അമേരിക്കയുടെ പുതിയ ഗ്രീന്‍ കാര്‍ഡ് നയത്തില്‍ ഭാഗിക പിന്മാറ്റം; ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ആശ്വാസം

അമേരിക്കയുടെ പുതിയ ഗ്രീന്‍ കാര്‍ഡ് നയത്തില്‍ ഭാഗിക പിന്മാറ്റം; ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ആശ്വാസം


വാഷിങ്ടണ്‍: ഗ്രീന്‍ കാര്‍ഡ് നേടാന്‍ ശ്രമിക്കുന്ന വിദേശ പൗരന്മാര്‍ക്ക് തിരിച്ചടിയായിരുന്ന പുതിയ കുടിയേറ്റ നയത്തില്‍ നിന്ന് അമേരിക്ക ഭാഗികമായി പിന്മാറി. ഇതോടെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രൊഫഷണലുകള്‍ക്ക് ആശ്വാസമായി.

താത്ക്കാലിക വിസകളില്‍ കഴിയുന്ന വിദേശികള്‍ക്ക് സ്ഥിര താമസാവകാശമായ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുന്ന പുതിയ നയപ്രഖ്യാപനം യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്  വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു.

പുതിയ നയപ്രകാരം താത്ക്കാലിക വിസയില്‍ അമേരിക്കയില്‍ തുടരുന്നവര്‍ക്ക് അവിടെ നിന്നുകൊണ്ട് സ്റ്റാറ്റസ് മാറ്റത്തിന് അപേക്ഷിക്കാനാകില്ലെന്നും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി യു എസ് എംബസിയിലൂടെയോ കോണ്‍സുലേറ്റിലൂടെയോ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കണമെന്നുമായിരുന്നു നിര്‍ദേശം.

എന്നാല്‍, നയം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അതില്‍ ഭാഗിക ഭേദഗതി വരുത്തി. സാമ്പത്തിക ഗുണം, ദേശീയ താത്പര്യംഎന്നീ രണ്ട് ഒഴിവുകള്‍ പുതിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തി.

സ്റ്റാറ്റസ് മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ കോണ്‍ഗ്രസിന്റെ ഉദ്ദേശം വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്  ആ ഉദ്ദേശം വീണ്ടും ഉറപ്പിക്കുകയാണ്. സാമ്പത്തിക ഗുണമോ ദേശീയ താത്പര്യമോ തെളിയിക്കുന്ന അപേക്ഷകര്‍ നിലവിലെ നടപടിക്രമം തുടരാന്‍ സാധ്യതയുണ്ട്. മറ്റു ചിലര്‍ക്ക് വ്യക്തിഗത സാഹചര്യങ്ങള്‍ അനുസരിച്ച് വിദേശത്ത് നിന്ന് അപേക്ഷിക്കേണ്ടിവരുമെന്നും യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വക്താവ് സാക് കാഹ്ലര്‍ വ്യക്തമാക്കി.

പരിഷ്‌കരണത്തിന് കീഴില്‍ ആര്‍ക്കൊക്കെ ഇളവുകള്‍ ലഭിക്കുമെന്നോ അര്‍ഹതയുണ്ടെന്നോ യു എസ് അധികാരികള്‍ വിശദീകരിച്ചിട്ടില്ല.