ചാർലി കിർക്ക് വധക്കേസ്; പ്രതിക്കെതിരെ തെളിവുകൾ ഹാജരാക്കാനൊരുങ്ങി പ്രോസിക്യൂഷൻ

ചാർലി കിർക്ക് വധക്കേസ്; പ്രതിക്കെതിരെ തെളിവുകൾ ഹാജരാക്കാനൊരുങ്ങി പ്രോസിക്യൂഷൻ


യൂട്ടാ: യാഥാസ്ഥിതിക രാഷ്ട്രീയ പ്രവർത്തകനും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർലി കിർക്കിന്റെ കൊലപാതകക്കേസിൽ നിർണായക കോടതി നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. പ്രതിയായ 23കാരൻ ടൈലർ ജെയിംസ് റോബിൻസണിനെ വിചാരണയ്ക്ക് അയയ്ക്കാൻ മതിയായ തെളിവുകളുണ്ടോയെന്ന് പരിശോധിക്കുന്ന പ്രാഥമിക വിചാരണയാണ് യൂട്ടായിലെ നാലാം ജില്ലാ കോടതിയിൽ നടക്കുന്നത്.

പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും വധശിക്ഷ ആവശ്യപ്പെടുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അഞ്ച് ദിവസം വരെ നീളാനിടയുള്ള വിചാരണയിൽ കിർക്കിന്റെ ഭാര്യ എറിക്ക കിർക്കും മാതാപിതാക്കളും പങ്കെടുക്കും.

2025 സെപ്തംബറിൽ യൂട്ടാ വാലി സർവകലാശാലയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ചാർലി കിർക്ക് വെടിയേറ്റ് മരിച്ചത്. ഏകദേശം 200 അടി അകലെയുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നാണ് വെടിയുതിർത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവശേഷം ഒളിവിൽ പോയ റോബിൻസൺ പിറ്റേദിവസം പൊലീസിന് കീഴടങ്ങി. വെടിവയ്പിന് മുമ്പ് റൂമേറ്റിനും പങ്കാളിക്കുമായി എഴുതിവെച്ച കുറിപ്പിൽ 'ചാർലി കിർക്കിനെ ഇല്ലാതാക്കാൻ അവസരം ലഭിച്ചു, അത് ഞാൻ ഉപയോഗിക്കും' എന്ന് രേഖപ്പെടുത്തിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിട്ടുണ്ട്.

കൊലപാതകം, ഗുരുതര പരിക്കേൽപ്പിക്കുന്ന തരത്തിൽ വെടിയുതിർത്തത്, നീതിനടപടി തടസ്സപ്പെടുത്തൽ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത് എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് റോബിൻസണിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതുവരെ പ്രതി കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.  പ്രാഥമിക തെളിവുകൾ തൃപ്തികരമാണെന്ന് കോടതി കണ്ടെത്തിയാൽ കേസ് വിചാരണയിലേക്ക് കടക്കും.