ഫ്രാൻസിലെ എവിയാൻലെബെയ്നിൽ ജൂൺ 15 മുതൽ 17 വരെ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ഔദ്യോഗികമായി ഇരുരാജ്യങ്ങളും കൂടിക്കാഴ്ച പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇരുവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാൽ വേദിക്കു പുറത്ത് അനൗപചാരിക കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത നയതന്ത്ര വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
2025 ഫെബ്രുവരിയിൽ മോഡി വാഷിങ്ടൺ സന്ദർശിച്ചതിന് ശേഷം ഇരുനേതാക്കളും നേരിൽ കണ്ടിട്ടില്ല. അതിനാൽ ജി7 വേദിയിലെ കൂടിക്കാഴ്ച ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പ്രാധാന്യമേറിയതായിരിക്കുമെന്നാണ് വിലയിരുത്തൽ. വ്യാപാരം, പ്രതിരോധം, ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ മുന്നോട്ടുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കുമെന്നും കരുതപ്പെടുന്നു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഇപ്പോഴും അന്തിമമായിട്ടില്ല. അമേരിക്കയുടെ തീരുവ നയങ്ങളും അതുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങളും കാരണം ചർച്ചകൾ മന്ദഗതിയിലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ മോദി-ട്രംപ് കൂടിക്കാഴ്ച നടന്നാൽ വ്യാപാര കരാർ പ്രധാന ചർച്ചാവിഷയമാകാൻ സാധ്യതയുണ്ട്.
ഇതോടൊപ്പം, ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളും ചർച്ചയിലുണ്ടാകുമെന്നാണ് സൂചന. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഇരനേതാക്കളും വിലയിരുത്തിയേക്കും.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, റഷ്യ-ഉക്രൈൻ യുദ്ധം, ആഗോള സുരക്ഷാ വെല്ലുവിളികൾ എന്നിവയും ചർച്ചയിൽ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇന്ത്യയുടെ പങ്കാളിത്തം ഫ്രാൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിക്സ് അധ്യക്ഷ സ്ഥാനം ഇന്ത്യ വഹിക്കുന്ന സാഹചര്യത്തിൽ ആഗോള സാമ്പത്തിക വിഷയങ്ങളിലെ ചർച്ചകളിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണെന്നും ഫ്രാൻസ് വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ജി7 പങ്കാളിത്തവും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്രിമ ബുദ്ധി, വ്യാപാരം, നിർണായക ധാതുക്കളുടെ വിതരണ ശൃംഖല, കുടിയേറ്റം, ആഗോള സുരക്ഷ തുടങ്ങിയ വിഷയങ്ങളാകും ഉച്ചകോടിയിലെ പ്രധാന അജണ്ട. വിവിധ ആഗോള വിഷയങ്ങളിൽ സമവായം രൂപപ്പെടുത്തുന്നതിനും ഭാവി സഹകരണത്തിന് അടിത്തറ പാകുന്നതിനുമുള്ള വേദിയായിരിക്കും ഇത്തവണത്തെ ജി7 ഉച്ചകോടിയെന്ന് വിലയിരുത്തപ്പെടുന്നു.
ജി7 ഉച്ചകോടിയിൽ മോഡി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; വ്യാപാര കരാറും ക്വാഡ് സഹകരണവും ചർച്ചയാകാം
