സ്വകാര്യ വീടിന്റെ സുരക്ഷ: ഷാപിറോയ്ക്ക് നോട്ടീസ്; 'രാഷ്ട്രീയ വേട്ടയാടലെന്ന് ഗവര്‍ണര്‍

സ്വകാര്യ വീടിന്റെ സുരക്ഷ: ഷാപിറോയ്ക്ക് നോട്ടീസ്; 'രാഷ്ട്രീയ വേട്ടയാടലെന്ന് ഗവര്‍ണര്‍


ഹാരിസ്ബര്‍ഗിലെ ഔദ്യോഗിക വസതിക്ക്  അക്രമികള്‍ തീകൊളുത്തിയതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ചെലവഴിച്ച സര്‍ക്കാര്‍ തുകയെച്ചൊല്ലി പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോ വീണ്ടും വിവാദത്തില്‍. ഫിലഡല്‍ഫിയ ഉപനഗരത്തിലുള്ള ഗവര്‍ണറുടെ സ്വകാര്യ വീട്ടില്‍ ഏകദേശം 10 ലക്ഷം ഡോളറിന്റെ സുരക്ഷാ നവീകരണം നടത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ തേടി റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള സംസ്ഥാന നിയമസഭാ സമിതി മൂന്ന് സബ്പീനകള്‍ പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.

സെനറ്റ് ഇന്റര്‍ഗവണ്‍മെന്റല്‍ ഓപ്പറേഷന്‍സ് കമ്മിറ്റിയുടെ പാര്‍ട്ടിലൈന്‍ വോട്ടെടുപ്പ് (7-4) വഴിയാണ് നടപടി. പെന്‍സില്‍വാനിയ സ്‌റ്റേറ്റ് പൊലീസ്, ഗവര്‍ണറുടെ സ്വകാര്യ വസതി ഉള്ള ടൗണ്‍ഷിപ്പിലെ ഓപ്പണ്‍ റെക്കോര്‍ഡ്‌സ് ഓഫീസര്‍, ചാര്‍ട്ടര്‍ വിമാന കമ്പനി എന്നിവര്‍ക്കാണ് സബ്പീന. 2026 ജനുവരി 16നകം രേഖകള്‍ സമര്‍പ്പിക്കണം.

സ്വകാര്യ വീട്ടിലുണ്ടായ നിര്‍മ്മാണലാന്‍ഡ്‌സ്‌കേപ്പിങ് പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, ഇന്‍സ്റ്റലേഷന്‍, നിയമസേവനങ്ങള്‍, 2025 സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 19 വരെയുള്ള പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങള്‍, സുരക്ഷാ നവീകരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍, ഇമെയിലുകള്‍, സോണിങ് ഓഫിസറുമായി നടത്തിയ ആശയവിനിമയങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിശദമായ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഗവര്‍ണറുടെ ഓഫീസ് ക്രമീകരിച്ച ചില ചാര്‍ട്ടര്‍ വിമാന യാത്രകളുടെയും രേഖകള്‍ തേടുന്നുണ്ട്.

എന്നാല്‍ നടപടി ' രാഷ്ട്രീയ വേട്ടയാടല്‍ ' മാത്രമാണെന്ന് ഗവര്‍ണര്‍ ഓഫീസ് പ്രതികരിച്ചു. സ്‌റ്റേറ്റ് പൊലീസും സ്വതന്ത്ര സുരക്ഷാ വിദഗ്ധരും സമഗ്ര പരിശോധന നടത്തി കണ്ടെത്തിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ മെച്ചപ്പെടുത്തലുകളെന്ന് വക്താവ് വ്യക്തമാക്കി. സുരക്ഷാ പ്രോട്ടോകോളുകള്‍ ചോര്‍ന്നുപോകാതെ ഇതിനകം തന്നെ മതിയായ വിവരങ്ങള്‍ നിയമസഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പാസോവര്‍ ആഘോഷത്തിന് പിന്നാലെ ഏപ്രിലില്‍ വീടിനുനേരെ നടന്ന തീവെയ്പ് ആക്രമണത്തിന് ശേഷമാണ് സുരക്ഷ ശക്തമാക്കാന്‍ ശുപാര്‍ശകള്‍ വന്നത്. ഉയര്‍ന്ന രാഷ്ട്രീയ പ്രൊഫൈലുള്ള നേതാക്കള്‍ക്ക് നേരെയുള്ള ഭീഷണികള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ സംരക്ഷണം അനിവാര്യമാണെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങളും സമ്മതിക്കുന്നെങ്കിലും, ചെലവുകളുടെ കാര്യത്തില്‍ പൂര്‍ണ്ണമായ വെളിപ്പെടുത്തല്‍ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്. 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാധ്യതയുള്ള സ്ഥാനാര്‍ഥികളില്‍ ഒരാളായി ഷാപിറോയെ കണക്കാക്കുന്ന സാഹചര്യത്തില്‍, വിഷയം കൂടുതല്‍ രാഷ്ട്രീയ ചൂട് കൂട്ടുകയാണ്.