ഇന്ത്യ- യു.എസ് ഉഭയകക്ഷി വ്യാപാര കരാർ: ആദ്യഘട്ടത്തിന് അന്തിമരൂപമായെന്ന് കേന്ദ്രമന്ത്രി പിയൂഷ് ​ഗോയൽ

ഇന്ത്യ- യു.എസ് ഉഭയകക്ഷി വ്യാപാര കരാർ: ആദ്യഘട്ടത്തിന് അന്തിമരൂപമായെന്ന് കേന്ദ്രമന്ത്രി പിയൂഷ് ​ഗോയൽ


ന്യൂഡൽഹി: ഇന്ത്യ- യു.എസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബി.ടി.എ) ആദ്യ ഘട്ടത്തിലെ മിക്ക ഘടകങ്ങൾക്കും ഇരു രാജ്യങ്ങളും അന്തിമരൂപം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. കരാറിന്റെ ആ​ദ്യഘട്ടത്തിനുള്ള അവസാന തലത്തിലുള്ള ചർച്ചകൾക്കായി അമേരിക്കൻ സംഘം ന്യൂഡൽഹിയിലെത്തിയിട്ടുണ്ട്. ഇന്ന് മുതൽ 4 വരെ നടക്കുന്ന ചർച്ചകൾക്ക് വാണിജ്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി ദർപൺ ജെയിനും യു.എസ് പ്രതിനിധി ബ്രൻഡൻ ലിഞ്ചും നേതൃത്വം നൽകും. 

തർക്കങ്ങളെല്ലാം പരിഹരിച്ചെന്നും 99 ശതമാനം അന്തിമമാക്കിയെന്നും ഇന്ത്യയിലെ യു.എസ് അംബാസിഡർ സെർജിയോ ​ഗോർ അടുത്തിടെ പ്രസ്താവിച്ചത് ചൂണ്ടിക്കാട്ടിയ പിയൂഷ് ​ഗോയൽ, ആദ്യഘട്ട കരാറിൽ ഒപ്പിട്ടതിന് ശേഷം അന്തിമ കരാറിനായുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുമെന്ന് അറിയിച്ചു. 

ഉത്പന്നങ്ങളുടെ വിപണി പ്രവേശനം, താരിഫ് ഇതര നടപടികൾ, കസ്റ്റംസ്, വ്യാപാര സൗകര്യം, നിക്ഷേപ പ്രോത്സാഹനം തുടങ്ങിയ ഒന്നിലധികം മേഖലകളിൽ വിശാലമായ ബി.ടി.എയ്ക്ക് കീഴിലുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്. ബി.ടി.എയുടെ ആദ്യഘട്ടത്തിന്റെ ചട്ടക്കൂടിന് അന്തിമരൂപം നൽകിക്കൊണ്ട് ഫെബ്രുവരി 7ന് ഇന്ത്യയും യു.എസും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.