ന്യൂയോർക്കിൽ ഖമനെയിയെ അനുസ്മരിച്ച് പ്രതിഷേധം; 'അമേരിക്കക്കും ഇസ്രായേലിനും മരണ' മെന്ന് മുദ്രാവാക്യം

ന്യൂയോർക്കിൽ  ഖമനെയിയെ അനുസ്മരിച്ച്   പ്രതിഷേധം; 'അമേരിക്കക്കും ഇസ്രായേലിനും മരണ' മെന്ന് മുദ്രാവാക്യം


ന്യൂയോർക്ക്: ഇറാന്റെ പരമോന്നത നേതാവായ അലി ഖമേനിയെ അനുസ്മരിച്ച് ന്യൂയോർക്കിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ചിലർ 'അമേരിക്കക്കും ഇസ്രായേലിനും മരണം' എന്ന മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് വിവാദം ഉയർന്നു.

പ്രതിഷേധക്കാർ ഒരു മേശയിൽ ഖമേനിയുടെ ചിത്രങ്ങൾ പൂക്കളും മെഴുകുതിരികളും വച്ച് സജ്ജമാക്കി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. 'ഇറാനുമായി ഐക്യദാർഢ്യം' എന്നെഴുതിയ പ്ലക്കാർഡുകളും ചിലർ ഉയർത്തി. കൂടാതെ ജെഫ്രി എപ്സ്റ്റീന്റെ ചിത്രം പതിച്ച പതാകകളും ചിലർ കൈയിൽ പിടിച്ചിരുന്നു.

പ്രതിഷേധത്തിൽ സംസാരിച്ച ഒരാൾ 'അയത്തൊല്ലാഹ് ജീവിച്ചതുപോലെ നമ്മളും ജനങ്ങൾക്കായി ജീവിക്കണം, അദ്ദേഹം മരിച്ചതുപോലെ തന്നെ നമ്മളും മരിക്കണം' എന്ന് കൂട്ടത്തോട് പറഞ്ഞു.

അതേസമയം സ്ഥലത്ത് എത്തിയ ഇറാൻ വിരുദ്ധ പ്രതിഷേധക്കാർ വേറൊരു വശത്ത് നിന്ന് 'യുഎസ്എ', 'തീവ്രവാദി' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു. 'ബിബി നന്ദി' എന്ന മുദ്രാവാക്യവും അവർ ഉയർത്തി.

രണ്ടു വിഭാഗങ്ങളെയും വേർതിരിക്കാൻ പൊലീസ് മെറ്റൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. സംഭവത്തിൽ സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.