വാഷിങ്ടൺ: അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്തെ ട്വിൻ ഫാൾസിലുള്ള ഇൻഎൻഔട്ട് ബർഗർ റെസ്റ്റോറന്റിന് മുന്നിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ റെസ്റ്റോറന്റിലെ ഒരു ജീവനക്കാരനും ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു.
24കാരനായ ചാഡ് വില്യംസാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വെടിവെപ്പിനിടെ സ്ഥലത്തുണ്ടായിരുന്ന ഡ്യൂട്ടിയിലല്ലാത്ത ഐഡഹോ സ്റ്റേറ്റ് ട്രൂപ്പറും ഒരു സ്വകാര്യ പൗരനും പ്രതിയെ നേരിട്ടതോടെ ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് സ്വയം വെടിവെച്ച് മരിക്കുകയുമായിരുന്നുവെന്ന് ട്വിൻ ഫാൾസ് പൊലീസ് മേധാവി മാത്യു ഹിക്‌സ് അറിയിച്ചു.
ഇവരുടെ ഇടപെടൽ മൂലം കൂടുതൽ ആളപായം ഒഴിവാക്കാനായെന്ന് പൊലീസ് വിലയിരുത്തി. പരിക്കേറ്റ ഏഴ് പേരിൽ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.29ഓടെയാണ് ബ്ലൂ ലേക്‌സ് ബൂളവാർഡിലുള്ള റെസ്റ്റോറന്റിന് മുന്നിൽ വെടിവെപ്പ് നടന്നത്. എമർജെൻസി നമ്പറിലേക്ക് ലഭിച്ച ഫോൺവിളികളിൽ നിലവിളിയും വെടിയൊച്ചയും കേട്ടതായി പൊലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയുടെ കുടുംബാംഗങ്ങൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് നിലവിലെ അന്വേഷണ നിഗമനമെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് വിവിധ ഏജൻസികളിലെ വൻ പൊലീസ് സന്നാഹം സ്ഥലത്ത് വിന്യസിച്ച് അന്വേഷണം തുടരുകയാണ്.
അമേരിക്കയിലെ റെസ്റ്റോറന്റിന് മുന്നിൽ വെടിവെപ്പ്; മൂന്ന് മരണം; ഏഴ് പേർക്ക് പരിക്ക്; പ്രതി സ്വയം വെടിവെച്ച് ജീവനൊടുക്കിയെന്ന് പൊലീസ്
