വിര്‍ജീനിയ: വിര്‍ജീനിയയില്‍ ഷെറിഫ് ഡപ്യൂട്ടിമാര്‍ക്ക് നേരെയുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടിയതായി കരോള്‍ കൗണ്ടി ഷെരീഫ്‌സ് ഓഫീസ് അറിയിച്ചു മൈക്കിള്‍ പുക്കെറ്റ്(55) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സറി കൗണ്ടിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവര്‍ക്ക് നേരത്തെ 60,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച രാവിലെ സറി കൗണ്ടിയിലെ വന്യജീവി നിരീക്ഷണ ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കിയത്.
വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9:26-ഓടെ ഒരു വീട്ടില്‍ രണ്ട് ഡെപ്യൂട്ടിമാർ വെൽഫയർ ചെക്ക് ചെയ്യുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
ഡെപ്യൂട്ടിമാർ തിരിച്ചുവെടിവെച്ചെങ്കിലും പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ലോഗാന്‍ യുത്ത് എന്ന ഡെപ്യൂട്ടിയാണ് കൊല്ലപ്പെട്ടത്. 2023 മുതല്‍ ഇദ്ദേഹം ഷെരീഫ് ഓഫീസില്‍ സേവനം ചെയ്തു വരികയായിരുന്നു. വെടിവയ്പിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലവും പ്രേരണയും സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
വിര്‍ജീനിയയില്‍ ഷെറിഫ് ഡെപ്യൂട്ടിമാര്‍ക്ക് നേരെ വെടിവെയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
