കാലിഫോര്‍ണിയ: സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ 135-ാമത് ബിരുദദാന ചടങ്ങില്‍ രാഷ്ട്രീയ പ്രതിഷേധം. മുഖ്യപ്രഭാഷണം നടത്താനെത്തിയ ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈയ്‌ക്കെതിരെയാണ് പ്രതിഷേധമുണ്ടായത്.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ സുന്ദര്‍ പിച്ചൈ വേദിയില്‍ എത്തിയ ഉടന്‍ നൂറിലധികം വിദ്യാര്‍ഥികള്‍ ചടങ്ങ് ബഹിഷ്‌കരിച്ച് പുറത്തുപോവുകയായിരുന്നു. പാലസ്തീന്‍ അനുകൂല വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഈ നീക്കം.
ഗൂഗിളും ആമസോണും സംയുക്തമായി ഇസ്രായേല്‍ സര്‍ക്കാരുമായി ഒപ്പുവെച്ച 1.2 ബില്യണ്‍ ഡോളറിന്റെ 'പ്രോജക്ട് നിംബസ്' എന്ന ക്ലൗഡ് കമ്പ്യൂട്ടിങ്, നിര്‍മിത ബുദ്ധി സാങ്കേതികവിദ്യാ കരാറിനെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.
ഗാസയില്‍ തുടരുന്ന കനത്ത സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ സൈന്യത്തിന് പാലസ്തീനികളെ നിരീക്ഷിക്കാനും പീഡിപ്പിക്കാനും ഗൂഗിളിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
സ്റ്റാന്‍ഫോര്‍ഡ് സ്റ്റേഡിയത്തില്‍ സുന്ദര്‍ പിച്ചൈ സംസാരിക്കാന്‍ എഴുന്നേറ്റയുടന്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് പാലസ്തീന്‍ പതാകകള്‍ വീശുകയും 'പാലസ്തീന് സ്വാതന്ത്ര്യം നല്‍കുക' എന്ന മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കുകയും ചെയ്തു. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഈ പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നു. ഈ നീക്കം വ്യക്തിപരമായി സുന്ദര്‍ പിച്ചൈയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും മറിച്ച് ഗൂഗിളിന്റെ ജനവിരുദ്ധ നയങ്ങളിലേക്ക് ലോകശ്രദ്ധ തിരിക്കാനാണെന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ ഇറങ്ങിപ്പോക്കിനിടയിലും ബിരുദദാന ചടങ്ങുകള്‍ തുടര്‍ന്നു. സഭയിലുണ്ടായിരുന്ന ബാക്കി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സുന്ദര്‍ പിച്ചൈ തന്റെ പ്രഭാഷണം പൂര്‍ത്തിയാക്കി. കഠിനാധ്വാനം, പ്രതിസന്ധികളെ അതിജീവിക്കല്‍, വ്യക്തിപരമായ ശരിയായ തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ 'നിര്‍മിതബുദ്ധി' എന്ന വിഷയം തന്റെ പ്രസംഗത്തില്‍ അദ്ദേഹം ബോധപൂര്‍വ്വം പൂര്‍ണ്ണമായി ഒഴിവാക്കി. ഇന്ത്യയില്‍ നിന്നും ഒരു സാധാരണ വിദ്യാര്‍ഥിയായി സ്റ്റാന്‍ഫോര്‍ഡില്‍ എത്തിയ തന്റെ പഴയകാല ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. പ്രതിഷേധങ്ങളോട് വേദിയിലോ പുറത്തോ ഔദ്യോഗികമായി പ്രതികരിക്കാന്‍ സുന്ദര്‍ പിച്ചൈ തയ്യാറായില്ല.
