'സത്യം മറച്ചുവെയ്ക്കുന്നു'-എപ്സ്റ്റീൻ കേസിൽ ഹോവാർഡ് ലട്ട്‌നിക്കിനെതിരെ ഡെമോക്രാറ്റുകളുടെ രൂക്ഷ വിമർശനം

'സത്യം മറച്ചുവെയ്ക്കുന്നു'-എപ്സ്റ്റീൻ കേസിൽ ഹോവാർഡ് ലട്ട്‌നിക്കിനെതിരെ ഡെമോക്രാറ്റുകളുടെ രൂക്ഷ വിമർശനം


വാഷിംഗ്ടൺ: ഹോവാർഡ് ലട്ട്‌നിക്കിനെതിരെ അമേരിക്കൻ ഡെമോക്രാറ്റ് നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെ അന്വേഷണത്തിനിടെ ലട്ട്‌നിക് നൽകിയ മൊഴിയിൽ നിരവധി കാര്യങ്ങളിൽ മൗനവും ചിലമറുപടികളിൽ വ്യക്തതയില്ലായ്മയും ഉണ്ടായിരുന്നുവെന്നാണ് ആരോപണം. 'അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ഒളിച്ചുപിടിക്കലിന് കൂട്ടുനിൽക്കുന്ന പത്തോളജിക്കൽ കള്ളനാണ് ലട്ട്‌നിക്' എന്നാണ് ചില ഡെമോക്രാറ്റ് അംഗങ്ങൾ ആരോപിച്ചത്.

ജെഫ്രി എപ്സ്റ്റാനുമായുള്ള ബന്ധം താൻ വർഷങ്ങൾക്കുമുമ്പ് തന്നെ അവസാനിപ്പിച്ചുവെന്നാണ് ലട്ട്‌നിക് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ എപ്സ്റ്റീൻ ഫയലുകളിൽ പുറത്തുവന്ന രേഖകൾ പ്രകാരം പിന്നീട് പോലും ഇരുവരും ബന്ധം തുടർന്നിരുന്നുവെന്ന സൂചനകളുണ്ട്. 2012ൽ എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദർശിച്ചതായും ലട്ട്‌നിക് ഈ വർഷം സമ്മതിച്ചിരുന്നു.

അടച്ചിട്ട മുറിയിലായിരുന്നു ചോദ്യംചെയ്യൽ നടന്നത്. അഭിമുഖം വീഡിയോയായി രേഖപ്പെടുത്താതിരുന്നതിനെയും ഡെമോക്രാറ്റുകൾ വിമർശിച്ചു. ദ്വീപിൽ പോയതെന്തിനെന്ന ചോദ്യത്തിന്  ലട്ട്‌നിക് പറഞ്ഞ് ഓർമയില്ലെന്നാണെന്ന് പറഞ്ഞത് 'അമ്പരപ്പിക്കുന്ന മറുപടി'യാണെന്ന് പ്രതിനിധി സുഹാസ് സുബ്രഹ്മണ്യം പ്രതികരിച്ചു. ചിത്രങ്ങളും ഇമെയിലുകളും പുറത്തുവന്നതോടെയാണ് ലട്ട്‌നിക്കിന്റെ സന്ദർശനം വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

യസാമിൻ അൻസാരിയും ലട്ട്‌നിക്കിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. 2008ൽ എപ്സ്റ്റീനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണം ദേശീയതലത്തിൽ വലിയ വാർത്തയായിരുന്നുവെന്നും, അത്തരമൊരു വിവരം തനിക്കറിയില്ലായിരുന്നുവെന്ന ലട്ട്‌നിക്കിന്റെ വാദം വിശ്വസിക്കാനാകില്ലെന്നും അവർ പറഞ്ഞു.

അതേസമയം ഡെമോക്രാറ്റുകളുടെ ആരോപണങ്ങൾ  ഹൗസ് ഓവർസൈറ്റ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോമർ തള്ളി. അന്വേഷണത്തിൽ ലട്ട്‌നിക് വളരെ തുറന്ന നിലപാടാണ് സ്വീകരിച്ചതെന്നും, കുടുംബത്തോടൊപ്പം ദ്വീപിൽ പോയ കാര്യം അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും കോമർ പറഞ്ഞു. കോൺഗ്രസിനോട് കള്ളം പറയുന്നത് കുറ്റകരമാണെന്നും തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എപ്സ്റ്റീൻ അന്വേഷണത്തിൽ മൊഴി നൽകുന്ന ആദ്യ കാബിനറ്റ് അംഗമാണ് ലട്ട്‌നിക്. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ എന്നിവർ ഇതിനകം കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു. മുൻ അറ്റോർണി ജനറൽ പാം ബോണ്ടി ഈ മാസം അവസാനം മൊഴി നൽകുമെന്നാണ് റിപ്പോർട്ട്.