മിസിസിപ്പി തീരത്ത് ആറുപേരുമായി ചെറുവിമാനം തകര്‍ന്നുവീണു; തിരച്ചില്‍ തുടരുന്നു

മിസിസിപ്പി തീരത്ത് ആറുപേരുമായി ചെറുവിമാനം തകര്‍ന്നുവീണു; തിരച്ചില്‍ തുടരുന്നു


വിമാനത്തില്‍ രണ്ട് കുട്ടികളടക്കം ആറുപേര്‍; അവശിഷ്ടങ്ങള്‍ കണ്ടെത്തി, ആളുകളെ കണ്ടെത്താനായില്ല

വാഷിങ്ടണ്‍: അമേരിക്കയിലെ മിസിസിപ്പി തീരത്ത് രണ്ട് കുട്ടികളടക്കം ആറുപേരുമായി ചെറുവിമാനം തകര്‍ന്നുവീണു. അപകടത്തില്‍പ്പെട്ടവര്‍ക്കായി യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. എട്ടും പത്തും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും നാല് മുതിര്‍ന്നവരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഹോണ്‍ ഐലന്‍ഡിന് സമീപമാണ് അപകടമുണ്ടായത്.

സെസ്‌ന 210 വിഭാഗത്തില്‍പ്പെട്ട വിമാനം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30ഓടെ മിസിസിപ്പിയിലെ പാസ്‌കഗൗള നഗരത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്തുവച്ചാണ് തകര്‍ന്നുവീണതെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ്എഎ) പ്രാഥമിക വിവരം. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി 3.45ഓടെ എഫ്എഎ ടവര്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കുകയായിരുന്നു.

മിനിറ്റില്‍ ഏകദേശം 10,000 അടി വേഗത്തില്‍ താഴേക്ക് പതിച്ച വിമാനം ഹോണ്‍ ഐലന്‍ഡിന് രണ്ട് മൈല്‍ വടക്കുകിഴക്കുള്ള കടല്‍മേഖലയിലാണ് തകര്‍ന്നുവീണതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. തിരച്ചിലിനിടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും യാത്രക്കാരില്‍ ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

വിവിധ ഏജന്‍സികള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ന്യൂ ഓര്‍ലിയന്‍സില്‍നിന്ന് പുറപ്പെട്ട വിമാനം ഫ്‌ലോറിഡയിലെ ഫോര്‍ട്ട് മയേഴ്‌സിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണ് ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും സംഭവത്തില്‍ അന്വേഷണം നടത്തും. കടലില്‍ തിരച്ചില്‍ തുടരുന്നതിനാല്‍ വിമാനത്തിലുണ്ടായിരുന്ന ആറുപേരുടെ നില സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല