ദില്‍ജിത്ത് ദോസാഞ്ചിന്റെ പരിപാടിയില്‍ ഖലിസ്ഥാന്‍ പതാകയുമായി എത്തി; പിടികൂടി പുറത്തേക്ക് മാറ്റി

ദില്‍ജിത്ത് ദോസാഞ്ചിന്റെ പരിപാടിയില്‍ ഖലിസ്ഥാന്‍ പതാകയുമായി എത്തി; പിടികൂടി പുറത്തേക്ക് മാറ്റി


സാന്‍ ഫ്രാന്‍സിസ്‌കോ: പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത് ദോസാഞ്ചിന്റെ 'ഓറ വേള്‍ഡ് ടൂര്‍' ഭാഗമായി സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന സംഗീതപരിപാടിക്കിടെ ഖാലിസ്ഥാന്‍ പതാകയുമായി ഒരാള്‍ വേദിയിലേക്ക് അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് പരിപാടി അല്‍പസമയം തടസ്സപ്പെട്ടു. ചേസ് സെന്ററില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം.

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങളില്‍ ഖാലിസ്ഥാന്‍ പതാകയേന്തിയ ഒരാള്‍ ദില്‍ജിത് വേദിയില്‍ ഗാനാലാപനം നടത്തുന്നതിനിടെ സുരക്ഷാ വലയം മറികടന്ന് വേദിയിലേക്ക് പ്രവേശിക്കുന്നതായി കാണാം. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് ഇയാളെ പിടികൂടി പുറത്തേക്ക് മാറ്റിയതോടെ സ്ഥിതിഗതികള്‍ വഷളായില്ല.

വേദിക്ക് സമീപം പ്രതിഷേധക്കാരനെ ശ്രദ്ധയില്‍പ്പെട്ട ദില്‍ജിത് ദോസാഞ്ച് ഉടന്‍ തന്നെ അല്‍പം മാറിനില്‍ക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ നിയന്ത്രിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിന് പിന്നാലെ പരിപാടി നിര്‍ത്തിവെക്കാതെ പ്രശ്‌നം പരിഹരിച്ച ശേഷം ദില്‍ജിത് സംഗീതപരിപാടി തുടരുകയായിരുന്നു.

മറ്റു ചില വീഡിയോകളില്‍, വേദിക്ക് പുറത്തുവച്ച് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുന്നതും കാണാം. ദില്‍ജിത്തിന്റെ വടക്കേ അമേരിക്കന്‍ പര്യടനത്തിന്റെ അവസാനഘട്ട പരിപാടികളിലൊന്നായാണ് ജൂണ്‍ 20, 21 തിയ്യതികളില്‍ ചേസ് സെന്ററില്‍ തുടര്‍ച്ചയായ രണ്ട് ഷോകള്‍ സംഘടിപ്പിച്ചിരുന്നത്.

ഇതിന് മുന്‍പ് ദില്‍ജിത്തിന്റെ വിദേശ സംഗീതപരിപാടികളില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും വിവാദമായിരുന്നു. ഈ വര്‍ഷം കാനഡയില്‍ നടന്ന ഒരു പരിപാടിക്കിടെ ചിലര്‍ ഖാലിസ്ഥാന്‍ പതാകകള്‍ പ്രദര്‍ശിപ്പിക്കുകയും വേര്‍പിരിയല്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ദില്‍ജിത്ത് പ്രതികരിച്ചിരുന്നു. 

പ്രശ്‌നം ബാനറോ പതാകയോ അല്ലെന്നും അതിന് പിന്നിലെ ഉദ്ദേശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടി തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഉടന്‍ പുറത്താക്കാന്‍ താന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഏതെങ്കിലും പതാകയ്ക്കെതിരെ താന്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും ദില്‍ജിത് കുറിച്ചിരുന്നു.