വാഷിംഗ്ടണ്‍: അമേരിക്ക- ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട ഔദ്യോഗിക നഷ്ടക്കണക്കുകള്‍ പെന്റഗണ്‍ പുതുക്കി. വാരാന്ത്യത്തില്‍ പുതുക്കിയ പ്രതിരോധ വകുപ്പിന്റെ ഡിഫന്‍സ് കാഷ്വാലിറ്റി അനാലിസിസ് സിസ്റ്റം ഡേറ്റാബേസില്‍ 140-ലധികം പരിക്കേറ്റ സൈനികരെ കൂടി ഉള്‍പ്പെടുത്തിയതോടെ ആകെ പരിക്കേറ്റ അമേരിക്കന്‍ സൈനികരുടെ എണ്ണം 624 ആയി ഉയര്‍ന്നു. ജൂലൈ 7 മുതല്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത സൈനികര്‍ക്കായി 'ഓവര്‍സീസ് ഓപ്പറേഷന്‍സ്' എന്ന പുതിയ വിഭാഗവും ഡേറ്റാബേസില്‍ ചേര്‍ത്തിട്ടുണ്ട്.
പുതുക്കിയ കണക്കുകള്‍ പ്രകാരം, അമേരിക്ക- ഇറാന്‍ യുദ്ധത്തിന്റെ ആദ്യഘട്ടമായ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യില്‍ 14 സൈനികര്‍ കൊല്ലപ്പെടുകയും 400-ലധികം പേര്‍ക്ക് യുദ്ധത്തിനിടെ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ദിവസങ്ങള്‍ക്കുമുമ്പ് 18 മരണങ്ങളും 482 പേര്‍ക്ക് പരിക്കുമെന്നായിരുന്നു പെന്റഗണ്‍ പുറത്തുവിട്ട കണക്ക്. പിന്നീട് ഇത് കുറച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു.
ജൂലൈ 6 മുതല്‍ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും വീണ്ടും മിക്ക ദിവസങ്ങളിലും വ്യോമാക്രമണങ്ങള്‍ ആരംഭിച്ചിരുന്നു. ഈ പുതുക്കിയ പോരാട്ടത്തില്‍ ഉണ്ടായ നഷ്ടങ്ങള്‍ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യില്‍ നിന്ന് വേര്‍തിരിച്ച് കണക്കാക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടാണ് ഇപ്പോഴത്തെ പുതിയ വിഭാഗീകരണത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരമൊരു വേര്‍തിരിച്ചുള്ള കണക്കെടുപ്പ് അമേരിക്കന്‍ സൈനിക ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
1973-ലെ വാര്‍ പവേഴ്‌സ് ആക്ട് പ്രകാരം കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റിന് 60 ദിവസത്തിലധികം സൈനിക നടപടി തുടരാന്‍ കഴിയില്ല. എന്നാല്‍ ഏപ്രിലിലെ വെടിനിര്‍ത്തലോടെ യുദ്ധത്തിന്റെ സമയപരിധി മേയ് 1 മുതല്‍ വീണ്ടും കണക്കാക്കാമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. ജൂലൈ 7 മുതല്‍ ആരംഭിക്കുന്ന പ്രത്യേക നഷ്ടക്കണക്ക് ഈ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
ഈ ആഴ്ച ആദ്യം പെന്റഗണ്‍ പ്രസിദ്ധീകരിച്ച ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ഔദ്യോഗിക പട്ടികയില്‍, കഴിഞ്ഞ വാരാന്ത്യത്തിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് സൈനികരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ അവരുടെ മൃതദേഹങ്ങള്‍ അമേരിക്കയിലേക്ക് തിരിച്ചെത്തിച്ചതായി പിന്നീട് പുറത്തിറക്കിയ പെന്റഗണ്‍ വാര്‍ത്താക്കുറിപ്പില്‍ ആ നാല് പേരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.
'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യുടെ പുതുക്കിയ കണക്കുകളും പുതിയ 'ഓവര്‍സീസ് ഓപ്പറേഷന്‍സ്' വിഭാഗത്തിലെ വിവരങ്ങളും ചേര്‍ത്തുനോക്കുമ്പോള്‍, ഫെബ്രുവരി 28-ന് ഇറാനെതിരായ സൈനിക നടപടി ആരംഭിച്ചതിനുശേഷം ആകെ 18 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 624 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പെന്റഗണ്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതിനിടെ, യുദ്ധസമയപരിധിയെക്കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാഖ്യാനത്തെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളിലെ നിയമനിര്‍മാതാക്കള്‍ ചോദ്യം ചെയ്തിട്ടുണ്ട്.
ചെറിയൊരു വെടിനിര്‍ത്തലിനാല്‍ വേര്‍തിരിക്കപ്പെട്ട രണ്ട് വ്യത്യസ്ത ഇറാന്‍ യുദ്ധങ്ങളാണെന്ന് പെന്റഗണ്‍ നടിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ 90 ദിവസത്തിലേറെ സൈനിക നടപടി തുടരുന്നതിലൂടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് നിയമം ലംഘിക്കുകയാണെന്നും അതിന് അദ്ദേഹം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കെന്റക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി എക്സിലെ കുറിപ്പില്‍ ആരോപിച്ചു.
