ഷിക്കാഗോ: അമേരിക്കയിലെ മിഡ്‌വെസ്റ്റിലെയും കൊളറാഡോയിലെയും കനത്ത മഞ്ഞുവീഴ്ച യാത്രക്കാരെയും സാമൂഹ്യജീവിതത്തെയും പ്രതിസന്ധിയിലാഴ്ത്തുകയാണ്. താങ്ക്‌സ്ഗിവിംഗിന് ശേഷമുള്ള തിരക്കേറിയ വാരാന്ത്യ യാത്രകളില്‍ ശനിയാഴ്ച മാത്രം രാജ്യത്ത് 1,400ത്തിലധികം വിമാനങ്ങള്‍ റദ്ദാക്കി. മഞ്ഞുവീഴ്ചയും ഐസുംമൂലമുള്ള ദുഷ്‌കരാവസ്ഥയാണ് ഇതിന് കാരണമെന്ന് FlightAware റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡെസ് മോയിന്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഡിട്രോയിറ്റില്‍ നിന്ന് വന്ന ഡല്‍റ്റ കണക്ഷന്‍ ഫ്‌ളൈറ്റ് 5087 ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചു. ബോംബാര്‍ഡിയര്‍ C-R-J900 വിമാനം റണ്‍വേയില്‍ നിന്ന് വഴുതി ടാക്‌സിവേയുടെ പാകിയ ഭാഗം കടന്നിറങ്ങിയതായാണ് ഡല്‍റ്റ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. 54 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. എല്ലാവരെയും സുരക്ഷിതമായി പുറത്തെടുക്കുകയും ബസിലൂടെ ടെര്‍മിനലിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച ഷിക്കാഗോ ഒ'ഹെയര്‍ എയര്‍പോര്‍ട്ടിനെയാണ് മഞ്ഞുവീഴ്ച ഏറ്റവും ദോഷകരമായി ബാധിക്കപ്പെട്ടത്- 930ത്തിലേറെ വിമാനങ്ങള്‍ റദ്ദാകുകയും 750ത്തിലധികം സര്‍വീസുകള്‍ വൈകുകയും ചെയ്തു. മഞ്ഞുവീഴ്ചയും ഐസും ചേര്‍ന്നതിനാല്‍ സര്‍വീസുകള്‍ ശരാശരി അഞ്ച് മണിക്കൂര്‍ വൈകി. ഷിക്കാഗോ മിഡ്‌വേ എയര്‍പോര്‍ട്ടിലും 187 റദ്ദാക്കലുകളും 85 സര്‍വീസുകള്‍ വൈകലുമുണ്ടായി. ഇരു വിമാനത്താവളങ്ങളിലും ഗ്രൗണ്ട് സ്‌റ്റോപ്പ് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.
ഇന്ത്യാനയിലെ പുട്ട്‌നാംവില്ലില്‍, ഇന്റര്‍സ്‌റ്റേറ്റ്70 ഹൈവേയില്‍ 45 വാഹനങ്ങള്‍ ഇടിച്ച കൂട്ടഅപകടം മഞ്ഞുവീഴ്ചമൂലമാണെന്ന് സംസ്ഥാന പൊലീസ് അറിയിച്ചു. ഭാഗ്യവശാല്‍ വലിയ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൈവേ താത്കാലികമായി അടയ്‌ക്കേണ്ടി വന്നു.
കൊളറാഡോയിലും ഞായറാഴ്ച രണ്ട് വലിയ കൂട്ടഅപകടങ്ങള്‍ ഉണ്ടായി. ഗാര്‍ഫീല്‍ഡ് കൗണ്ടിയില്‍ ഗ്ലെന്‍വുഡ് സ്പ്രിംഗ്‌സിന് കിഴക്കായി 20ലധികം വാഹനങ്ങള്‍, പിന്നെ ഈഗിള്‍ കൗണ്ടിയില്‍ ഏകദേശം 30 വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളാണ് ഉണ്ടായത്. ഇവിടെയും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഐസ് പാളികള്‍നിറഞ്ഞ റോഡും കുറഞ്ഞ ദൂരക്കാഴ്ചയും അപകടങ്ങള്‍ക്ക് കാരണമായതായി അധികൃതര്‍ പറഞ്ഞു.
കോടിക്കണക്കിന് ആളുകള്‍ക്ക് മഞ്ഞുകാല മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി മുതല്‍ നോര്‍തേണ്‍ ഇല്ലിനോയിയിലെയും ഇന്ത്യാനയിലെയും വെസ്‌റ്റേണ്‍ മിഷിഗണിലെയും ഭാഗങ്ങളില്‍ അര അടിയോളം മഞ്ഞ് വീഴ്ച ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗം കൂടുന്നതിനാല്‍ വൈറ്റ്ഔട്ട് സാഹചര്യം കാരണം അത്യന്തം അപകടകരമായ യാത്രാ സാഹചര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ഈ മഞ്ഞുപെയ്യലിന്റെ പിന്നാലെ ഡിസംബര്‍ തുടക്കത്തിനുള്ള ശരാശരിയേക്കാള്‍ 10 മുതല്‍ 20 ഡിഗ്രി വരെ കുറഞ്ഞ താപനിലയുള്ള കടുത്ത ശൈത്യപ്രവാഹം ഉണ്ടായേക്കും. അടുത്ത ആഴ്ച മറ്റൊരു ശക്തമായ മഞ്ഞുവീഴ്ചയും ഉണ്ടാകാമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന.
യുഎസ് സംസ്ഥാനങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായി; വിമാനങ്ങള്‍ റദ്ദായി, വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി
