പാസ്റ്റര്‍ മാത്യു ഫിലിപ്പ് ജോര്‍ജിയ സ്റ്റേറ്റ് ഹൗസില്‍ മത്സര രംഗത്ത്

പാസ്റ്റര്‍ മാത്യു ഫിലിപ്പ് ജോര്‍ജിയ സ്റ്റേറ്റ് ഹൗസില്‍ മത്സര രംഗത്ത്


അറ്റ്‌ലാന്റ: അറ്റ്‌ലന്റയില്‍ താമസിക്കുന്ന ഒന്നാം തലമുറ അമേരിക്കന്‍ പൗരനായ പാസ്റ്റര്‍ മാത്യു ഫിലിപ് ജോര്‍ജ്ജിയ സ്‌റ്റേറ്റ് ഹൗസ് ഡിസ്ട്രിക്ട് 25 തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി പ്രഖ്യാപിച്ചു. ബിസിനസ് എക്‌സിക്യൂട്ടീവും പാസ്റ്ററും കമ്മ്യൂണിറ്റി ലീഡറുമാണ് അദ്ദേഹം. 

പൊളിറ്റിക്‌സിനേക്കാള്‍ ആളുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലാണ് അദ്ദേഹത്തിന്റെ ക്യാമ്പയില്‍ കേന്ദ്രീകരിക്കുന്നത്. 

മെയ് 19ന് റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മാത്യു ഫിലിപ്പ് മത്സരിക്കും. മൂന്ന് ദശാബ്ദത്തിലധികം കോര്‍പ്പറേറ്റ് അനുഭവമുള്ള ഫിലിപ്പ്, സീനിയര്‍ മാനേജ്‌മെന്റ് റോളുകളില്‍ ടീമുകള്‍ നയിക്കുകയും ബജറ്റുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തതിന് പുറമേ തന്ത്രപരമായ പ്ലാനിംഗ്, പ്രവര്‍ത്തനക്ഷമത, ഉത്തരവാദിത്വം എന്നിവ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. 

യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജിയ ടെറി കോളജ് ഓഫ് ബിസിനസില്‍ നിന്ന് എം ബി എ നേടിയ അദ്ദേഹം പ്രദേശത്തെ ഹോംഓണേഴ്‌സ് അസോസിയേഷന്‍ ബോര്‍ഡ് അംഗവും പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

കാമിംഗില്‍ ബഹുസാംസ്‌കാരിക സഭയുടെ പാസ്റ്ററായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് വിവിധ പശ്ചാത്തലങ്ങളുള്ള കുടുംബങ്ങളുമായി ചേര്‍ന്ന് സുരക്ഷിത സമൂഹങ്ങള്‍, ശക്തമായ സ്‌കൂളുകള്‍, കുട്ടികള്‍ക്ക് അവസരങ്ങള്‍ എന്നിവ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ്. തന്റെ ഹൃദയം എല്ലായ്‌പോഴും സമൂഹത്തിലെ ആളുകളിലേക്കായിരുന്നുവെന്നാണ് അദ്ദേഹം തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പറഞ്ഞത്. 

തെരഞ്ഞെടുക്കപ്പെട്ടാല്‍ വീടുകള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിലും ഉയര്‍ന്ന ജീവിത ചെലവില്‍ നിന്നുള്ള വിടുതിയുമായിരിക്കും പ്രധാനമായി കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളെന്ന് അദ്ദേഹം പറഞ്ഞു.