ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ തിരക്കേറിയ റോഡില്‍ അടിയന്തരമായി ഇറക്കുന്നതിനിടെ ചെറുവിമാനം പിക്കപ്പ് ട്രക്കിലിടിച്ചു. നോര്‍ത്ത് ഫോര്‍ട്ട് മയേഴ്‌സിലെ ബേഷോര്‍ റോഡിലായിരുന്നു സംഭവം. അപകടത്തില്‍ വിമാനത്തിനും പിക്കപ്പ് ട്രക്കിനും കേടുപാടുകള്‍ സംഭവിച്ചു. റോഡില്‍ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ലീ കൗണ്ടി ഷെരീഫ് ഓഫീസിന്റെ വിവരമനുസരിച്ച് രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ പിന്‍ഭാഗം പിക്കപ്പ് ട്രക്കില്‍ ഇടിക്കുകയായിരുന്നു. സാങ്കേതിക തകരാറോ എന്‍ജിന്‍ സംബന്ധമായ പ്രശ്‌നമോ ഉണ്ടായതിനെത്തുടര്‍ന്നാണ് വിമാനം റോഡില്‍ ഇറക്കേണ്ടിവന്നതെന്നാണ് പ്രാഥമിക വിവരം.
ലീ കൗണ്ടി ഷെരീഫ് ഓഫീസ്, ഫ്‌ളോറിഡ ഗതാഗത വകുപ്പ്, ബേഷോര്‍ ഫയര്‍ റെസ്‌ക്യൂ, എയര്‍പോര്‍ട്ട് ഫയര്‍ റെസ്‌ക്യൂ വിഭാഗങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.
സംഭവസമയത്ത് ജോലിസ്ഥലത്തായിരുന്ന എലിസബത്ത് ക്ലെമന്റ്‌സും ഫെയ്ത്ത് ജോണും ആദ്യം കേട്ട ശബ്ദം വാഹനാപകടത്തിന്റേതാണെന്നാണ് കരുതിയത്. എന്നാല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ വിമാനം റോഡിലൂടെ ചാടിച്ചാടി നീങ്ങുന്നതാണ് കണ്ടതെന്ന് നോര്‍ത്ത് ഫോര്‍ട്ട് മയേഴ്‌സ് സ്വദേശിനിയായ ഫെയ്ത്ത് ജോണ്‍ പറഞ്ഞു.
വീടിന് മുന്നില്‍ ഇത്തരമൊരു കാഴ്ച ആദ്യത്തേതാണെന്ന് പ്രദേശവാസിയായ ലിന്‍ഡ്‌സെ വെഗേലിയന്‍ പ്രതികരിച്ചു. ഫ്‌ളോറിഡയില്‍ ഇത്തരം സംഭവങ്ങള്‍ അത്ര അത്ഭുതപ്പെടുത്തുന്നില്ലെന്നും ആര്‍ക്കും പരിക്കേല്‍ക്കാത്തതില്‍ ആശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.
ഈ വിമാനം നേരത്തെയും അടിയന്തര ലാന്‍ഡിങ്ങിന് നിര്‍ബന്ധിതമായിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ ഫോര്‍ട്ട് മയേഴ്‌സില്‍നിന്ന് സെബ്രിങ്ങിലേക്ക് മൂന്ന് പേരുമായി പറക്കുന്നതിനിടെ വിമാനത്തിന് എന്‍ജിന്‍ തകരാര്‍ സംഭവിച്ചതായി ഹൈലാന്‍ഡ് കൗണ്ടി ഷെരീഫ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ് എ എ) അന്വേഷണം ആരംഭിച്ചു. സെസ്‌ന 172 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. എന്‍ജിന്‍ സംബന്ധമായ പ്രശ്‌നം നേരിട്ടതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ഥ കാരണം അന്വേഷണത്തിലൂടെ വ്യക്തമാകും.
