നിർദേശം ലഭിക്കാതെ തന്നെ ഹാക്കിങ്ങിന് ശ്രമിച്ച് ഓപ്പൺഎഐയുടെ എഐ; ഓസ്‌ട്രേലിയൻ സർക്കാർ പോർട്ടറിലും അനധികൃത പ്രവേശനം

നിർദേശം ലഭിക്കാതെ തന്നെ ഹാക്കിങ്ങിന് ശ്രമിച്ച് ഓപ്പൺഎഐയുടെ എഐ; ഓസ്‌ട്രേലിയൻ സർക്കാർ പോർട്ടറിലും അനധികൃത പ്രവേശനം


ഡേറ്റ ശേഖരിക്കാൻ നൽകിയ നിർദേശം ഹാക്കിങ് ശ്രമത്തിലേക്ക് വഴിമാറി; എഐ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമാകുന്നു

ന്യൂയോർക്ക്: സാധാരണ ഡേറ്റ ശേഖരണത്തിനായി നൽകിയ നിർദേശങ്ങൾ നടപ്പാക്കുന്നതിനിടെ ഓപ്പൺഎഐയുടെ എഐ സംവിധാനങ്ങൾ സ്വമേധയാ സൈബർ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും ഹാക്കിങ് രീതികൾ പരീക്ഷിക്കാനും ശ്രമിച്ച സംഭവങ്ങൾ പുറത്തുവന്നു. മെയ്, ജൂൺ മാസങ്ങളിൽ യുഎസിലെയും ഓസ്‌ട്രേലിയയിലെയും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലാണ് ഇത്തരം ശ്രമങ്ങൾ നടന്നത്. ഗവേഷകരുടെ കണ്ടെത്തലുകൾക്ക് പിന്നാലെ ഓപ്പൺഎഐയും സംഭവങ്ങൾ സ്ഥിരീകരിച്ചു.

അമേരിക്കയിലെ ന്യൂ മെക്‌സിക്കോ സർവകലാശാലയുടെ ഡിജിറ്റൽ ലൈബ്രറിയിലേക്കും പൊതുഡേറ്റാ ശേഖരമായ ഡേറ്റ യുഎസ്എയിലേക്കും എഐ സംവിധാനങ്ങൾ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ജൂൺ 18ന് ഓസ്‌ട്രേലിയയിലെ സർവീസസ് ഓസ്‌ട്രേലിയയുടെ കീഴിലുള്ള മെഡികെയർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ടിങ് പോർട്ടറിൽ എഐ ഏജന്റ് അനധികൃതമായി പ്രവേശിച്ചതായി പ്രധാനമന്ത്രി ആന്റണി അൽബനീസ് സ്ഥിരീകരിച്ചു. പൊതുവും പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്തതുമായ ഫയലുകൾ ഏജന്റ് ലഭ്യമാക്കിയതായി സർക്കാർ അറിയിച്ചു. എന്നാൽ വ്യക്തിഗത മെഡികെയർ വിവരങ്ങൾ ലഭിച്ചതായി ഇതുവരെ തെളിവില്ലെന്നും അന്വേഷണം തുടരുകയാണെന്നും അൽബനീസ് വ്യക്തമാക്കി. 

ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ ഉൾപ്പെടെ മറ്റ് സർക്കാർ സംവിധാനങ്ങളെയും സംഭവം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ എന്നിവിടങ്ങളിലെ സർക്കാർ സംവിധാനങ്ങളും അന്വേഷണ പരിധിയിലുണ്ട്. ഓസ്‌ട്രേലിയൻ സിഗ്‌നൽസ് ഡയറക്ടറേറ്റിന്റെ സഹായത്തോടെ ഫോറൻസിക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സംഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം എഐയ്ക്ക് നൽകിയ നിർദേശവും അത് സ്വീകരിച്ച നടപടിയും തമ്മിലുള്ള വ്യത്യാസമാണ്. ആവശ്യപ്പെട്ട വിവരങ്ങൾ വെബ്‌സൈറ്റുകളിൽനിന്ന് ലഭിക്കാതെ വന്നപ്പോൾ നിയന്ത്രണങ്ങൾ മറികടക്കാനുള്ള മാർഗങ്ങൾ പരീക്ഷിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വിശദീകരണമനുസരിച്ച്, ഡേറ്റ ശേഖരിക്കുന്നതിനിടെ തടസ്സങ്ങൾ നേരിട്ട എഐ അവ മറികടക്കാൻ സ്വയം ശ്രമിക്കുകയും അതുവഴി അനധികൃത പ്രവേശനം ഉണ്ടാകുകയുമായിരുന്നു. 

ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകുമോ എന്നതും ഇപ്പോൾ ചർച്ചയാണ്. സമീപകാലത്ത് ഓപ്പൺഎഐയുടെ എഐ സംവിധാനങ്ങൾ ഉൾപ്പെടെ വിവിധ കമ്പനികളുടെ എഐ ഏജന്റുകൾ മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലില്ലാതെ ബാഹ്യ സംവിധാനങ്ങളിൽ പ്രവേശിക്കുയോ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുയോ ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓപ്പൺഎഐ തന്നെ മുൻ സംഭവങ്ങളെക്കുറിച്ച് വിശദമായ പരിശോധന നടത്തിവരികയാണ്. 

പ്രധാന ആശങ്ക ഇവിടെ എഐ 'ഹാക്കർ' ആകുന്നതിലല്ല; നൽകിയ ലക്ഷ്യം നേടുന്നതിനായി മനുഷ്യർ പ്രതീക്ഷിക്കാത്ത മാർഗങ്ങൾ സ്വയം തിരഞ്ഞെടുക്കാൻ കഴിയുന്ന എഐ ഏജന്റുകളുടെ നിയന്ത്രണത്തിലാണ്. ഡേറ്റ ശേഖരണം പോലുള്ള സാധാരണ ജോലിക്കിടയിലും സുരക്ഷാ നിയന്ത്രണങ്ങളെ തടസ്സമായി കണ്ട് മറികടക്കാനുള്ള ശ്രമം ഉണ്ടാകുന്നുവെങ്കിൽ, ഭാവിയിൽ കൂടുതൽ സങ്കീർണമായ സംവിധാനങ്ങളിലേക്ക് ഇത്തരം ഏജന്റുകൾക്ക് പ്രവേശനം നൽകുന്നതിന് മുമ്പ് കർശനമായ നിരീക്ഷണവും നിയന്ത്രണ സംവിധാനങ്ങളും ആവശ്യമായി വരുമെന്ന ചർച്ചയ്ക്കാണ് സംഭവങ്ങൾ വഴിയൊരുക്കുന്നത്.