കെന്റക്കി( യുഎസ്എ) : പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ തുറന്ന വിമർശനം നടത്തിയ റിപ്പബ്ലിക്കൻ നേതാവും കെന്റക്കിയിൽ നിന്നുള്ള പ്രതിനിധിസഭാംഗവുമായ തോമസ് മാസി പ്രൈമറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച മുൻ നേവി സീൽ ഉദ്യോഗസ്ഥൻ എഡ് ഗാൽറെയ്ൻ ആണ് മാസ്സിയെ തോൽപ്പിച്ചത്.
ഇറാൻ യുദ്ധവും എപ്സ്റ്റീൻ ഫയലുകളും സംബന്ധിച്ച് ട്രംപിനെതിരെ നിലപാട് എടുത്തതോടെയാണ് മാസ്സി ട്രംപ് പക്ഷത്തിന്റെ പ്രധാന നോട്ടപ്പുള്ളിയായത്. തുടർന്ന് ട്രംപ് നേരിട്ട് ഇടപെട്ട് ഗാൽറെയ്‌നിനെ സ്ഥാനാർഥിയാക്കുകയും അവസാനഘട്ട പ്രചാരണത്തിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വരെ രംഗത്തെത്തുകയും ചെയ്തു.
33 മില്യൺ ഡോളർ ചെലവായ മത്സരം അടുത്തകാലത്തെ ഏറ്റവും ചെലവേറിയ പ്രതിനിധിസഭാ പ്രൈമറികളിലൊന്നായി മാറി. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ട്രംപിന്റെ സ്വാധീനം ഇപ്പോഴും ശക്തമാണെന്ന സൂചന കൂടിയായാണ് ഫലം വിലയിരുത്തപ്പെടുന്നത്.
കെന്റക്കിയിൽ ട്രംപിന് മറ്റൊരു രാഷ്ട്രീയ വിജയം കൂടി ലഭിച്ചു. വിരമിക്കുന്ന സെനറ്റർ മിച്ച് മാക് കൊണലിന്റെ ഒഴിവിലേക്ക് നടന്ന റിപ്പബ്ലിക്കൻ സെനറ്റ് പ്രൈമറിയിൽ ആൻഡി ബാർ വിജയിച്ചു. മുൻ അറ്റോർണി ജനറൽ ഡാനിയേൽ കാമറോണിനെ തോൽപ്പിച്ചാണ് ബാർ മുന്നിലെത്തിയത്.
ഇതിനിടെ ടെക്‌സസിലേക്കും ട്രംപ് ശ്രദ്ധ തിരിച്ചു. സെനറ്റ് പ്രൈമറി റൺഓഫിൽ സെനറ്റർ ജോൺ കോർണിസനെതിരെ മത്സരിക്കുന്ന ടെക്‌സസ് അറ്റോർണി ജനറൽ കെൻ പാക്‌സ്ടണിന് ട്രംപ് പിന്തുണ പ്രഖ്യാപിച്ചു. ഇത് റിപ്പബ്ലിക്കൻ നേതാക്കളിൽ അസ്വസ്ഥത സൃഷ്ടിച്ചതായും റപ്പോർട്ടുകളുണ്ട്.
ജോർജിയ, അലബാമ, പെൻസിൽവേനിയ, ഐഡഹോ, ഒറിഗൺ എന്നിവിടങ്ങളിലുമുള്ള പ്രൈമറി തിരഞ്ഞെടുപ്പുകൾ ട്രംപിന്റെ രാഷ്ട്രീയ ശക്തിയുടെ മറ്റൊരു പരീക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. ജോർജിയ ഗവർണർ സ്ഥാനാർഥിത്വ മത്സരത്തിൽ ട്രംപ് പിന്തുണച്ച ലഫ്. ഗവർണർ ബർട്ട് ജോൺസും ശ്രദ്ധാകേന്ദ്രമായി.
ട്രംപിനെതിരെ നിന്നതിന് തിരിച്ചടി; കെന്റക്കി പ്രൈമറിയിൽ തോമസ് മാസിക്ക് പരാജയം
