റെ വിമാനപ്പടയ്ക്കായി രണ്ട് പുതിയ ബോയിങ് 747-8 വിമാനങ്ങള്‍ എത്തിക്കുന്ന പദ്ധതിയില്‍ ബോയിങ്ങുമായി അമേരിക്കന്‍ സര്‍ക്കാര്‍ സഹകരണം തുടരുകയാണ്. എന്നാല്‍ പദ്ധതി ആവര്‍ത്തിച്ചുള്ള കാലതാമസവും വര്‍ധിച്ച ചെലവും നേരിടുന്ന സാഹചര്യത്തിലാണ് ഖത്തറിന്റെ സമ്മാന വിമാനം സേവനത്തിലേക്ക് എത്തുന്നത്.
