വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സൈനിക മേധാവി ജനറൽ റാൻഡി ജോർജിനോട് ഉടൻ വിരമിക്കാൻ നിർദേശിച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപും ഹെഗ്‌സത്തും പിന്തുടരുന്ന നയങ്ങളോട് പൊരുത്തപ്പെടുന്ന പുതിയ നേതൃത്വമാണ് ആവശ്യമായതെന്നാണ് വിലയിരുത്തൽ.
2023ൽ നിയമിതനായ ജോർജിന്റെ കാലാവധി സാധാരണ നിലയിൽ 2027 വരെ നീളേണ്ടതായിരുന്നു. എന്നാൽ പുതിയ തീരുമാനം അദ്ദേഹത്തിന്റെ കാലാവധിയെ ചുരുക്കാനിടയാക്കുന്നു. വെസ്റ്റ് പോയിന്റിൽ നിന്ന് 1988ൽ സൈന്യത്തിൽ പ്രവേശിച്ച ജോർജ് ഗൾഫ് യുദ്ധം, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ജോർജിന്റെ പകരക്കാരനായി നിലവിലെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ക്രിസ്റ്റഫർ ലാ നെവിന്റെ പേരാണ് പരിഗണനയിൽ. മുമ്പ് 82ാം എയർബോൺ ഡിവിഷൻ കമാൻഡറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഹെഗ്‌സത്ത് ഇതിനകം തന്നെ നിരവധി മുതിർന്ന സൈനിക നേതാക്കളെ പദവിയിൽ നിന്ന് നീക്കിയിട്ടുണ്ട്. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ സി.ക്യു ബ്രൗൺ, നാവിക സേന മേധാവി അഡ്മിറൽ ലിസ ഫ്രാൻകെറ്റി എയർഫോഴ്‌സ് വൈസ് ചീഫ് ജനറൽ ജെയിംസ് സ്ലിഫി , പ്രതിരോധ ഇന്റലിജൻസ് ഏജൻസി മേധാവി ലെഫ്റ്റനന്റ് ജനറൽ ജെഫ്രി ക്രൂസ് എന്നിവരും ഇതിനകം നീക്കം ചെയ്യപ്പെട്ടവരിൽപ്പെടുന്നു.
നാഷ്‌വില്ലിൽ നടന്ന ഹെലികോപ്റ്റർ സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഈ നടപടി ശ്രദ്ധേയമാണ്. എന്നിരുന്നാലും, ജോർജിനോട് വിരമിക്കാൻ ആവശ്യപ്പെട്ടത് ആ സംഭവവുമായി ബന്ധപ്പെട്ടതല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പെന്റഗണിൽ നേതൃത്വ മാറ്റങ്ങൾ തുടരുമെന്ന സൂചനയായി പുതിയ നീക്കം വിലയിരുത്തപ്പെടുന്നു.
പെന്റഗണിൽ മാറ്റം: സൈനിക മേധാവി റാൻഡി ജോർജിനോട് വിരമിക്കാൻ നിർദേശിച്ചു
